IPL 2022: ബാറ്റിംഗ് വെടിക്കെട്ടുമായി അശ്വിന്‍, ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി രാജസ്ഥാന്‍ രണ്ടാമത്

By Gopalakrishnan CFirst Published May 20, 2022, 11:27 PM IST
Highlights

44 പന്തില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച അശ്വിന്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത് രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സ്(RR vs CSK) പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി. ലീഘ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ഇടക്കൊന്ന് പതറിയെങ്കിലും അശ്വിന്‍റെ പോരാട്ടവീര്യത്തില്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

44 പന്തില്‍ 59 റണ്‍സടിച്ച ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. മധ്യനിര തകര്‍ന്നടിഞ്ഞപ്പോള്‍ തകര്‍ത്തടിച്ച അശ്വിന്‍ പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത് രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സഞ്ജു സാംസണ്‍ 15 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ജോസ് ബട്‌ലര്‍(2) വീണ്ടും നിരാശപ്പെടുത്തി. സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 150-6, രാജസ്ഥാന്‍ റോയല്‍സ് 19.4 ഓവറില്‍ 151-5.

ജയത്തോടെ പോയന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിച്ച രാജസ്ഥാന്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇതില്‍ തോറ്റാലും എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി രാജസ്ഥാന് രണ്ടാം ക്വാളിഫയറില്‍ കളിക്കാനാകും. ഇതില്‍ ജയിച്ചാല്‍ ഫൈനലിലെത്താം.

ജോസേട്ടന് വീണ്ടും പിഴച്ചു, സഞ്ജുവും നിരാശപ്പെടുത്തി

തകര്‍പ്പന്‍ ഫോമിലായിരുന്ന ജോസ് ബട്‌ലര്‍ നിറം മങ്ങിയത് രാജസ്ഥാന് വീണ്ടും തിരിച്ചടിയായി. രണ്ട് റണ്‍സെടുത്ത ബട്‌ലര്‍ രണ്ടാം ഓവറില്‍ മടങ്ങി. വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ യശസ്വി ജയ്‌സ്വാളുമൊത്ത് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി. ഒരിക്കല്‍  കൂടി തകര്‍പ്പന്‍ തുടക്കമിട്ടശേഷം സഞ്ജു ഇത്തവണയും അമിതാവേശത്തില്‍ വിക്കറ്റ് കളഞ്ഞു. മിച്ചല്‍ സാന്‍റ്നറെ ബൗണ്ടറി കടത്താനായി ചാടിയിറങ്ങി സ്ട്രൈറ്റ് ഷോട്ട് കളിച്ച സ‍ഞ്ജുവിനെ സാന്‍റനര്‍ അവിശ്വസനീയമായി പിടികൂടി. 20 പന്തില്‍ 15 റണ്‍സെടുക്കാനെ സഞ്ജുവിനായുള്ളു.

ദേവ്ദത്ത് പടിക്കലും(3) നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അഞ്ചാം നമ്പറിലെത്തി അശ്വിനും ജയ്‌സ്വാളും ചേര്‍ന്ന് രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് കരുതിയിരിക്കെ ജയ്‌സ്വാളിനെയും(44 പന്തില്‍ 59) ഹെറ്റ്മെയറെ(6) വീഴ്ത്തി സോളങ്കി രാജസഥാന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായെങ്കിലും അശ്വിന്‍റെ അവസരോചിത ബാറ്റിംഗ് രാജസ്ഥാനെ വിജയവര കടത്തി.

മൂന്ന് സിക്സും രണ്ട് ഫോറും പറത്തിയാണ് അശ്വിന്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്നത്. 10 പന്തില്‍ 10 റണ്‍സെടുത്ത റിയാന്‍ പരാഗ് അശ്വിന് പിന്തുണ നല്‍കി. ചെന്നൈക്കായി പ്രശാന്ത് സോളങ്കി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ മൊയീന്‍ അലിയുടെ(Moeen Ali) തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തി ഭേദപ്പെട്ട സ്കോര്‍ നേടിയത്. 57 പന്തില്‍ 93 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ധോണി 28 പന്തില്‍ 26 റണ്‍സെടുത്തു. രാജസ്ഥാനുവേണ്ടി ചാഹലും മക്കോയിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

click me!