IPL 2022: ഒറ്റക്കടിച്ച് മൊയീന്‍ അലി, ചെന്നൈക്കെതിരെ രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം

By Gopalakrishnan CFirst Published May 20, 2022, 9:30 PM IST
Highlights

ആദ്യ മൂന്നോവറില്‍ 12 റണ്‍സ് മാത്രമടിച്ച ചെന്നൈയെ മൊയീന്‍ അലി ഒറ്റക്ക് തോളിലേറ്റി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ നാലാം ഓവറില്‍ 18 റണ്‍സടിച്ച മൊയീന്‍ അലി അശ്വിന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 16ഉം, ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 26 ഉം റണ്‍സടിച്ച് 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈയെ പവര്‍ പ്ലേയില്‍ 75 റണ്‍സിലെത്തിച്ചു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) മൊയീന്‍ അലിയുടെ(Moeen Ali) തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈക്ക്(RR vs CSK) ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. 57 പന്തില്‍ 93 റണ്‍സെടുത്ത മൊയീന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. ധോണി 28 പന്തില്‍ 26 റണ്‍സെടുത്തു. രാജസ്ഥാനുവേണ്ടി ചാഹലും മക്കോയിയും രണ്ട് വിക്കറ്റ് വീതമെടുത്തു.

തകര്‍ന്ന് തുടങ്ങി, പിന്നെ തകര്‍ത്തടിച്ചു

ടോസിലെ ഭാഗ്യം ചെന്നൈക്ക് ബാറ്റിംഗിലുണ്ടായില്ല. ആദ്യ ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദിനെ(2) ട്രെന്‍റ് ബോള്‍ട്ട് നായകന്‍ സഞ്ജു സാംസണിന്‍റെ കൈകളിലെത്തിച്ചു. ആദ്യ മൂന്നോവറില്‍ 12 റണ്‍സ് മാത്രമടിച്ച ചെന്നൈയെ മൊയീന്‍ അലി ഒറ്റക്ക് തോളിലേറ്റി. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ നാലാം ഓവറില്‍ 18 റണ്‍സടിച്ച മൊയീന്‍ അലി അശ്വിന്‍ എറിഞ്ഞ അഞ്ചാം ഓവറില്‍ 16ഉം, ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 26 ഉം റണ്‍സടിച്ച് 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചതിനൊപ്പം ചെന്നൈയെ പവര്‍ പ്ലേയില്‍ 75 റണ്‍സിലെത്തിച്ചു.

ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ചെന്നൈ പക്ഷെ എട്ടാം ഓവറില്‍ തകര്‍ന്നു തുടങ്ങി. ഡെവോണ്‍ കോണ്‍വെയെ(16) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതാണ് ചെന്നൈയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. ഒമ്പതാം ഓവറില്‍ ഒബേദ് മക്കോയ്, എന്‍ ജഗദീശനെ(1) മടക്കി.
11-ാം ഓവറില്‍ അംബാട്ടി റായുഡുവിനെ(1) യുസ്‌വേന്ദ്ര ചാഹലും മടക്കിയതോടെ ചെന്നൈയുടെ പോരാട്ടം അലിക്ക് ഒറ്റക്ക് ഏറ്റെടുക്കേണ്ടിവന്നു.

ധോണിയെ കൂട്ടുപിടിച്ച് ചെന്നൈയെ മൊയീന്‍ അലി 100 കടത്തി. ആറോവറില്‍ 75 റണ്‍സിലെത്തിയ ചെന്നൈ 12-ാം ഓവറിലാണ് 100 കടന്നത്. ഇതിനിടെ ചാഹലിന്‍റെ പന്തില്‍ ധോണിക്ക് ജീവന്‍ ലഭിച്ചത് ചെന്നൈക്ക് അനുഗ്രഹമായി. 46 പന്തുകള്‍ ബൗണ്ടറിയില്ലാതെ കടന്നുപോയശേഷം പതിനഞ്ചാം ഓവറിലാണ് ധോണി ചെന്നൈക്കായി ഒരു ബൗണ്ടറി നേടിയത്. പത്തൊമ്പതാം ഓവറില്‍ ധോണിയും(28 പന്തില്‍ 26) ഇരുപതാം ഓവറില്‍ മൊയീന്‍ അലിയും(57 പന്തില്‍ 93) മടങ്ങിയതോടെ ചെന്നൈ സ്കോര്‍ 150ല്‍ ഒതുങ്ങി.

19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച മൊയീന്‍ അലിക്ക് പിന്നീട് നേരിട്ട 38 പന്തില്‍ 43 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ആദ്യ ആറോവറില്‍ 75 റണ്‍സടിച്ച ചെന്നൈ പിന്നീടുള്ള 14 ഓവറില്‍ 75 റണ്‍സെ നേടിയുള്ളു. രാജസ്ഥാനുവേണ്ടി മക്കോയ് നാലോവറില്‍ 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

click me!