IPL 2022 : 'ധോണിയുടെ അവസാന മത്സരമല്ല ഇന്ന്'; കാരണം സഹിതം അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി മുന്‍താരം

By Jomit JoseFirst Published May 20, 2022, 3:22 PM IST
Highlights

ധോണിയുടെ അവസാന ഐപിഎൽ മത്സരമാകുമോ രാജസ്ഥാനെതിരെയെന്ന് ക്രിക്കറ്റ് വിദഗ്‌ധരടക്കം സംശയം പ്രകടിപ്പിക്കുന്നുണ്ട്

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ(Chennai Super Kings) ഇതിഹാസ നായകന്‍ എം എസ് ധോണിയുടെ(MS Dhoni) അവസാന ഐപിഎല്‍(IPL) മത്സരമാണ് ഇന്നത്തേത് എന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ(RR vs CSK) മത്സരത്തോടെ ധോണി സിഎസ്‌കെ(CSK) ജേഴ്‌‌സി അഴിക്കും എന്നാണ് പല ആരാധകരും പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് നിരവധി ട്വീറ്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

എന്നാല്‍ ഈ ട്വീറ്റുകള്‍ വിശ്വസിക്കരുതെന്നും ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ കാണുമെന്നുമാണ് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്രയുടെ പ്രവചനം. 'അടുത്ത സീസണിലേക്ക് പുതിയ നായകനെ സിഎസ്‌കെ നോക്കും, എന്നാല്‍ പുതിയ ക്യാപ്റ്റനെ സഹായിക്കാന്‍ ധോണി അടുത്ത സീസണിലും ടീമില്‍ കാണും' എന്നാണ് ചോപ്ര പറയുന്നത്. 

ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിച്ച രാജസ്ഥാൻ റോയൽസാണ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ എതിരാളികള്‍. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. ഒന്നാം ക്വാളിഫയർ ഉറപ്പിക്കാൻ ജയിക്കണം രാജസ്ഥാന്. ചെറിയ മാർജിനില്‍ തോറ്റാലും രാജസ്ഥാന് അവസാന നാലിൽ സ്ഥാനമുറപ്പാണ്. അവസാന മത്സരത്തിൽ ആശ്വാസ ജയത്തിനായി ഇറങ്ങുന്ന ചെന്നൈക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അവസാന രണ്ട് മത്സരങ്ങളും തോറ്റാണ് ചെന്നൈ വരുന്നത്. 

നേർക്കുനേർ പോരിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനാണ് മുൻതൂക്കം. 25 കളിയിൽ 15ൽ ചെന്നൈയും 10ൽ രാജസ്ഥാനും ജയിച്ചു. എന്നാല്‍ ഈ സീസണില്‍ 13 മത്സരങ്ങളില്‍ നാല് ജയവും എട്ട് പോയിന്‍റും മാത്രമായി ഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്ന ചെന്നൈക്ക് 16 പോയിന്‍റുമായി മൂന്നാമതുള്ള രാജസ്ഥാനെ മറികടക്കുക എളുപ്പമായിരിക്കില്ല. 

ധോണിയുടെ അവസാന ഐപിഎൽ മത്സരമാകുമോ രാജസ്ഥാനെതിരെയെന്ന് ക്രിക്കറ്റ് വിദഗ്‌ധരടക്കം സംശയം പ്രകടിപ്പിക്കുന്നു. 40 വയസുകാരനായ എം എസ് ധോണിക്ക് ഈ സീസണില്‍ 13 മത്സരങ്ങളില്‍ 34.33 ശരാശരിയിലും 128.75 സ്‌ട്രൈക്ക്‌റേറ്റിലും 206 റണ്‍സാണ് സമ്പാദ്യം. പുറത്താകാതെ നേടിയ 50* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ കരിയറിലാകെ 233 മത്സരങ്ങളില്‍ 39.30 ശരാശരിയിലും 135.52 പ്രഹരശേഷിയിലും 4952 റണ്‍സ് ധോണിക്കുണ്ട്. 24 അര്‍ധസെഞ്ചുറികള്‍ നേടിയപ്പോള്‍ 84* ആണ് ഉയര്‍ന്ന സ്‌കോര്‍. 

IPL 2022 : 'തല'യൊഴിയുമോ, സിഎസ്‌കെ കുപ്പായത്തില്‍ എം എസ് ധോണിക്ക് ഇന്ന് അവസാന മത്സരം?
 

click me!