IPL 2022 : അർധസെഞ്ചുറി കൊണ്ട് ആറാടി ആറായിരം ക്ലബിലേക്ക്; ചരിത്രമെഴുതി ശിഖർ ധവാന്‍

By Web TeamFirst Published Apr 26, 2022, 8:52 AM IST
Highlights

6402 റൺസെടുത്ത വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 5764 റൺസുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) മറ്റൊരു നാഴികക്കല്ല് പിന്നിട്ട് പഞ്ചാബ് കിംഗ്സ് (Punjab Kings) ഓപ്പണർ ശിഖർ ധവാൻ (Shikhar Dhawan). ഐപിഎല്ലിൽ ആറായിരം റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തില്‍ (PBKS vs CSK) ധവാൻ സ്വന്തമാക്കി. ഇരുന്നൂറാം മത്സരത്തിലാണ് ധവാന്‍റെ നേട്ടം. 

6402 റൺസെടുത്ത വിരാട് കോലിയാണ് റൺവേട്ടക്കാരിൽ ഒന്നാമൻ. 5764 റൺസുമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയാണ് മൂന്നാം സ്ഥാനത്ത്. 5668 റൺസുള്ള ഡേവിഡ് വാർണറാണ് റൺവേട്ടക്കാരിൽ മുന്നിലുള്ള വിദേശ താരം. മറ്റൊരു നേട്ടം കൂടി മത്സരത്തില്‍ ധവാന്‍ പേരിലാക്കി. ട്വന്‍റി 20യിൽ 9000 റൺസ് ക്ലബ്ബിൽ കോലിക്കും രോഹിത്തിനും ശേഷം ഇടംപിടിക്കാനും ധവാനായി. ഐപിഎല്ലില്‍ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ബാറ്റര്‍ ധവാനാണ്. 675 ബൗണ്ടറികള്‍. 52 അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറിന് ശേഷം രണ്ടാം സ്ഥാനത്ത് ധവാന്‍ നില്‍ക്കുന്നു. 45 ഫിഫ്റ്റികളാണ് ധവാന്‍റെ പേരിലുള്ളത്. 

പഞ്ചാബ് കിംഗ്സിനായി ധവാന്‍ തകർത്തടിച്ച മത്സരത്തില്‍ നിലവിലെ ഐപിഎല്‍ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ആറാം തോൽവി നേരിട്ടു. പഞ്ചാബ് കിംഗ്സ് 11 റൺസിന് ചെന്നൈയെ തോൽപിക്കുകയായിരുന്നു. പഞ്ചാബിന്റെ 187 റൺസ് പിന്തുടർ‍ന്ന ചെന്നൈയ്ക്ക് ആറ് വിക്കറ്റിന് 176 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തില്‍ 78 റണ്‍സെടുത്ത അമ്പാട്ടി റായുഡുവിന്‍റെ പോരാട്ടം പാഴായി. അവസാന ഓവറില്‍ ക്രീസിലുണ്ടായിട്ടും എം എസ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും ടീമിനെ ജയിപ്പിക്കാനായില്ല.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഭാനുക രജപക്സെ(42)യും പഞ്ചാബിനായി തിളങ്ങി. ധവാനാണ് കളിയിലെ താരം. 

IPL 2022: ഫിനിഷ് ചെയ്യാനാവാതെ ധോണി, ചെന്നൈയെ വീഴ്ത്തി പഞ്ചാബ്

click me!