IPL 2022 : ശ്രീശാന്ത് ഐപിഎല്ലിലൂടെ തിരിച്ചുവരവിന്, അടിസ്ഥാന വിലയറിയാം; മെഗാലേലത്തിന് 1214 താരങ്ങള്‍

By Web TeamFirst Published Jan 22, 2022, 3:13 PM IST
Highlights

50 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നതിനാല്‍ തനിക്കു ഇത്തവണ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. 

ബെഗളൂരു: ഐപിഎല്ലിനുള്ള തിരിച്ചുവരവിനൊരുങ്ങി മലയാളി പേസര്‍ എസ് ശ്രാശാന്ത് (S Sreesanth). വരാനിരിക്കുന്ന ഐപിഎല്‍ മെഗാതാരലേലത്തില്‍ ശ്രീശാന്തും പേര് രജിസ്റ്റര്‍ ചെയ്തു. 50 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില. ഫ്രാഞ്ചൈസികളുടെ എണ്ണം എട്ടില്‍ നിന്നും പത്തായി ഉയര്‍ന്നതിനാല്‍ തനിക്കു ഇത്തവണ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം. 

2013ലാണ് ശ്രീശാന്ത് ഐപിഎല്‍ കളിച്ചത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നത് (Rajasthan Royals). ആ സീസണില്‍ തന്നെയാണ് ശ്രീശാന്ത് സ്‌പോട്ടd ഫിക്‌സിംഗ് വിവാദത്തില്‍ കുടുങ്ങിയത്. പിന്നാലെ ബിസിസിഐ താരത്തിന് വിലക്കേര്‍പ്പെടുത്തി. പിന്നീട് നടത്തിയ നിയമ പോരാട്ടത്തിന് ശേഷം 2020ലാണ് അദ്ദേഹത്തിന് നീതി ലഭിച്ചത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ചുരുക്കപട്ടിക തയ്യാറാക്കിയപ്പോള്‍ പേര് വെട്ടുകയായിരുന്നു.

ദേവ്ദത്തിന് രണ്ട് കോടി

മലയാളി ദേവ്ദത്ത് പടിക്കല്‍ തന്റെ അടിസ്ഥാനവില രണ്ട് കോടിയാക്കി ഉയര്‍ത്തിയതാണ് പ്രധാന സവിശേഷത. 019ലെ ലേലത്തില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ 20 ലക്ഷം മാത്രമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ആര്‍സിബി ഓപ്പണറായിരുന്നു ദേവ്ദത്ത്. മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തെ ഇത്തവണ കൈവെടിയുകയായിരുന്നു. 

ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍, ദീപക് ചാഹര്‍, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ഷല്‍ പട്ടേല്‍, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ ടാക്കൂര്‍, റോബിന്‍ ഉത്തപ്പ, ഉമേഷ് യാദവ് എന്നിവര്‍ക്കെല്ലാം രണ്ട് കോടിയാണ് അടിസ്ഥാനവില.

ക്രിസ് ഗെയ്ല്‍ ഇത്തവണയില്ല

അതേസമയം വെറ്ററന്‍ താരം ക്രിസ് ഗെയ്ല്‍ ഇത്തവണ ഐപിഎല്ലിനില്ല. അദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഷാകിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, സാം ബില്ലിങ്സ്, ക്രിസ് ജോര്‍ദന്‍, മാര്‍ക്ക് വുഡ്, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍, ക്വിന്റണ്‍ ഡികോക്ക്, ഫാഫ് ഡുപ്ലെസി തുടങ്ങിയ വിദേശ താരങ്ങള്‍ക്കെല്ലാം രണ്ട് കോടിയാണ് അടിസ്ഥാന വില. 

മെഗാ ലേലത്തില്‍ ആകെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1214 കളിക്കാരാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഇതില്‍ 896 പേര്‍ ഇന്ത്യന്‍ താരങ്ങളും 318 പേര്‍ വിദേശ കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളിലെ 41 താരങ്ങളും ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

click me!