IPL 2022: ലഖ്നൗ ടീമിന്‍റെ ക്യാപ്റ്റനാവാന്‍ മറ്റാരെയും പരിഗണിച്ചില്ലെന്ന് ഗംഭീര്‍

By Web TeamFirst Published Jan 22, 2022, 3:04 PM IST
Highlights

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും സ്പിന്നര്‍ രവി ബിഷ്ണോയിയെയുമാണ് രാഹുലിന് പുറമെ ലഖ്നൗ ടീമിലെത്തിച്ചത്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ രാഹുലിന്‍റെ നായക മികവവ് ചോദ്യം ചെയ്യപ്പെടുമ്പോഴാണ് രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെ ന്യായീകരിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ലഖ്നൗ: ഐപിഎല്ലില്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുമ്പെ കെ എല്‍ രാഹുലിനെ(KL Rahul) ടീമിലെത്തിച്ച് നായകനാക്കിയ ലഖ്നൗ ടീമിന്‍റെ(Lucknow Team) തീരുമാനത്തെ ന്യായീകരിച്ച് ടീം മെന്‍ററായ ഗൗതം ഗംഭീര്‍(Gautam Gambhir). മെഗാ താരലേലത്തിന് മുമ്പ് മൂന്ന് കളിക്കാരെ പൂളില്‍ നിന്ന് തെരഞ്ഞെടുക്കാനുള്ള അവസരം വിനിയോഗിച്ചാണ് ലക്‌നൗ കെ എല്‍ രാഹുലിനെ ടീമിന്‍റെ നായകനായി തെരഞ്ഞെടുത്തത്.

ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിനെയും സ്പിന്നര്‍ രവി ബിഷ്ണോയിയെയുമാണ് രാഹുലിന് പുറമെ ലഖ്നൗ ടീമിലെത്തിച്ചത്. ഇന്ത്യന്‍ നായകനെന്ന നിലയില്‍ രാഹുലിന്‍റെ നായക മികവവ് ചോദ്യം ചെയ്യപ്പെടുമ്പോഴാണ് രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെ ന്യായീകരിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

രാഹുലിനെ ടീമിലെടുത്താല്‍ മൂന്ന് ഗുണങ്ങളുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. ഓപ്പണറെന്ന നിലയില്‍ കളിപ്പിക്കാനാവും, വിക്കറ്റ് കീപ്പറായി കളിപ്പിക്കാനാവും, അതുപോലെ ക്യാപ്റ്റനുമാക്കാനാവും. ക്യാപ്റ്റന്‍സി ഇനിയുമേറെ മെച്ചപ്പെടാനുണ്ടെങ്കിലും രാഹുലിലെ ബാറ്ററെ ഒരു ടീമിനും തള്ളിക്കളയാനാവില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. രാഹുലിനെ ക്യാപ്റ്റനാക്കാന്‍ ല‌ഖ്നൗ ടീമിന് അധികമൊന്നും തലപുകക്കേണ്ടിവന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

രാഹുലിന് പുറമെ ഓള്‍ റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനസിനെ ടീമിലെത്തിക്കാനുള്ള കാരണവും ഗംഭീര്‍ തുറന്നു പറഞ്ഞു. ബെന്‍ സ്റ്റോക്സ് ആയിരുന്നു ഓള്‍ റൗണ്ടറെന്ന നിലയില്‍ ല‌ഖ്നൗ ആദ്യം പരിഗണിച്ച പേരെങ്കിലും സ്റ്റോക്സ് ഐപിഎല്ലില്‍ കളിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് സ്റ്റോയിനിസിനെ ടീമിലെടുത്തത്. മികച്ച ഫിനിഷറുമാണ് സ്റ്റോയിനിസ്. സ്റ്റോക്സ് കളിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ സ്റ്റോയിനിസിനെയോ സ്റ്റോക്സിനെയോ പോലെ മികച്ച ഓള്‍ റൗണ്ടര്‍മാര്‍ അധികമൊന്നും ലേലത്തിനുണ്ടാവില്ലെന്നതും ടീം കണക്കിലെടുത്തു. മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന സ്റ്റോയിനിസിന് മികച്ച ഫിനിഷറാവാനും കഴിയുമെന്നും ഗംഭീര്‍ പറഞ്ഞു.

കഴിഞ്ഞ സീസണ്‍ വരെ പഞ്ചാബ് കിംഗ്സിന്‍റെ നായകനായിരുന്ന കെ എല്‍ രാഹുലിന് ഒരു സീസണില്‍ പോലും ടീമിനെ പ്ലേ ഓഫിലെത്തിക്കാനായില്ല. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യന്‍ നായകനായപ്പോഴും രാഹുലിന് ടീമിന് വിജയം സമ്മാനിക്കാനായില്ല. ഇതോടെയാണ് രാഹുലിന്‍റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ലേലത്തിന് മുമ്പ് 17 കോടി രൂപ നല്‍കിയാണ് ലഖ്നൗ രാഹുലിനെ ടീമിലെത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കളിക്കാരെ ടീമിലെത്തിച്ചതോടെ ഫെബ്രുവരി 13, 14 തീയതികളില്‍ നടക്കുന്ന മെഗാ താരലേലത്തില്‍ 58 കോടി രൂപയാണ് ലഖ്നൗ ടീമിന് പരമാവധി ചെലവഴിക്കാനാവുക.

click me!