
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഗുജറാത്ത് ടൈറ്റന്‍സിനെതിരെ(Sunrisers Hyderabad vs Gujarat Titans) സണ്‍റൈസേഴ്സ് ഹൈദരാബാദിന് എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.1ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെയും ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും നിക്കോളാസ് പുരാന്‍റെയും ബാറ്റിംഗ് മികവിലാണ് ഹൈദരാബാദ് സീസണിലെ രണ്ടാം ജയം കുറിച്ചത്. നാലു മത്സരങ്ങളില്‍ ഗുജറാത്തിന്‍റെ ആദ്യ തോല്‍വിയാണിത്. സ്കോര്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 162-7, സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.1 ഓവറില്‍ 168-2.
തുടക്കം കരുതലോടെ
ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കരുതലോടെയാണ് ഹൈദരാബാദ് ബാറ്റുവീശിയത്. പവര്‍ പ്ലേയിലെ ആദ്യ നാലോവറില്‍ 11 റണ്‍സ് മാത്രമടിച്ച ഹൈരദാബാദ് ഓപ്പണര്‍മാരായ കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയും അഞ്ചാം ഓവറില്‍ ഷമിക്കെതിരെ ആണ് ആദ്യ ബൗണ്ടറി അടിക്കുന്നത്. ഷമിക്കെതിരെ സിക്സും ഫോറും അടക്കം 14 റണ്‍സടിച്ച് റണ്‍വേഗം കൂട്ടിയ ഹൈദരാബാദ് ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ നാല് ബൗണ്ടറി അടക്കം 17 റണ്‍സടിച്ച് പവര്‍ പ്ലേയില്‍ 42 റണ്‍സിലെത്തി.
പവര്‍ പ്ലേക്ക് ശേഷം റാഷിദ് ഖാനെ സിക്സടിക്കാനുള്ള ശ്രമത്തില്‍ അഭിഷേക് ശര്‍മ(32 പന്തില്‍ 42) പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ അഭിഷേക്-വില്യംസണ്‍ സഖ്യം 64 റണ്‍സടിച്ചു. അഭിഷേകിന് പകരമെത്തിയ രാഹുല്‍ ത്രിപാഠിയും വില്യംസണും ചേര്‍ന്ന് ഹൈദരാബാദിന്‍റെ പ്രതീക്ഷ കാത്ത് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ പതിനൊന്നാം ഓവറിലും പന്ത്രണ്ടാം ഓവറിലും ഏഴ് റണ്‍സ് മാത്രം വഴങ്ങി ഗുജറാത്ത് ബൗളര്‍മാരായ റാഷിദ് ഖാനും ലോക്കി ഫെര്‍ഗൂസനും ഹൈദരാബാദിനെ വരിഞ്ഞു കെട്ടി.
എന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ പതിമൂന്നാം ഓവറില്‍ രണ്ട് സിക്സ് അടക്കം 16 റണ്‍സടിച്ച വില്യംസണ്‍ ഹൈദരാബാദിനെ ട്രാക്കിലാക്കി. രാഹുല്‍ തെവാട്ടിയ എറിഞ്ഞ പതിനാലാം ഓവറില്‍ 10 റണ്‍സടിച്ച് 100 കടന്ന ഹൈദരാബാദിനായി വില്യംസണ്‍ 42 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. വിജയത്തിനടുത്തെത്തിച്ച് വില്യംസണ്‍(46 പന്തില്‍ 57) മടങ്ങിയെങ്കിലും നിക്കോളാസ് പുരാനും(18 പന്തില്‍ 34*), ഏയ്ഡന്‍ മാര്‍ക്രവും(8 പന്തില്‍ 12*) ചേര്‍ന്ന് ഹൈദരാബാദിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഗുജറാത്തിനായി ലോക്കി ഫെര്‍ഗൂസനും ഹാര്‍ദ്ദിക് പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. 42 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. ഹൈദരാബാദിനായി നടരാജന്‍ രണ്ട് വിക്കറ്റെടുത്തു. അവസാന മൂന്നോവറില്‍ ഹാര്‍ദ്ദിക് ക്രീസിലുണ്ടായിട്ടും ഗുജറാത്തിന് തകര്‍ത്തടിക്കാനാവഞ്ഞതാണ് ഗുജറാത്ത് സ്കോര്‍ 162ല്‍ ഒതുക്കിയത്. 27 റണ്‍സ് മാത്രമാണ് അവസാന മൂന്നോവറില്‍ ഗുജറാത്ത് നേടിയത്. നടരാജന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ ഗുജറാത്തിന് ഏഴ് റണ്‍സെ നേടാനായുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!