IPL 2022: ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറക്കം; ധോണിയെ ആഘോഷമാക്കി കോലിയുടെ പ്രതികരണം

Published : Mar 24, 2022, 09:18 PM ISTUpdated : Mar 25, 2022, 02:50 PM IST
IPL 2022: ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറക്കം; ധോണിയെ ആഘോഷമാക്കി കോലിയുടെ പ്രതികരണം

Synopsis

ഇന്ത്യന്‍ ടീമില്‍ ധോണിക്ക് കീഴില്‍ കളിച്ച താരവും ക്യാപ്റ്റന്‍ പദവിയില്‍ 'തല'യുടെ പിന്‍ഗാമിയുമായിരുന്നു കോലി

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ (Chennai Super Kings) നായകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ എം എസ് ധോണിക്ക് (MS Dhoni) ആദരവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) മുന്‍ നായകന്‍ വിരാട് കോലി (Virat Kohli). 'മഞ്ഞക്കുപ്പായത്തിലെ ഐതിഹാസിക ക്യാപ്റ്റന്‍സി കാലയളവ്. ആരാധകര്‍ക്ക് മറക്കാനാവാത്ത അധ്യായം. ധോണിയോട് എപ്പോഴും ബഹുമാനം' എന്നാണ് കോലിയുടെ ട്വീറ്റ്. ഇന്ത്യന്‍ ടീമില്‍ ധോണിക്ക് കീഴില്‍ കളിച്ച താരവും ക്യാപ്റ്റന്‍ പദവിയില്‍ 'തല'യുടെ പിന്‍ഗാമിയുമായിരുന്നു കോലി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇതിഹാസ നായകന്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്ന് പടിയിറങ്ങുന്നതായി ഫ്രാഞ്ചൈസി ഇന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ധോണിയുടെ പിന്‍ഗാമിയായി ടീം പ്രഖ്യാപിച്ചു. 

ധോണിയില്‍ നിന്ന് ഏറ്റവും ഉചിതമായ കൈകളിലാണ് ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പിക്കുന്നത് എന്നാണ് ഫ്രാഞ്ചൈസിയുടെ പ്രതികരണം. 'ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റന്‍ പദവി കൈമാറാനുള്ള ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാല്‍ സിഎസ്‌കെയെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്' എന്നും സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

2008ല്‍ ഐപിഎല്ലിലെ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മ്മക്ക് ശേഷം ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ നായകനാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ധോണിക്ക് കീഴില്‍ ചെന്നൈ 204 മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇതില്‍ 121 എണ്ണത്തില്‍ ടീം ജയിച്ചു. വിജയശതമാനം 59.60. 13 സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്.

എം എസ് ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന  മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. 2012 മുതല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ താരമാണ് രവീന്ദ്ര ജഡേജ. 

IPL 2022 : മുംബൈ ഇന്ത്യന്‍സിന് വേദികളുടെ മുന്‍തൂക്കമോ? പ്രതികരിച്ച് രോഹിത് ശര്‍മ്മ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'എന്നാല്‍ എല്ലാ മത്സരങ്ങളും കേരളത്തില്‍ നടത്താം', മഞ്ഞുവീഴ്ച മൂലം മത്സരം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്‍ലമെന്‍റിലും വാദപ്രതിവാദം
അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്