നായകന്‍ മീണ്ടും വരാ! 3 വർഷത്തെ ഇടവേള കഴിഞ്ഞ് ചെപ്പോക്കിന്‍റെ മണ്ണിലേക്ക് മഹിയും കൂട്ടരും തിരികെ എത്തുന്നു

By Web TeamFirst Published Mar 29, 2023, 7:45 PM IST
Highlights

വിസിലുകള്‍ നിറയുന്ന ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ എത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശരിക്കും 'ഷൂപ്പറാകും' എന്നതാണ് പതിവ്. മഹിയും കൂട്ടരും എത്തിയതിന്‍റെ ആഘോഷം ചെന്നൈയില്‍ തകര്‍ക്കുകയാണ്

ചെന്നൈ: മൂന്ന് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ചരിത്രവിജയങ്ങള്‍ സ്വന്തമാക്കിയ ചെപ്പോക്കിന്‍റെ മണ്ണിലേക്ക് എം എസ് ധോണിയും സംഘവും എത്തുകയാണ്. വിസിലുകള്‍ നിറയുന്ന ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ എത്തിയാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ശരിക്കും 'ഷൂപ്പറാകും' എന്നതാണ് പതിവ്. മഹിയും കൂട്ടരും എത്തിയതിന്‍റെ ആഘോഷം ചെന്നൈയില്‍ തകര്‍ക്കുകയാണ്. മുംബൈ കഴിഞ്ഞാല്‍ നാല് കിരീടവുമായി ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ടീമാണ് ചെന്നൈ. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ കോട്ടയില്‍ നേരിട്ട് മാര്‍ച്ച് 31നാണ് ചെന്നൈ സീസണ്‍ തുടങ്ങുക. ഏപ്രില്‍ നാലിന് ചെപ്പോക്കില്‍ ലക്നോ സൂപ്പര്‍ ജയന്‍റ്സിനെ നേരിട്ട് കൊണ്ട് വീട്ടിലേക്ക് ചെന്നൈ ടീം എത്തും.

2022 മറക്കാം

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ചിരിച്ച് കൊണ്ട് കഴിഞ്ഞ സീസണില്‍ എത്തിയ ചെന്നൈക്ക് കരഞ്ഞ് മടങ്ങാനായിരുന്നു നിയോഗം. എം എസ് ധോണിക്ക് പകരം രവീന്ദ്ര ജ‍ഡജേ നായകനായപ്പോള്‍ തുടര്‍ തോല്‍വികളില്‍ ടീമിന്‍റെ പ്രതീക്ഷകള്‍ മങ്ങി. പിന്നീട് ധോണി തന്നെ വീണ്ടും നായകൻ ആയെങ്കിലും ടീമിനെ കരകയറ്റാനായില്ല. 14 മത്സരങ്ങളില്‍ നാല് വിജയവുമായി ഒമ്പതാം സ്ഥാനത്താണ് 2022ല്‍ ചെന്നൈ സീസണ്‍ അവസാനിപ്പിച്ചത്.

ശ്രദ്ധിക്കേണ്ട താരങ്ങള്‍

ബെൻ സ്റ്റോക്സ്: ലോക ക്രിക്കറ്റിലെ എണ്ണംപ്പറഞ്ഞ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ബെൻ സ്റ്റേക്സാണ് മഞ്ഞപ്പടയുടെ മിന്നും താരം. 16.25 കോടി രൂപ ലേലത്തില്‍ വീശിയെറിഞ്ഞാണ് ഇംഗ്ലീഷ് താരത്തെ ടീമിലെത്തിച്ചിട്ടുള്ളത്. മുമ്പ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സിന് വേണ്ടി ധോണിയും സ്റ്റോക്സും ഒരുമിച്ച് കളിച്ചിട്ടുണ്ട്. വിശ്വസിക്കാൻ സാധിക്കുന്ന ഒരു ഓള്‍റൗണ്ടര്‍ ടി 20കളില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ സ്റ്റോക്സിന്‍റെ മിന്നലടികള്‍ക്കൊപ്പം വിക്കറ്റ് കൊയ്ത്തിലും ചെന്നൈ പ്രതീക്ഷ വയ്ക്കുന്നുണ്ട്.

രവീന്ദ്ര ജഡേജ: ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ്... എവിടെ തിരിഞ്ഞാലും കാണാവുന്ന മുഖമാണ് രവീന്ദ്ര ജഡേജയുടേത്. ചെപ്പോക്കിന്‍റെ പിച്ചിനെ കുറിച്ച് എല്ലാമറിയുന്ന ജഡ‍േജയ്ക്ക് ടീമിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മധ്യനിരയില്‍ ബാറ്റിംഗ് വിസ്ഫോടനം നടത്തുന്നതിനൊപ്പം നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്താനുള്ള ജഡേജയുടെ കഴിവിന് ഒരുകുറവും വന്നിട്ടില്ല.

കരുത്ത് ഓണ്‍റൗണ്ട് മികവില്‍, ബൗളിംഗില്‍ പ്രതിസന്ധി

മോയിൻ അലി, ജഡേജ, സ്റ്റോക്സ്, ശിവം ദുബെ എന്നിങ്ങനെ ഓള്‍റൗണ്ട് മികവുള്ള താരങ്ങളാണ് ചെന്നൈയുടെ ശക്തി. ബാറ്റിംഗും ബൗളിംഗും വഴങ്ങുന്ന ഈ താരങ്ങള്‍ക്ക് മത്സരം ഒറ്റയ്ക്ക് തിരിക്കാനുള്ള ശേഷിയുണ്ട്. രണ്ട് സ്പിൻ, രണ്ട് പേസ് എന്നിങ്ങനെയുള്ള വ്യത്യസ്തതയും ടീമിന് മുതല്‍ക്കൂട്ടാകും. എന്നാല്‍, ബൗളിംഗ് നിര, പ്രത്യേകിച്ച് പേസ് വിഭാഗത്തില്‍ ദീപക് ചഹാറിന് ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ട അവസ്ഥയുണ്ട്. സിമര്‍ജീത് സിംഗ് അവസരത്തിനൊത്ത് ഉയരുമെന്നാണ് ചെന്നൈയുടെ പ്രതീക്ഷ. സ്റ്റോക്സിന് ദീപക് ചഹാറിനൊപ്പം ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരും.

ഓ മുംബൈ ഓ മേരി പ്യാരി മുംബൈ! തിരിച്ചടികൾ മറന്നു, ഇത്തവണ കപ്പിന്‍റെ എണ്ണം കൂട്ടാൻ തന്നെ ഹിറ്റ്മാനും സംഘവും

click me!