
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2023 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഒരുക്കങ്ങള്‍ തകൃതി. മുന്‍ താരങ്ങളായ ഡ്വെയ്‌ന്‍ ബ്രാവോയും മൈക്ക് ഹസിയും ടീമിന്‍റെ പരിശീലക സംഘത്തിനൊപ്പം ചേര്‍ന്നു. ഹസി നേരത്തെയും ബാറ്റിംഗ് കോച്ചായിരുന്നെങ്കിലും ആദ്യമായി ബൗളിംഗ് പരിശീലകന്‍റെ കുപ്പായം അണിയുകയാണ് ബ്രാവോ. 'വണക്കം ചെന്നൈ, ചാമ്പ്യന്‍ ഇവിടെയെത്തി' എന്ന തലക്കെട്ടോടെയാണ് ചാമ്പ്യന്‍ ബ്രാവോയെ സിഎസ്‌കെ സാമൂഹ്യമാധ്യമങ്ങളിലൂടെ സ്വാഗതം ചെയ്തത്. മൈക്ക് ഹസി ചെന്നൈയിലെത്തിയ ചിത്രവും ടീം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ എം എസ് ധോണിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ചെപ്പോക്കില്‍ നേരത്തെ തന്നെ പരിശീലനം തുടങ്ങിയിരുന്നു. കൂടുതല്‍ താരങ്ങള്‍ വരും ആഴ്ച ടീം ക്യാംപിനൊപ്പം ചേരും. കഴിഞ്ഞ സീസണ്‍ വരെ സിഎസ്‌കെ താരമായിരുന്ന ബ്രാവോയുടെ സാന്നിധ്യം സീസണില്‍ ചെന്നൈക്ക് കരുത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും മികച്ച് ബൗളര്‍മാരില്‍ ഒരാളായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡെത്ത് ഓവറുകളിലെ പേസ് വേരിയേഷനുകള്‍ക്ക് വിഖ്യാതനാണ്. ഐപിഎല്‍ കരിയറില്‍ 161 മത്സരങ്ങളില്‍ 1560 റണ്‍സും 183 വിക്കറ്റും ബ്രാവോയ്ക്കുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം 2018 മുതല്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് മൈക്ക് ഹസി. ബാറ്റിംഗ് കോച്ച് എന്ന നിലയില്‍ യുവതാരങ്ങളുടെ സാങ്കേതിക മികവ് വളര്‍ത്തിയെടുക്കാന്‍ ഹസിക്കായിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്‌ക്വാഡ്
എം എസ് ധോണി, രവീന്ദ്ര ജഡേജ, ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായുഡു, സുഭ്രാന്‍ഷു സേനാപതി, മൊയീന്‍ അലി, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗരേക്കര്‍, ഡ്വെയ്ന്‍ പ്രിറ്റോറിയസ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, തുഷാന്‍ ദേശ്‌പാണ്ഡെ, മുകേഷ് ചൗധരി, മതീഷ പതിരാന, സിമര്‍ജീത്ത് സിംഗ്, പ്രശാന്ത് സോളങ്കി, മഹീഷ് തീക്‌ഷന, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ഷെയ്‌ക് റഷീദ്, നിശാന്ത് സിന്ധു, കെയ്‌ല്‍ ജാമീസണ്‍, അജയ് മണ്ടല്‍, ഭഗത് വര്‍മ്മ.