ഉയരുന്ന കൊവിഡ് കേസുകള്‍; ഐപിഎല്‍ 2023 സീസണും പൂട്ടിട്ട സ്റ്റേഡിയങ്ങളിലാകുമോ?

By Web TeamFirst Published Mar 29, 2023, 7:51 PM IST
Highlights

എല്ലാ മത്സരങ്ങള്‍ക്കും തിളങ്ങി നിറഞ്ഞ ഗ്യാലറിയാണ് ഐപിഎല്ലിന്‍റെ സവിശേഷത

മുംബൈ: ഐപിഎല്‍ കൊവിഡ് ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഹോം-എവേ ഫോര്‍മാറ്റിലേക്ക് തിരിച്ചുവരികയാണ്. വീണ്ടും ഹോം-എവേ ഫോര്‍മാറ്റിലേക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടം എത്തുമ്പോള്‍ കൊവിഡിന്‍റെ ഭീഷണി ഉടലെടുത്തിട്ടുണ്ട്. ഐപിഎല്‍ പതിനാറാം സീസണ്‍ തുടങ്ങും മുമ്പ് രാജ്യത്ത് പലയിടത്തും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്ത് കൊവിഡ് പോസിറ്റീവായവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 

എല്ലാ മത്സരങ്ങള്‍ക്കും തിങ്ങിനിറഞ്ഞ ഗ്യാലറിയാണ് ഐപിഎല്ലിന്‍റെ സവിശേഷത. വീണ്ടും തിങ്ങിനിറഞ്ഞ സ്റ്റോഡിയങ്ങളിലേക്ക് ഐപിഎല്‍ എത്തുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. ഹോം-എവേ ഫോര്‍മാറ്റിലേക്ക് വീണ്ടും മത്സരങ്ങള്‍ എത്തുന്ന സീസണ്‍ ആയതിനാല്‍ ആരാധകര്‍ക്ക് മത്സരം കാണാന്‍ ആകാംക്ഷ വര്‍ധിച്ചിട്ടുണ്ട്. ഇതിനിടെയാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നത്. എന്നാല്‍ വലിയ ആശങ്കകളില്ലെങ്കിലും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. 

'വലിയ ആശങ്കകളില്ല, എങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെയും വിവിധ സംസ്ഥാനങ്ങളുടേയും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കും. ആളുകള്‍ ധരിക്കുന്നില്ലെങ്കിലും രാജ്യമെമ്പാടും ഇപ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും, ഫ്രാഞ്ചൈസി അംഗങ്ങളും ഗ്രൗണ്ട് സ്റ്റാഫും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ട്. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല. എല്ലാവരും കൊവിഡ് വാക്‌സീനും ബൂസ്റ്റര്‍ ഡോസും എടുത്തവരാണ്. എന്നാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് താരങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്തുടരണം' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. 

ഐസിസി കൊവിഡ് മാനദണ്ഡങ്ങള്‍ മാറ്റിയെങ്കിലും ബിസിസിഐ ഇതുവരെ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല. കൊവിഡ് പോസിറ്റീവാകുന്ന താരങ്ങള്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഐസൊലേഷനില്‍ പോകണം. മൂന്ന് നെഗറ്റീവ് പരിശോധനാഫലം ലഭിച്ചാല്‍ മാത്രമേ ടീമിനൊപ്പം ചേരാനാകൂ. ബയോ-ബബിള്‍ ഇല്ലെങ്കിലും ആരാധകരുമായി താരങ്ങള്‍ ഇടപഴകുന്നതിന് ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. താരങ്ങള്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചാല്‍ ടീം മെഡിക്കല്‍ സംഘം അത് കൃത്യമായി നിരീക്ഷിക്കും. 

'മുംബൈ ഇത്തവണ കപ്പടിക്കും, എല്ലാവരും കൂടെ വേണം'; പിന്തുണ തേടി മലയാളത്തില്‍ വിഷ്‌ണു വിനോദിന്‍റെ വീഡിയോ

click me!