'ഇക്കുറി റിഷഭ് പന്ത് എന്‍റെ ഡഗൗട്ടില്‍ വേണം'; ആരാധകരെ ത്രസിപ്പിച്ച് പോണ്ടിംഗിന്‍റെ വാക്കുകള്‍

By Web TeamFirst Published Jan 20, 2023, 3:52 PM IST
Highlights

ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്

ദില്ലി: കാര്‍ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഐപിഎല്‍ 2023 സീസണ്‍ നഷ്‌ടമാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ഐപിഎല്ലില്‍ റിഷഭ് നായകനായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്‌ടര്‍ സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എങ്കിലും റിഷഭ് പന്തിനെ വരും സീസണില്‍ ഡഗൗട്ടില്‍ കാണാന്‍ ആഗ്രഹിക്കുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് ടീമിന്‍റെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിംഗ്. 

റിഷഭ് പന്തുമായി താന്‍ ഫോണില്‍ സംസാരിച്ചുവരുന്നതായി റിക്കി പോണ്ടിംഗ് ഐസിസിയുടെ വീഡിയോയില്‍ പറയുന്നു. 'ഏവരേയും വേദനിപ്പിക്കുന്ന സാഹചര്യമാണിത്. ഇതിനകം തന്നെ ആകര്‍ഷണം നേടിയ താരമാണ്. അതിനാല്‍ തന്നെ റിഷഭ് പന്ത് വൈകാതെ കളിക്കളത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. റിഷഭ് പന്തിനെ പോലുള്ള താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താനാവില്ല. ഡഗൗട്ടില്‍ എനിക്ക് സമീപം റിഷഭ് പന്ത് ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്നു. കളത്തിലിറങ്ങാന്‍ ഫിറ്റായില്ല എങ്കിലും അദേഹം കൂടെയുണ്ടാകാന്‍ ആഗ്രഹിക്കുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ കാണിക്കുന്ന മനോഭാവവും പുഞ്ചിരിയുമാണ് റിഷഭ് പന്തിനെ എല്ലാവരും ഏറെ ഇഷ്‌ടപ്പെടാന്‍ കാരണം. അദേഹത്തിന് യാത്ര ചെയ്യാന്‍ പ്രയാസമില്ലെങ്കില്‍ ഡഗൗട്ടില്‍ പ്രതീക്ഷിക്കുന്നു. മാര്‍ച്ച് മാസം മധ്യത്തോടെ ദില്ലിയില്‍ ടീം ക്യംപ് ആരംഭിക്കുമ്പോള്‍ റിഷഭ് പന്ത് കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും' പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു. 

ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. ഡെറാ‍ഡൂണിലെ മാക്സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കപ്പെട്ട റിഷഭ് പന്തിനെ ബിസിസിഐ പിന്നീട് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളം നേരമെടുത്ത് രണ്ട് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു.  

റിഷഭ് പന്തിന് ഐപിഎല്‍ 2023 നഷ്‌ടമാകുമെന്ന് സ്ഥിരീകരണം; പുതിയ ക്യാപ്റ്റനെ തേടി ഡല്‍ഹി ക്യാപിറ്റല്‍സ്

click me!