പഞ്ചാബ് കിംഗ്‌സിന് തിരിച്ചടികള്‍ അവസാനിക്കുന്നില്ല; അടുത്തത് ലിവിംഗ്‌സ്റ്റണ്‍ വക

By Web TeamFirst Published Mar 29, 2023, 10:11 PM IST
Highlights

ഓള്‍റൗണ്ടറായതിനാല്‍ പഞ്ചാബ് കിംഗ്‌സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ലിയാം ലിവിംഗ്‌സ്റ്റണ്‍

മൊഹാലി: ഇംഗ്ലണ്ട് വെടിക്കെട്ട് വീരന്‍ ലിയാം ലിവിംഗ്‌സ്റ്റണ് ഐപിഎല്‍ പതിനാറാം സീസണില്‍ പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ മത്സരമെങ്കിലും നഷ്‌ടമാകും. ഡിസംബറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും മോചിതമായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ടാണിത്. ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെയാണ് പഞ്ചാബ് കിംഗ്‌സിന്‍റെ ആദ്യ മത്സരം. ഗുവാഹത്തിയില്‍ ഏപ്രില്‍ അഞ്ചിന് രാജസ്ഥാന്‍ റോയല്‍സിന് എതിരായ രണ്ടാം മത്സരത്തിന് മുമ്പ് ലിവിംഗ്സ്റ്റണ്‍ സ്‌ക്വാഡിനൊപ്പം ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 14 മത്സരങ്ങളില്‍ 182.08 സ്ട്രൈക്ക്‌‌റേറ്റോടെ ലിയാം ലിവിംഗ്‌സ്റ്റണ്‍ 437 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 

ഓള്‍റൗണ്ടറായതിനാല്‍ പഞ്ചാബ് കിംഗ്‌സിന്‍റെ പ്രധാന താരങ്ങളില്‍ ഒരാളാണ് ലിയാം ലിവിംഗ്‌സ്റ്റണ്‍. പാകിസ്ഥാനിലെ ടെസ്റ്റ് അരങ്ങേറ്റത്തിനിടെ സംഭവിച്ച പരിക്കിന് ശേഷം ലിവിംഗ്സ്റ്റണിന് മത്സര ക്രിക്കറ്റ് കളിക്കാനായിട്ടില്ല. കഴിഞ്ഞ വര്‍ഷം ദ് ഹണ്ട്രഡ് ടൂര്‍ണമെന്‍റിനിടെ കാല്‍ക്കുഴയ്‌ക്കും താരത്തിന് പരിക്കേറ്റിരുന്നു. 

ലിയാം ലിവിംഗ്സ്റ്റണിന്‍റെ ഫിറ്റ്‌നസ് ഉറപ്പിക്കാനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സ്‌കാനിംഗ് നടത്തും. അതിനാല്‍ ഐപിഎല്ലിലെ ആദ്യ മത്സരമെങ്കിലും അദേഹത്തിന് നഷ്‌ടമാകും എന്നും ഐപിഎല്‍ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. അടുത്തിടെ ഇന്‍ഡോറില്‍ നെറ്റ്‌സ് പരിശീലനം താരം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 437 റണ്‍സ് നേടിയതിനൊപ്പം ആറ് വിക്കറ്റും താരം സ്വന്തമാക്കിയിരുന്നു. ഓഫ്‌സ്‌പിന്നും ലെഗ്‌സ്‌പിന്നും മാറിമാറി എറിയുന്ന ബൗളറാണ് ലിവിംഗ്സ്റ്റണ്‍. ലിയാം ലിവിംഗ്‌സ്റ്റണിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ സേവനവും ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് നഷ്‌ടമാകും. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിന് മുമ്പ് ഏപ്രില്‍ മൂന്നിന് റബാഡ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു ഇംഗ്ലണ്ട് വെടിക്കെട്ട് വീരനായ ജോണി ബെയ്‌ര്‍സ്റ്റോയ്ക്ക് സീസണ്‍ നഷ്‌ടമാകും എന്ന് നേരത്തെ ഉറപ്പായിരുന്നു. 

പഞ്ചാബ് സ്‌ക്വാഡ്

ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), അഥര്‍വ തൈഡേ, ഭാനുക രജപക്സേ, ഹര്‍പ്രീത് സിംഗ്, ഷാരൂഖ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ബാല്‍തെജ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, നഥാന്‍ എല്ലിസ്, രാഹുല്‍ ചഹാര്‍, വിദ്വത് കവരെപ്പ, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാത്യൂ ഷോര്‍ട്ട്, മൊഹിത് രത്തീ, രാജ് ബാവ, റിഷി ധവാന്‍, സാം കറന്‍, ശിവം സിംഗ്, സിക്കന്ദര്‍ റാസ, ജിതേഷ് ശര്‍മ്മ, പ്രഭ്‌സിമ്രാന്‍ സിംഗ്. 

മലബാറില്‍ വീണ്ടും ഫുട്ബോള്‍ വസന്തരാവുകള്‍; സൂപ്പര്‍ കപ്പ് ഒരുക്കം അവസാന ഘട്ടത്തില്‍

click me!