ഹാർദിക് പാണ്ഡ്യ ലോകകപ്പ് കളിക്കേണ്ടയാളല്ല, പകരം ടീമില്‍ വരേണ്ടിയിരുന്നത് അദേഹം: ഡാനിഷ് കനേറിയ

By Web TeamFirst Published May 4, 2024, 3:29 PM IST
Highlights

ഹാർദിക് പാണ്ഡ്യക്ക് പകരം സ്ക്വാഡില്‍ വരേണ്ടിയിരുന്നത് റിങ്കു സിംഗായിരുന്നു എന്ന് ഡാനിഷ് കനേറിയ

മുംബൈ: ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് 2024 ടീം സെലക്ഷനെ ചൊല്ലിയുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. ഫോമിലല്ലാത്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റനായി ടീമില്‍ ഉള്‍പ്പെടുത്തിയതും റിങ്കു സിംഗിനെ റിസർവ് താരമായി മാത്രം പരിഗണിച്ചതും വലിയ വിമർശനം ക്ഷണിച്ചുവരുത്തുകയാണ്. ഇതിനിടെ തന്‍റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേറിയ. 

ഹാർദിക് പാണ്ഡ്യക്ക് പകരം സ്ക്വാഡില്‍ വരേണ്ടിയിരുന്നത് റിങ്കു സിംഗായിരുന്നു എന്ന് ഡാനിഷ് കനേറിയ പറയുന്നു. 'റിങ്കു സിംഗ് ടീം ഇന്ത്യയുടെ ടി20 ലോകകപ്പ് സ്ക്വാഡില്‍ വരണമായിരുന്നു. ഈ ഐപിഎല്ലിലെ പ്രകടനം വച്ച് നോക്കിയാല്‍ ഹാർദിക് പാണ്ഡ്യ ടീമില്‍ വരേണ്ടയാളല്ല. സീസണില്‍ ഇതുവരെ സ്ഥിരതയോടെ ഹാർദിക് കളിച്ചിട്ടില്ല. സിഎസ്കെയ്ക്കായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ശിവം ദുബെ ടീമിലുണ്ട്. ഇന്ത്യന്‍ സ്ക്വാഡ് ശക്തമാണ് എന്നാണ് തോന്നുന്നത്. എന്നാല്‍ റിങ്കുവും ദുബെയും ഒന്നിച്ച് ടീമില്‍ വന്നിരുന്നെങ്കില്‍ ശക്തമായ ആക്രമണം ബാറ്റിംഗില്‍ വരുമായിരുന്നു' എന്നും ഡാനിഷ് കനേറിയ കൂട്ടിച്ചേർത്തു. 

അതേസമയം ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമം റിങ്കുവിന് കനത്ത തിരിച്ചടിയായതായി പേര് വെളിപ്പെടുത്താത്ത ബിസിസിഐ വൃത്തങ്ങള്‍ വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 'ഇംപാക്ട് പ്ലെയർ നിയമം റിങ്കു സിംഗിനെ ബാധിച്ചു. അദേഹം നിർഭാഗ്യവാനാണ്. ഫോമിലല്ലെങ്കിലും ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച പേസ് ഓൾറൗണ്ടറാണ് പാണ്ഡ്യ. അദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുക പ്രയാസമാണ്' എന്നുമാണ് ബിസിസിഐ കേന്ദ്രങ്ങളുടെ മറുപടി. 

ടീം ഇന്ത്യയുടെ ട്വന്‍റി 20 ലോകകപ്പ് സ്ക്വാഡ്: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്. 

റിസര്‍വ് താരങ്ങള്‍: ശുഭ്‌മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.  

Read more: 'തമിഴ്‌നാട് താരങ്ങളെ പതിവായി അവഗണിക്കുന്നു'; ടി നടരാജനെ തഴഞ്ഞതില്‍ ആഞ്ഞടിച്ച് മുന്‍ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!