Latest Videos

തുടർ തോൽവികള്‍ക്ക് പിന്നാലെ മുംബൈക്ക് അടുത്ത പ്രഹരം; ബുമ്രയും രോഹിത്തും അടുത്ത മത്സരങ്ങളിൽ കളിച്ചേക്കില്ല

By Web TeamFirst Published May 4, 2024, 1:37 PM IST
Highlights

 രോഹിത്തിന്‍റെ പരിക്ക് വഷളായാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പുകളെ ബാധിക്കുമെന്നതിനാലണിത്.

മുംബൈ: തുടര്‍ തോല്‍വികളെത്തുടര്‍ന്ന് ഐപിഎല്ലിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലായ മുംബൈ ഇന്ത്യൻസിന് അടുത്ത പ്രഹരമായി രോഹിത് ശര്‍മയുടെ പരിക്ക്. ഇന്നലെ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഇംപാക്ട് സബ്ബായി ബാറ്റിംഗിനിറങ്ങിയ രോഹിത്തിന് നേരിയ പുറംവേദന അനുഭവപ്പെട്ടിരുന്നു. അതിനാലാണ് ഫീല്‍ഡിംഗിനിറങ്ങാതെ ബാറ്റിംഗിന് മാത്രം രോഹിത് ഇറങ്ങിയത്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് കൂടി കണക്കിലെടുത്ത് രോഹിത് മുംബൈയുടെ ഇനിയുള്ള മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ച മുംബൈക്ക് ഇനി മൂന്ന് മത്സരങ്ങള്‍ കൂടിയാണ് സീസണില്‍ അവശേഷിക്കുന്നത്. ഇതില്‍ മൂന്നില്‍ ജയിച്ചാലും പ്ലേ ഓഫില്‍ എത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തില്‍ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് രോഹിത്തിന് അടുത്ത മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. രോഹിത്തിന്‍റെ പരിക്ക് വഷളായാല്‍ അത് ഇന്ത്യയുടെ ലോകകപ്പ് തയാറെടുപ്പുകളെ ബാധിക്കുമെന്നതിനാലണിത്. അതേസമയം, മിന്നും ഫോമിലുള്ള പേസര്‍ ജസ്പ്രീത് ബുമ്രക്കും അടുത്ത മത്സരങ്ങളില്‍ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ടി20 ലോകകപ്പ്:ഉന്‍മുക്ത് ചന്ദ് ഇല്ല, അമേരിക്കൻ ടീമിനെ നയിക്കുക മറ്റൊരു ഇന്ത്യൻ താരം, കോറി ആന്‍ഡേഴ്സണും ടീമിൽ

ഐപിഎല്ലില്‍ 11 മത്സരങ്ങളില്‍ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാണിപ്പോള്‍ ബുമ്ര. എന്നാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഇനി കണക്കുകളില്‍ മാത്രമെയുള്ളൂവെന്നതിനാല്‍ ടി20 ലോകകപ്പ് കണക്കിലെടുത്ത് ബുമ്രക്ക് വിശ്രമം അനുവദിക്കാന്‍ മുംബൈ ടീം മാനേജ്മെന്‍റ് തയാറാവണമെന്ന് മുന്‍ ഇന്ത്യൻ താരം വസീം ജാഫര്‍ പറഞ്ഞു.വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും മുംബൈക്ക് കടുപ്പമേറിയ എതിരാളികളൊണ് നേരിടാനുള്ളത്. പോയന്‍റ് പട്ടികയില്‍ ടോപ് ഫോറിലുള്ള സണ്‍റൈസേഴസ് ഹൈദരാബാദ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡ്ഴ്സ് ടീമുകളാണ് ഇനി മുംബൈയുടെ എതിരാളികള്‍.

ഇവരെ തോല്‍പ്പിച്ചാലും മുബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാല്‍ മാത്രമെ മുംബൈക്ക് നേരിയ സാധ്യത ബാക്കിയാകുന്നുള്ളു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിലുള്ള രോഹിത്തിനും ബുമ്രക്കും വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ഇതിനോട് മുംബൈ ടീം മാനേജ്മെന്‍റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!