Latest Videos

എല്ലാം മറച്ചുവെക്കുന്നോ ഹാര്‍ദിക് പാണ്ഡ്യ? ലോകകപ്പ് ടീമിലിടം സംശയത്തില്‍; ചോദ്യങ്ങളുയരുന്നു

By Web TeamFirst Published Apr 14, 2024, 3:56 PM IST
Highlights

ആവശ്യമെങ്കില്‍ ആദ്യ ഓവര്‍ തന്നെ സ്വയം പന്തെറിയാനെത്തുന്ന പേസറാണ് ഹാര്‍ദിക് പാണ്ഡ്യ

മുംബൈ: സമകാലിക ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക് പാണ്ഡ്യ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നായകനായ പാണ്ഡ്യ അവസാന മൂന്ന് മത്സരങ്ങളില്‍ ഒരു ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. ഇതോടെ ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കാണോ എന്ന സംശയം വീണ്ടും മുറുകുകയാണ്. താരത്തിന്‍റെ ലോകകപ്പ് സ്ക്വാഡ് സാധ്യതയിലും പലരും സംശയം പ്രകടിപ്പിക്കുന്നു. 

ആവശ്യമെങ്കില്‍ ആദ്യ ഓവര്‍ തന്നെ സ്വയം പന്തെറിയാനെത്തുന്ന പേസറാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒന്നാം ഓവര്‍ എറിഞ്ഞത് പാണ്ഡ്യയായിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളില്‍ 3-4 ഓവറുകള്‍ എറിഞ്ഞ പാണ്ഡ്യ പതിയെ ബൗളിംഗില്‍ നിന്ന് വലിഞ്ഞു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യ അവസാന മൂന്ന് മത്സരങ്ങളില്‍ ഒരു ഓവര്‍ മാത്രമേ പന്തെറിഞ്ഞുള്ളൂ. രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും എതിരെ പന്തെടുക്കാതിരുന്ന താരം ആര്‍സിബിക്കെതിരെ എറിഞ്ഞ ഏക ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. പരിക്കാണോ പന്തെറിയുന്നതില്‍ നിന്ന് പാണ്ഡ്യയെ പിന്തിരിപ്പിക്കുന്നത് എന്ന ചോദ്യം ഇതോടെ ന്യൂസിലന്‍ഡ് മുന്‍ താരവും കമന്‍റേറ്റുമായ സൈമണ്‍ ഡൂള്‍ ഉയര്‍ത്തിയിട്ടുണ്ട്. 

'ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കാണ്. ഹാര്‍ദിക്കിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറയുന്നു. എന്നാല്‍ പരിക്ക് പാണ്ഡ്യ സമ്മതിക്കുന്നില്ല എന്നും'- സൈമണ്‍ ഡൂള്‍ പറഞ്ഞു. 

പരിക്കിന്‍റെ പിടിയിലാണെങ്കില്‍ ഹാര്‍ദിക് പാണ്ഡ്യയെ സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രം ട്വന്‍റി 20 ലോകകപ്പ് ടീമിലെടുക്കുമോ എന്ന ചോദ്യം ഇതിനകം സജീവമായിക്കഴിഞ്ഞു. മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെ വെടിക്കെട്ട് ബാറ്റിംഗിന് പ്രസിദ്ധനായ താരമാണ്. എന്നാല്‍ ഐപിഎല്ലില്‍ ദുബെ പന്തെറിയുന്നില്ല. റിങ്കു സിംഗിനെ പോലൊരു ഫിനിഷറെ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിക്കാനുള്ള സാധ്യതയും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. ഒരുവേള ലോകകപ്പ് ടീമിന്‍റെ ക്യാപ്റ്റനാകും എന്ന് കരുതപ്പെട്ടിരുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇപ്പോള്‍ പന്തെറിയാതെ സെലക്ടര്‍മാരെ കുഴക്കുന്നത്. പരിക്ക് കാലങ്ങളായി പാണ്ഡ്യയെ വലയ്ക്കുകയാണ്. ഐപിഎല്ലിന് തൊട്ടുമുമ്പാണ് താരം പരിക്ക് മാറിയെത്തിയത്. 

Read more: 'രാജസ്ഥാന്‍ റോയല്‍സ് ജയിച്ചെന്നത് ശരി, പക്ഷേ സഞ്ജുവിന്‍റെ തീരുമാനങ്ങള്‍ ഞെട്ടിച്ചു'; വിമര്‍ശിച്ച് മുന്‍താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!