റോയല്‍സിന്‍റെ സമീപനവും ബാറ്റിംഗ് ക്രമവും ഞെട്ടിച്ചു എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ഷോയില്‍ ടോം മൂഡിയുടെ വാക്കുകള്‍

മൊഹാലി: ഐപിഎല്‍ 2024 സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് നാടകീയ ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 147 റണ്‍സ് മാത്രം നേടിയപ്പോള്‍ റോയല്‍സിന് വിജയം 20 ഓവര്‍ പൂര്‍ത്തിയാവാന്‍ ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് നേടാനായത്. മൂന്ന് വിക്കറ്റ് ജയവുമായി പോയിന്‍റ് പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാംസ്ഥാനം സുരക്ഷിതമാക്കിയെങ്കിലും മത്സരത്തിലാകെ നിലവാരത്തകര്‍ച്ച പ്രകടമായി എന്നാണ് ഓസ്ട്രേലിയന്‍ മുന്‍ താരം ടോം മൂഡിയുടെ നിരീക്ഷണം. 

'തന്ത്രപരമായി ഏറെ വീഴ്‌ചകളും അമ്പരപ്പിക്കുന്ന തീരുമാനങ്ങളും പ്രകടമായ മത്സരമായിരുന്നു പഞ്ചാബ് കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്നത്. ഇരു ടീമും ഈ പ്രശ്നങ്ങള്‍ നേരിട്ടു. മോശം നിലവാരത്തിലുള്ള മത്സരമായിരുന്നെങ്കിലും നല്ല ഫിനിഷിംഗ് കാണാനായി. എങ്കിലും കാണാന്‍ ആകര്‍ഷകമായ മത്സരമായിരുന്നില്ല ഇത്. ഒഴുക്കുള്ള കളിയായിരുന്നില്ല. 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നുള്ള റോയല്‍സിന്‍റെ സമീപനവും ബാറ്റിംഗ് ക്രമവും ഞെട്ടിച്ചു' എന്നുമാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ ഷോയില്‍ ടോം മൂഡിയുടെ വാക്കുകള്‍. 

Read more: ഈ മൂവരും ചേര്‍ന്നാല്‍ ട്വന്‍റി 20 ലോകകപ്പ് ഇങ്ങെടുക്കാം; 'അണ്‍ക്യാപ്‌ഡ്' പോരാട്ടവും ശക്തം

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്‌സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെ നേടാനായുള്ളൂ. 16 പന്തില്‍ 31 റണ്‍സ് എടുത്ത ഇംപാക്‌ട് പ്ലെയര്‍ അഷുതോഷ് ശര്‍മ്മയായിരുന്നു ടോപ് സ്കോറര്‍. അനായാസം എത്തിപ്പിടിക്കേണ്ട 148 റണ്‍സിലേക്ക് രാജസ്ഥാന്‍ പാടുപെട്ടു. ഇംപാക്ട് പ്ലെയറായ യശസ്വി ജയ്‌സ്വാളിനൊപ്പം അരങ്ങേറ്റക്കാരന്‍ തനുഷ് കോട്ടിയാനാണ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഈ തീരുമാനം ഏവരേയും ഞെട്ടിച്ചു. കോട്ടിയാനും (31 പന്തില്‍ 24), ജയ്‌സ്വാളും (28 പന്തില്‍ 39) പുറത്തായ ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 14 പന്തില്‍ 18 റണ്‍സുമായി അതിവേഗം മടങ്ങി. റിയാന്‍ പരാഗ് (18 പന്തില്‍ 23), ധ്രുവ് ജൂറെല്‍ (11 പന്തില്‍ 6), റോവ്‌മാന്‍ പവല്‍ (5 പന്തില്‍ 11), കേശവ് മഹാരാജ് (2 പന്തില്‍ 1) എന്നിവരും നിരാശപ്പെടുത്തിയതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. 

എന്നാല്‍ അവസാന ഓവറുകളിലെ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ വെടിക്കെട്ട് രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റിന്‍റെ ജയം സമ്മാനിച്ചു. 10 പന്തില്‍ 27* റണ്‍സുമായി പുറത്താവാതെ നിന്ന ഹെറ്റ്‌മെയര്‍ അര്‍ഷ്‌ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തിയാണ് റോയല്‍സിന് ത്രില്ലര്‍ ജയമൊരുക്കിയത്. 

Read more: ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിനെ തഴഞ്ഞു; പ്ലേയിംഗ് ഇലവന്‍ തെരഞ്ഞെടുത്ത് മുഹമ്മദ് കൈഫ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം