ശശാങ്ക താളം തിമിർത്തു, അവസാന നിമിഷം പഞ്ചാബിന്‍റെ പഞ്ച്; ഗുജറാത്ത് ടൈറ്റന്‍സിന് അപ്രതീക്ഷിത തോല്‍വി

Published : Apr 04, 2024, 11:17 PM ISTUpdated : Apr 04, 2024, 11:44 PM IST
ശശാങ്ക താളം തിമിർത്തു, അവസാന നിമിഷം പഞ്ചാബിന്‍റെ പഞ്ച്; ഗുജറാത്ത് ടൈറ്റന്‍സിന് അപ്രതീക്ഷിത തോല്‍വി

Synopsis

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു

അഹമ്മദാബാദ്: ഐപിഎല്‍ 2024ല്‍ ശശാങ്ക് സിംഗ്- അഷുതോഷ് ശർമ്മ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മൂന്ന് വിക്കറ്റിന് തോല്‍പിച്ച് പഞ്ചാബ് കിംഗ്സ്. 200 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ പഞ്ചാബ് വെറും ഒരു പന്ത് ബാക്കിനില്‍ക്കേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ത്രില്ലർ ജയം എത്തിപ്പിടിക്കുകയായിരുന്നു. ആറാമനായി ക്രീസിലെത്തി 29 പന്തില്‍ പുറത്താകാതെ 61* റണ്‍സുമായി ശശാങ്ക് സിംഗാണ് പഞ്ചാബിന്‍റെ വിജയശില്‍പി. എട്ടാമനായിറങ്ങിയ ഇംപാക്ട് പ്ലെയർ അഷുതേഷ് ശർമ്മ 17 പന്തില്‍ 31 നേടിയതും നിർണായകമായി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയോളം പോന്ന ഇന്നിംഗ്സും (48 പന്തില്‍ 89*), രാഹുല്‍ തെവാട്ടിയയുടെ ഫിനിഷിംഗുമാണ് (8 പന്തില്‍ 23*) ഗുജറാത്ത് ടൈറ്റന്‍സിന് കരുത്തായത്. വൃദ്ധിമാന്‍ സാഹ (13 പന്തില്‍ 11), കെയ്ന്‍ വില്യംസണ്‍ (22 പന്തില്‍ 26), സായ് സുദർശന്‍ (19 പന്തില്‍ 33), വിജയ് ശങ്കർ (10 പന്തില്‍ 8) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ. കാഗിസോ റബാഡ രണ്ടും ഹർപ്രീത് ബ്രാറും ഹർഷല്‍ പട്ടേലും ഓരോ വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗില്‍ നായകന്‍ ശിഖർ ധവാനെ ഇന്നിംഗ്സിലെ രണ്ടാം ഓവറില്‍ ഉമേഷ് യാദവ് ബൌള്‍ഡാക്കിയത് പഞ്ചാബ് കിംഗ്സിന് തിരിച്ചടിയായി. ധവാന്‍ രണ്ട് പന്തില്‍ 1 റണ്‍സേ നേടിയുള്ളൂ. ഇതിന് ശേഷം ജോണി ബെയ്ർസ്റ്റോയും (13 പന്തില്‍ 22), പ്രഭ്സിമ്രാന്‍ സിംഗും (24 പന്തില്‍ 35) ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും നൂർ അഹമ്മദ് പറഞ്ഞയച്ചു. സാം കറന്‍ 8 പന്തില്‍ 5 റണ്‍സുമായി അസ്മത്തുള്ള ഒമർസായ്ക്ക് മുന്നില്‍ കൂടാരം കയറി. അപകടകാരിയായ സിക്കന്ദർ റാസയെ (16 പന്തില്‍ 15) അധികനേരം ക്രീസില്‍ നില്‍ക്കാന്‍ മോഹിത് ശർമ്മ അനുവദിച്ചില്ല. എന്നാല്‍ ആറാം വിക്കറ്റില്‍ ശശാങ്ക് സിംഗ്, ജിതേഷ് ശർമ്മ സഖ്യം വെടിക്കെട്ടുമായി പഞ്ചാബിനെ പ്രതീക്ഷയിലേക്ക് മടക്കിക്കൊണ്ടുവന്നു. 

16-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സർ പറത്തിയ ജിതേഷിനെ (8 പന്തില്‍ 16) റാഷിദ് ഖാന്‍ തൊട്ടടുത്ത ഫുള്‍ടോസില്‍ ദർശന്‍ നല്‍കാണ്ടയുടെ കൈകളിലെത്തിച്ചത് വഴിത്തിരിവെന്ന് തോന്നിച്ചു. നാല് വിക്കറ്റ് കയ്യിലിരിക്കേ 27 പന്തില്‍ 50 റണ്‍സാണ് പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലെത്തിയത് അർഷ്ദീപ് സിംഗിന് പകരം ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായ അഷുതോഷ് ശർമ്മ. ഇംപാക്ട് പ്ലെയറായി അവസരം മുതലാക്കിയ അഷുതേഷ് 17 പന്തില്‍ 31 നേടിയത് മത്സരത്തിന്‍റെ വിധി മാറ്റിയെഴുതി. ഇതിന് ശേഷം ഹർപ്രീത് ബ്രാറിനെ സാക്ഷിയാക്കി ശശാങ്ക് സിംഗ് പഞ്ചാബിന് ജയം സമ്മാനിക്കുകയായിരുന്നു.

Read more: പഞ്ചാബിനെ അടിച്ചുകലക്കി ഗില്ലാട്ടം, തെവാട്ടിയ ഫിനിഷിംഗ്; ഗുജറാത്ത് ടൈറ്റന്‍സിന് 199 റണ്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ