അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‍സ് നായകന്‍ ശിഖർ ധവാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു
അഹമ്മദാബാദ്: ഐപിഎല്‍ 2024ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്സിന് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയോളം പോന്ന ഇന്നിംഗ്സും (48 പന്തില്‍ 89*), രാഹുല്‍ തെവാട്ടിയ ഫിനിഷിംഗുമാണ് (8 പന്തില്‍ 23*) ഗുജറാത്ത് ടൈറ്റന്‍സിന് കരുത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നാം ഓവറിലെ അവസാന പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തില്‍ 11 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയെ കാഗിസോ റബാഡ പുറത്താക്കുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും 22 ബോളില്‍ 26 എടുത്തുനില്‍ക്കേ കെയ്ന്‍ വില്യംസണെ ഹർപ്രീത് ബ്രാറും പറഞ്ഞയച്ചു. ഈസമയം ടൈറ്റന്‍സ് സ്കോർ 8.3 ഓവറില്‍ 69-2. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ക്രീസിലൊന്നിച്ച സായ് സുദർശന്‍ അതിവേഗം ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. 14-ാം ഓവറില്‍ ഹർഷല്‍ പട്ടേലിന്‍റെ സ്ലോ ബോളില്‍ ബാറ്റ് വെച്ച സായ് (19 പന്തില്‍ 33) എഡ്‍ജായി വിക്കറ്റിന് പിന്നില്‍ ജിതേഷ് ശർമ്മയുടെ കൈകളിലെത്തിയത് വഴിത്തിരിവാകുമെന്ന് തോന്നിച്ചു.
പക്ഷേ ഫിഫ്റ്റി തികച്ച ശുഭ്മാന്‍ ഗില്‍ ഓൾറൗണ്ടർ വിജയ് ശങ്കറെ കാഴ്ചക്കാരനാക്കി ടൈറ്റന്‍സിന്‍റെ സ്കോറുയർത്തി. 16 ഓവറില്‍ 141-3 എന്ന നിലയിലായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഇതിന് ശേഷം ഹർഷലിനെയും റബാഡയേയും ശിക്ഷിച്ച് ഗില്‍ ഗിയർ മാറ്റി. എന്നാല്‍ ഇതിനിടെ ശങ്കർ (10 പന്തില്‍ 8) ബ്രാറിന്‍റെ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം വെടിക്കെട്ടുമായി ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു ശുഭ്മാന്‍ ഗില്ലും രാഹുല്‍ തെവാട്ടിയയും.
പ്ലേയിംഗ് ഇലവനുകള്‍
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പർ), ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദർശന്‍, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കർ, അസമത്തുള്ള ഒമർസായ്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂർ അഹമ്മദ്, ഉമേഷ് യാദവ്, ദർശന്‍ നല്‍ക്കണ്ഡെ.
പഞ്ചാബ് കിംഗ്‍സ്: ശിഖർ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയ്ർസ്റ്റോ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), പ്രഭ്സിമ്രാന്‍ സിംഗ്, സാം കറന്‍, ഷശാന്ത് സിംഗ്, സിക്കന്ദർ റാസ, ഹർപ്രീത് ബ്രാർ, ഹർഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അർഷ്ദീപ് സിംഗ്.
ടോസ് ജയിച്ച് പഞ്ചാബ് കിംഗ്‍സ്; പരിക്ക് ഇരു ടീമിനും തിരിച്ചടി, വെടിക്കെട്ട് വീരന്‍മാർ പുറത്ത്
