സ്റ്റാര്‍ ഫിനിഷര്‍ ശ്രദ്ധാകേന്ദ്രം, ബൗളര്‍മാരില്‍ വന്‍ അഴിച്ചുപണിയോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

Published : May 11, 2024, 04:47 PM ISTUpdated : May 11, 2024, 04:50 PM IST
സ്റ്റാര്‍ ഫിനിഷര്‍ ശ്രദ്ധാകേന്ദ്രം, ബൗളര്‍മാരില്‍ വന്‍ അഴിച്ചുപണിയോ? രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍

Synopsis

കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 20 റണ്‍സിന്‍റെ തോല്‍വി രുചിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയിലെ അങ്കത്തിന് എത്തിയിരിക്കുന്നത്

ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ ഞായറാഴ്‌ച രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളികള്‍. റോയല്‍സ് പ്ലേ ഓഫിലെത്താന്‍ ഏറ്റവും സാധ്യതയുള്ള ടീമുകളില്‍ ഒന്നാണെങ്കില്‍ നാളെ തോറ്റാല്‍ സിഎസ്‌കെയ്‌ക്ക് മുന്നോട്ടുള്ള യാത്ര കണക്കുകളെ കൂടുതല്‍ ആശ്രയിച്ചിരിക്കും. തോല്‍വിയില്‍ നിന്ന് തിരിച്ചെത്താന്‍ കൊതിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ചെപ്പോക്കില്‍ ഇറങ്ങുക. ഈ സാഹചര്യത്തില്‍ എങ്ങനെയാവും സഞ്ജു സാംസണ്‍ ക്യാപ്റ്റനായ റോയല്‍സ് കളത്തിലെത്തുക. സാധ്യതാ ഇലവന്‍ നോക്കാം. 

കഴിഞ്ഞ മത്സരത്തില്‍ എവേ ഗ്രൗണ്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 20 റണ്‍സിന്‍റെ തോല്‍വി രുചിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ചെന്നൈയിലെ അങ്കത്തിന് എത്തിയിരിക്കുന്നത്. ഡല്‍ഹിയുടെ 221 റണ്‍സ് പിന്തുടര്‍ന്ന റോയല്‍സിന് ക്യാപ്റ്റന്‍ സഞ്ജുവിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിനിടയിലും നിശ്ചിത 20 ഓവറില്‍ 201/8 എന്ന സ്കോറിലെത്താനേ കഴിഞ്ഞുള്ളൂ. പ്രധാന ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഒഴികെയുള്ള എല്ലാവരും അടിവാങ്ങിയതാണ് ഒരു തലവേദന. അശ്വിന്‍ നാലോവറില്‍ 24 റണ്‍സേ വിട്ടുകൊടുത്തുള്ളൂവെങ്കില്‍ നാല് ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ടിനെയും യൂസ്‌വേന്ദ്ര ചഹലിനെയും 48 വീതവും സന്ദീപ് ശര്‍മ്മയെ 42 ഉം, രണ്ടോവറില്‍ ആവേഷ് ഖാനെ 42 ഉം റണ്‍സടിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ കൊതിക്കുന്നത് ബൗളര്‍മാര്‍ ഫോമിലേക്ക് മടങ്ങിവരും എന്നാണ്. ചെന്നൈയിലെ പിച്ചില്‍ അശ്വിന് പുറമെ ചഹലിനും സന്ദീപ് ശര്‍മ്മയ്ക്കും പ്രതീക്ഷവെക്കാം.

ബാറ്റിംഗിലാണ് ഇതിലേറെ തലവേദനകള്‍ രാജസ്ഥാന്‍ റോയല്‍സിനുള്ളത്. ഡല്‍ഹിക്കെതിരെ സഞ്ജു സാംസണ്‍ 46 പന്തില്‍ 86 റണ്‍സ് നേടിയെങ്കില്‍ മറ്റാരും കാര്യമായി പിന്തുണയ്‌ക്കാനുണ്ടായിരുന്നില്ല. 27 റണ്‍സെടുത്ത റിയാന്‍ പരാഗായിരുന്നു രണ്ടാമത്തെ ടോപ് സ്കോറര്‍. യശസ്വി ജയ്‌സ്വാള്‍ നാലും, ജോസ് ബട്‌ലര്‍ 19 ഉം, ശുഭം ദുബെ 25 ഉം, റോവ്‌മാന്‍ പവല്‍ 13 ഉം, ഡൊണോവന്‍ ഫെരേര ഒന്നും, രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി. ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിംഗ് മികവിലേക്ക് പവലിന് ഉയരാനാകാതെ പോയതും തിരിച്ചടിയായി. അതിനാല്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സഞ്ജു തയ്യാറായേക്കും.

എന്നാല്‍ താരങ്ങളുടെ ലഭ്യത രാജസ്ഥാന്‍ റോയല്‍സിനെ വലയ്ക്കുന്ന ഒരു ഘടകമാണ്. ഡല്‍ഹി ക്യാപ്റ്റല്‍സിനെതിരെ കളിക്കാനാവാതെ വന്ന ഷിമ്രോന്‍ ഹെറ്റ്‌മെയറും ധ്രുവ് ജൂരെലും ഞായറാഴ്‌ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിക്കുമോ എന്ന് വ്യക്തമല്ല. ഹെറ്റ്‌മെയര്‍ എത്തിയാല്‍ ഫിനിഷിംഗില്‍ കൂടുതല്‍ കരുത്താകും എന്നാണ് കണക്കുകൂട്ടല്‍. സ്ഥിരത കാണിക്കാത്ത പേസര്‍ ആവേഷ് ഖാന് പകരം കുല്‍ദീപ് സെന്നിന് അവസരം നല്‍കുമോ എന്ന് കാത്തിരുന്നറിയാം. റോയല്‍സിന്‍റെ സാധ്യതാ ഇലവനെ കുറിച്ച് സൂചനകള്‍ വരുന്നുണ്ടെങ്കിലും താരങ്ങളുടെ പരിക്കിന്‍റെ കാര്യത്തില്‍ പുതിയ വിവരങ്ങളൊന്നും ലഭ്യമല്ല. 

രാജസ്ഥാന്‍ റോയല്‍സ് സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്‌മാന്‍ പവല്‍/ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ഡൊണോവന്‍ ഫെരേര, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്‍ഡ് ബോള്‍ട്ട്, സന്ദീപ് ശര്‍മ്മ, യൂസ്‌വേന്ദ്ര ചഹല്‍, ആവേഷ് ഖാന്‍/കുല്‍ദീപ് സെന്‍. ഇംപാക്ട് സബ്: ജോസ് ബട്‌ലര്‍. 

Read more: സിഎസ്‌കെ ആ സീനിയര്‍ താരത്തെ എന്തിന് കളിപ്പിക്കുന്നു? ഒരു പിടുത്തവും കിട്ടുന്നില്ലെന്ന് ആകാശ് ചോപ്ര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ
തൂക്കിയടിച്ച് അഭിഷേക് ശര്‍മ, സിക്സര്‍ വേട്ടയില്‍ റെക്കോര്‍ഡ്