Latest Videos

ബൗളര്‍മാര്‍ ഇങ്ങനെ തല്ലുകൊള്ളുന്നത് കാണാന്‍ വയ്യ, കളി വിരസം; വമ്പന്‍ മാറ്റം നിര്‍ദേശിച്ച് ഗവാസ്‌കര്‍

By Web TeamFirst Published Apr 21, 2024, 3:51 PM IST
Highlights

ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐ ചില മാറ്റങ്ങള്‍ക്ക് മുതിരണം എന്നാണ് ഇതിഹാസ ബാറ്ററും കമന്‍റേറ്റുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്

ദില്ലി: ഐപിഎല്‍ 2024 സീസണ്‍ ബൗളര്‍മാരുടെ ദുരന്ത വേദിയാവുകയാണ്. 200 റണ്‍സ് മാര്‍ക്ക് അനായാസം മറികടന്ന് ടീമുകള്‍ ബാറ്റിംഗ് വെടിക്കെട്ട് കാഴ്ചവെക്കുന്നതാണ് സീസണില്‍ കാണുന്നത്. 35 മത്സരങ്ങള്‍ മാത്രം ഐപിഎല്‍ സീസണില്‍ ഇതുവരെ പൂര്‍ത്തിയായപ്പോള്‍ 15 തവണ 200 റണ്‍സോ അതിലേറെയോ പിറന്നു. അഞ്ചുവട്ടമാണ് ടീമുകള്‍ 250 റണ്‍സിന് അപ്പുറം സ്കോര്‍ ചെയ്തത്. ഇതില്‍ മൂന്ന് ടോട്ടലുകളും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ വകയായിരുന്നു. ഈ സീസണില്‍ 300 റണ്‍സ് ടാര്‍ഗറ്റിലേക്ക് ടീമുകള്‍ എത്തുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. 

ഇതോടെ ബൗളര്‍മാരെ സഹായിക്കാന്‍ ബിസിസിഐ ചില മാറ്റങ്ങള്‍ക്ക് മുതിരണം എന്നാണ് ഇതിഹാസ ബാറ്ററും കമന്‍റേറ്റുമായ സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. 'ക്രിക്കറ്റ് ബാറ്റില്‍ മാറ്റം വേണമെന്ന് ഞാന്‍ പറയുന്നില്ല. കാരണം, നിയമാനുസൃതമാണ് ബാറ്റുകള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഗ്രൗണ്ടുകളിലെ ബൗണ്ടറിയുടെ വലിപ്പത്തില്‍ വ്യത്യാസം വരുത്തണം. രണ്ടുമൂന്ന് മീറ്റര്‍ ദൂരം വര്‍ധിപ്പിച്ചാല്‍ തന്നെ ക്യാച്ചുകളുടെയും സിക്‌സറുകളുടേയും കാര്യത്തില്‍ വലിയ വ്യത്യാസം വരും. ഇതോടെ പല സിക്‌സുകളും ക്യാച്ചുകളായി മാറും. ഇത്തരമൊരു മാറ്റത്തിന് നമ്മള്‍ തയ്യാറായില്ലെങ്കില്‍ എന്നും ജീവന്‍ ബലികഴിക്കേണ്ടിവരിക ബൗളര്‍മാരായിക്കും' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 'ഇത് അവസാന ഊഴമാണ് എന്ന രീതിയിലാണ് ബാറ്റര്‍മാര്‍ ബാറ്റ് വീശുന്നത്. ക്രീസിലേക്ക് വരുന്നു, ആഞ്ഞടിക്കുന്നു. അതത്ര ആസ്വാദ്യകരമല്ല, ബാറ്റര്‍മാരും ബൗളര്‍മാരും തമ്മില്‍ ശക്തമായ മത്സരമുണ്ടായാലേ ക്രിക്കറ്റ് കാഴ്‌ചയ്ക്ക് രസകരമാകൂ' എന്നും സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലില്‍ അടിയുടെ പൊടിപൂരമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തില്‍ ഇന്നലെ കണ്ടത്. ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ 7 വിക്കറ്റിന് 266 റണ്‍സ് അടിച്ചുകൂട്ടി. ഡല്‍ഹിയുടെ മറുപടി ബാറ്റിംഗ് 19.1 ഓവറില്‍ 199 റണ്‍സില്‍ അവസാനിച്ചതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 67 റണ്‍സിന് വിജയിച്ചു. ട്രാവിഡ് ഹെഡ് (32 പന്തില്‍ 89), അഭിഷേക് ശര്‍മ്മ (12 പന്തില്‍ 46) എന്നിവരുടെ ഓപ്പണിംഗ് വെടിക്കെട്ടിന് പിന്നാലെ ഷഹ്‌ബാദ് അഹമ്മദ്* (29 പന്തില്‍ 59), നിതീഷ് റെഡ്ഡി (27 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് സണ്‍റൈസേഴ്‌‌സിനെ 250 കടത്തിയത്. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് 300 റണ്‍സ് സ്കോര്‍‌ബോര്‍ഡില്‍ ചേര്‍ക്കുമെന്ന് ഒരുവേള പ്രതീക്ഷയുണ്ടായിരുന്നു. 

Read more: ഡിആര്‍എസ് എടുക്കാന്‍ ഡഗ് ഔട്ടില്‍ നിന്ന് ഒരു കൈ സഹായം; പൊള്ളാര്‍ഡും ടിം ഡേവി‍ഡും കുറ്റക്കാര്‍, പിഴ ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!