
മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ഡഗ് ഔട്ടിലിരുന്ന് വൈഡിനായി ഡിആര്‍എസ് എടുക്കാന്‍ സിഗ്നല്‍ നല്‍കിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിംഗ് പരിശീലകന്‍ കെയ്റോണ്‍ പൊള്ളാര്‍ഡും ബാറ്റര്‍ ടിം ഡേവിഡും കുറ്റക്കാരെന്ന് മാച്ച് റഫറി കണ്ടെത്തി. ഇരുവരും ലെവല്‍-1 കുറ്റം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തില്‍ മാച്ച് ഫീയുടെ 20 ശതമാനം പിഴയായി റഫറി വിധിച്ചു. ഇരുവരും തെറ്റ് അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കാതെയാണ് പിഴശിക്ഷ വിധിച്ചത്.
ഫീല്‍ഡ് അമ്പയര്‍മാരായിരുന്ന നന്ദ കിഷോര്‍, വീനീത് കുല്‍ക്കര്‍ണി, ടിവി അമ്പയറായിരുന്ന നിതിന്‍ മേനോന്‍, മാച്ച് റഫറി സഞ്ജയ് വര്‍മ എന്നിവര്‍ മത്സരത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മത്സരം നടക്കുമ്പോള്‍ ക്യാപ്റ്റനോ കളിക്കാരനോ ഫീല്‍ഡില്‍ ഇല്ലാത്ത താരത്തില്‍ നിന്ന് നിര്‍ദേശം സ്വീകരിക്കുകയോ താരത്തിന് നിര്‍ദേശം നല്‍കുകയോ ചെയ്തെന്ന് തെളിഞ്ഞാല്‍ അച്ചടക്ക നടപടിയെടുക്കണമെന്ന നിയമം അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ നടപടി.
ഹൈദരാബാദിന്‍റെ തകര്‍പ്പൻ തിരിച്ചുവരവിന് പിന്നില്‍ കാവ്യയുടെ കണ്ണീരും തലൈവരുടെ വാക്കുകളും
പഞ്ചാബ്-മുംബൈ മത്സരത്തില്‍ അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ പതിനഞ്ചാം ഓവറിലെ അവസാന പന്തിലാണ് വിവാദ സംഭവം അരങ്ങേറിയത്. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്ത് ലെഗ് സ്റ്റംപിന് പുറത്ത് സ്റ്റാന്‍ഡ് എടുത്തു നിന്നിരുന്ന സൂര്യകുമാര്‍ യാദവിന് കണക്ട് ചെയ്യാനായില്ല. വൈഡാണോ എന്ന സംശയത്തില്‍ റിവ്യു എടുക്കണോ എന്ന ആശയക്കുഴപ്പത്തില്‍ സൂര്യ നില്‍ക്കുമ്പോള്‍ ഡഗ് ഔട്ടിലിരുന്ന് പൊള്ളാര്‍ഡും ടിം ഡേവിഡും വൈഡാണെന്നും റിവ്യു എടുക്കാനും സൂര്യയോട് കൈകൊണ്ട് ആംഗ്യം കാട്ടി.
പിന്നാലെ സൂര്യകുമാര്‍ റിവ്യു എടുത്തു. അവസാന സെക്കന്‍ഡിലാണ് സൂര്യ റിവ്യു എടുത്തത് എന്നതിനാല്‍ പഞ്ചാബ് നായകന്‍ സാം കറൻ അമ്പയറോട് തര്‍ക്കിക്കുകയും ചെയ്തു. എന്നാല്‍ സൂര്യകുമാര്‍ ഡഗ് ഔട്ടിലെ സിഗ്നല്‍ നോക്കിയിരുന്നില്ലെന്ന് ബോധ്യമുള്ളതിനാലാണ് ആ റിവ്യു അനുവദിച്ചതെന്ന് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇല്ലായിരുന്നെങ്കില്‍ ആ റിവ്യു അനുവദിക്കുമായിരുന്നില്ല. റിവ്യുവില്‍ പന്ത് വൈഡായി. സൂര്യകുമാര്‍ ഡഗ് ഔട്ടിലെ സിഗ്നല്‍ നോക്കിയില്ലെങ്കിലും ഡഗ് ഔട്ടില്‍ നിന്ന് ഇത്തരം സിഗ്നലുകള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നതിനാലാണ് പൊള്ളാര്‍ഡിനും ടിം ഡേവിഡിനും മാച്ച് റഫറി പിഴശിക്ഷ വിധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക