മോഹക്കപ്പിലേക്ക് വഴിയൊരുക്കിയ 4 ഓവറുകൾ! ഇത് ആര്‍സിബിയുടെ 'ക്രൂഷ്യൽ' പാണ്ഡ്യ

Published : Jun 03, 2025, 11:38 PM IST
മോഹക്കപ്പിലേക്ക് വഴിയൊരുക്കിയ 4 ഓവറുകൾ! ഇത് ആര്‍സിബിയുടെ 'ക്രൂഷ്യൽ' പാണ്ഡ്യ

Synopsis

പ്രഭ്സിമ്രാൻ സിംഗിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വിക്കറ്റുകളാണ് ക്രുനാൽ പാണ്ഡ്യ സ്വന്തമാക്കിയത്.

അഹമ്മദാബാദ്: ഐപിഎല്ലിൽ നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കപ്പുയര്‍ത്തിയപ്പോൾ നിര്‍ണായകമായത് സ്പിന്നര്‍ ക്രുനാൽ പാണ്ഡ്യയുടെ തകര്‍പ്പൻ ബൗളിംഗ് പ്രകടനം. 4 ഓവറുകൾ പൂര്‍ത്തിയാക്കിയ ക്രുനാൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് 2 നിര്‍ണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. പ്രഭ്സിമ്രാൻ സിംഗും ജോഷ് ഇംഗ്ലിസും ക്രുനാലിന്റെ ഇരകളായി. 

പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ നായകൻ രജത് പാട്ടീദാര്‍ ക്രുനാൽ പാണ്ഡ്യയെ പന്തേൽപ്പിച്ചു. 7-ാം ഓവറിൽ വെറും 3 റൺസ് മാത്രമാണ് ക്രുനാൽ വഴങ്ങിയത്. മത്സരത്തിന്റെ 9-ാം ഓവറിലാണ് ക്രുനാൽ പഞ്ചാബിന് ആദ്യ പ്രഹരമേൽപ്പിച്ചത്. അപകടകാരിയായ പ്രഭ്സിമ്രാൻ സിംഗിനെ ക്രുനാൽ മടക്കിയയച്ചു. ക്രീസിൽ നിന്ന് ഇറങ്ങിയടിക്കാനുള്ള പ്രഭ്സിമ്രാന് പിഴച്ചു. ഓഫ് സ്റ്റംപിന് പുറത്ത് വന്ന പന്ത് കണക്ട് ചെയ്യാൻ പ്രഭ്സിമ്രാന് കഴിഞ്ഞില്ല. മുകളിലേയ്ക്ക് ഉയര്‍ന്ന പന്ത് സുരക്ഷിതമായി ഭുവനേശ്വര്‍ കുമാറിന്റെ കൈകളിലെത്തി. 22 പന്തുകൾ നേരിട്ട് 26 റൺസുമായി പ്രഭ്സിമ്രാൻ മടങ്ങി. 

10-ാം ഓവര്‍ എറിയാൻ ക്രുനാൽ വീണ്ടുമെത്തിയെങ്കിലും ആദ്യ പന്ത് തന്നെ ജോഷ് ഇംഗ്ലിസ് സിക്സറടിച്ചു. എന്നാൽ, പതാറാതെ പന്തെറിഞ്ഞ ക്രുനാൽ പീന്നീടുള്ള അഞ്ച് പന്തുകളിൽ വെറും ഒരു റൺ മാത്രമാണ് വഴങ്ങിയത്. 13-ാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ജോഷ് ഇംഗ്ലിസിന്റെ നിര്‍ണായകമായ വിക്കറ്റ് കൂടി ക്രുനാൽ സ്വന്തമാക്കി. ക്രീസിൽ നിന്ന് സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സര്‍ നേടാനുള്ള ഇംഗ്ലിഷിന്റെ ശ്രമം പാഴായി. ബൗണ്ടറി ലൈനിൽ ലിയാം ലിവിംഗ്സ്റ്റൺ മനോഹരമായ ക്യാച്ചിലൂടെ ഇംഗ്ലിസിനെ കൈപ്പിടിയിലൊതുക്കി. 23 പന്തിൽ 39 റൺസുമായി ഇംഗ്ലിസ് മടങ്ങുമ്പോൾ പഞ്ചാബ് അപകടം മണത്തിരുന്നു. ഈ ഓവറിൽ വെറും 3 റൺസ് മാത്രമാണ് ക്രുനാൽ വഴങ്ങിയത്. 

4 ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത ക്രുനാൽ 2 വിക്കറ്റുകൾ സ്വന്തമാക്കി ആര്‍സിബിയ്ക്ക് മത്സരത്തിൽ വ്യക്തമായ ആധിപത്യം നൽകി. 17-ാം ഓവറിൽ നെഹാൽ വധേരയുടെ ക്യാച്ചുമെടുത്ത് ക്രുനാൽ പാണ്ഡ്യ ഫൈനൽ മത്സരം അവിസ്മരണീയമാക്കി മാറ്റി. 

PREV
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര