
മൊഹാലി: ഐപിഎല്ലിലെ നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും ജോണി ബെയര്‍സ്റ്റോയുടെയും തകര്‍പ്പൻ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച അടിത്തറയൊരുക്കിയത്. മധ്യനിരയും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ മുംബൈയുടെ സ്കോര്‍ കുതിച്ചുയരുകയായിരുന്നു.
പവര്‍ പ്ലേയിൽ രോഹിത്തിനെ അപേക്ഷിച്ച് ജോണി ബെയര്‍സ്റ്റോയായിരുന്നു കൂടുതൽ അപകടകാരി. ഗുജറാത്ത് ബൗളര്‍മാരെ ബെയര്‍സ്റ്റോ തലങ്ങും വിലങ്ങും പായിച്ചു. നാലാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് എതിരെ മാത്രം 26 റൺസാണ് ബെയര്‍സ്റ്റോ അടിച്ചുകൂട്ടിയത്. ഇതിനിടെ രോഹിത് ശര്‍മ്മയെ പുറത്താക്കാൻ ലഭിച്ച അവസരം രണ്ട് തവണയാണ് ഗുജറാത്ത് ഫീൽഡര്‍മാര്‍ പാഴാക്കി കളഞ്ഞത്. ബൗണ്ടറി ലൈനിനരികെ ജെറാൾഡ് കോര്‍ട്സിയയും ജോസ് ബട്ലര്‍ക്ക് പകരം ടീമിലെത്തിയ വിക്കറ്റ് കീപ്പര്‍ കുശാൽ മെൻഡിസുമാണ് പിഴവ് വരുത്തിയത്. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് എന്ന നിലയിലായിരുന്നു.
സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള ഗില്ലിന്റെ പരീക്ഷണം 8-ാം ഓവറിൽ ഫലം കണ്ടു. സായ് കിഷോറിനെതിരെ ആദ്യ പന്തിൽ റിവേഴ്സ് സ്വീപ്പിലൂടെ 2 റൺസ് നേടിയ ബെയര്‍സ്റ്റോ രണ്ടാം പന്തിൽ വീണ്ടും സമാനമായ ഷോട്ടിന് ശ്രമിച്ചു. എന്നാൽ, ഇത്തവണ ഭാഗ്യം ഗുജറാത്തിനൊപ്പം നിന്നു. ബാക്വേര്‍ഡ് പോയിന്റിൽ ക്യാച്ച് എടുക്കാൻ ശ്രമിച്ച സായ് സുദര്‍ശന്റെ കൈയ്യിൽ തട്ടി തെറിച്ച പന്ത് നേരെ ഷോര്‍ട്ട് തേഡിൽ നിലയുറപ്പിച്ച ജെറാൾഡ് കോര്‍ട്സിയയുടെ കൈകളിലെത്തി. 22 പന്തിൽ 47 റൺസ് നേടിയ ബെയര്‍സ്റ്റോ പുറത്ത്. ഇതോടെ രോഹിത്-സൂര്യ സഖ്യം ക്രീസിലൊന്നിച്ചു. 9-ാം ഓവറിൽ റാഷിദ് ഖാനെതിരെ ബൗണ്ടറിയും സിക്സറും കണ്ടെത്തിയ രോഹിത് ടീം സ്കോര്‍ 8.4 ഓവറിൽ 100 തികച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ ബൗണ്ടറി നേടി രോഹിത് ശര്‍മ്മ 28 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ചു.
മത്സരത്തിന്റെ 12-ാം ഓവറിൽ വീണ്ടും കീപ്പര്‍ കുശാൽ മെൻഡിസ് ക്യാച്ച് പാഴാക്കി. 15 പന്തിൽ 25 റൺസുമായി ക്രീസിൽ നിലയുറപ്പിച്ചിരുന്ന സൂര്യകുമാര്‍ യാദവിനെയാണ് ഇത്തവണ കുശാൽ മെൻഡിസ് കൈവിട്ടത്. എന്നാൽ,13-ാം ഓവറിൽ സൂര്യകുമാര്‍ യാദവിനെ സായ് കിഷോര്‍ പുറത്താക്കി. 20 പന്തുകൾ നേരിട്ട സൂര്യകുമാര്‍ യാദവ് 33 റൺസുമായാണ് മടങ്ങിയത്. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികളും സിക്സറുകളും നേടി രോഹിത് ഒരറ്റത്ത് നങ്കൂരമിട്ടതോടെ മുംബൈയുടെ സ്കോര്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. 15 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ടീം സ്കോര്‍ 2ന് 160 റൺസ് എന്ന നിലയിലെത്തി. 17-ാം ഓവറിന്റെ നാലാം പന്തിൽ രോഹിത് ശര്‍മ്മ മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്ക് എതിരെ കൂറ്റൻ ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ റാഷിദ് ഖാൻ പിടികൂടി. 50 പന്തുകൾ നേരിട്ട രോഹിത് 9 ബൗണ്ടറികളുടെയും 4 സിക്സറുകളുടെയും അകമ്പടിയോടെ 81 റൺസ് നേടിയാണ് മടങ്ങിയത്.
11 പന്തിൽ 25 റൺസ് നേടിയ തിലക് വര്‍മ്മയെ മുഹമ്മദ് സിറാജ് മടക്കിയയച്ചു. 18.2 ഓവറിൽ ടീം സ്കോര്‍ 200ൽ എത്തി. 6 പന്തിൽ 9 റൺസ് നേടിയ നമാൻ ധിറിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ പര്‍പ്പിൾ ക്യാപ് ലിസ്റ്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നൂര്‍ അഹമ്മദിനെ മറികടന്ന് 25 വിക്കറ്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. അവസാന ഓവറിൽ കോര്‍ട്സിയയ്ക്ക് എതിരെ മൂന്ന് സിക്സറുകൾ പറത്തിയ നായകൻ ഹാര്‍ദിക് പാണ്ഡ്യ (22*) മുംബൈയുടെ സ്കോര്‍ 228ൽ എത്തിച്ചു.