വീണ്ടും റൺമല കയറാനാകാതെ ധോണിയും ടീമും; ചെന്നൈയ്ക്ക് എതിരെ പഞ്ചാബിന് 18 റൺസ് വിജയം

Published : Apr 08, 2025, 11:23 PM IST
വീണ്ടും റൺമല കയറാനാകാതെ ധോണിയും ടീമും; ചെന്നൈയ്ക്ക് എതിരെ പഞ്ചാബിന് 18 റൺസ് വിജയം

Synopsis

അവസാന ഓവറുകളിൽ ധോണി നടത്തിയ രക്ഷാപ്രവര്‍ത്തനവും ഫലം കണ്ടില്ല. 

മൊഹാലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ പഞ്ചാബ് കിംഗ്സിന് 18 റൺസ് വിജയം. 220 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന ഓവറുകളിലെ ധോണിയുടെ ബാറ്റിംഗ് വെടിക്കെട്ടിനും ചെന്നൈയെ രക്ഷിക്കാനായില്ല. 69 റൺസ് നേടിയ ഡെവോൺ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. 

കൂറ്റൻ വിജയലക്ഷ്യം മുന്നിലുണ്ടായിട്ടും പവര്‍ പ്ലേയിൽ പതിവുപോലെ സാവധാനമാണ് ചെന്നൈ തുടങ്ങിയത്. ഡെവോൺ കോൺവെയും രചിൻ രവീന്ദ്രയും വിക്കറ്റ് വലിച്ചെറിയാതെ  ടീം സ്കോര്‍ ഉയര്‍ത്താനായിരുന്നു ശ്രമം. ആദ്യ മൂന്ന് ഓവറുകൾ പിന്നിട്ടപ്പോൾ ചെന്നൈയുടെ സ്കോര്‍ വെറും 22 റൺസ്. നാലാം ഓവറിൽ യാഷ് താക്കൂറിന്‍റെ ആദ്യ പന്ത് തന്നെ ബൗണ്ടറിയിലേയ്ക്ക് പായിച്ച്  കോൺവെ തുടക്കമിട്ട ആക്രമണം അവസാന മൂന്ന് പന്തുകളിലും ബൗണ്ടറി നേടിയ രചിൻ പൂര്‍ത്തിയാക്കി. ഈ ഓവറിൽ മാത്രം 17 റൺസ് പിറന്നു. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്പോൾ ടീം സ്കോര്‍ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസ് എന്ന നിലയിലെത്തിക്കാൻ ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും പിന്നീട് കഥ മാറി. 

പവര്‍ പ്ലേ പൂര്‍ത്തിയായതിന് പിന്നാലെ വീണ്ടുമെത്തിയ മാക്സ്വെല്ലിന്‍റെ പന്തിന് മുന്നിൽ രചിൻ രവീന്ദ്രയ്ക്ക് പിഴച്ചു. സ്റ്റെപ്പൗട്ട് ചെയ്ത് കൂറ്റൻ ഷോട്ടിന് ശ്രമിച്ച രചിനെ വിക്കറ്റിന് പിന്നിൽ നിന്ന പ്രഭ്സിമ്രാൻ സിംഗ് സ്റ്റംപിംഗിലൂടെ പുറത്താക്കി. 23 പന്തിൽ 36 റൺസ് നേടി രചിൻ പുറത്തായതിന് പിന്നാലെ തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തിൽ നായകൻ റിതുരാജ് ഗെയ്ക്വാദും (1) പുറത്തായി. ലോക്കി ഫെര്‍ഗൂസന്‍റെ പന്തിൽ ഡീപ് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ച ശശാങ്ക് സിംഗ് മനോഹരമായ ക്യാച്ചിലൂടെയാണ് ഗെയ്ക്വാദിനെ മടക്കിയയച്ചത്. 

ചെന്നൈ ഇന്നിംഗ്സിന്‍റെ ആദ്യ പകുതി പിന്നിട്ടപ്പോൾ ടീം സ്കോര്‍ 2 വിക്കറ്റ് നഷ്ടത്തിൽ 91 റൺസ് എന്ന നിലയിലായിരുന്നു. 10.5 ഓവറിൽ ടീം സ്കോര്‍ 100ൽ എത്തി. ഇതിനിടെ കോൺവെയെ പുറത്താക്കാനുള്ള അവസരം തുടര്‍ച്ചയായ രണ്ട് പന്തുകളിൽ പഞ്ചാബ് ഫീൽഡര്‍മാര്‍ കൈവിട്ടു കളഞ്ഞു. 12 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈ 2ന് 110. 13-ാം ഓവറിൽ 10 റൺസും 14-ാം ഓവറിൽ 19 റൺസും പിറന്നതോടെ ചെന്നൈ ആരാധകര്‍ ആവേശത്തിലായി. എന്നാൽ അര്‍ഷ്ദീപ് എറിഞ്ഞ 15-ാം ഓവറിൽ വെറും 6 സിംഗിളുകൾ മാത്രമാണ് പിറന്നത്. ശിവം ദുബെയുടെ ക്യാച്ച് ലോക്കി ഫെര്‍ഗൂസൺ കൈവിടുകയും ചെയ്തു. 

16-ാം ഓവറിൽ പന്തെറിയാനെത്തിയ ഫെര്‍ഗൂസൺ ദുബെയെ പുറത്താക്കി പ്രായശ്ചിത്തം ചെയ്തു. തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണി ക്രീസിലെത്തി. 16 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈ 3ന് 152 റൺസ് എന്ന നിലയിൽ. ചഹൽ എറിഞ്ഞ 17-ാം ഓവറിൽ ഒരു ബൗണ്ടറി പോലും നേടാൻ കോൺവെയ്ക്കും ധോണിയ്ക്കും കഴിഞ്ഞില്ല. ഇതോടെ 3 ഓവറിൽ വിജയലക്ഷ്യം 59 റൺസായി. 18-ാം ഓവറിൽ ഡെവോൺ കോൺവെ റിട്ടയേഡ് ഔട്ട് ആകുകയും പകരം ജഡേജ ക്രീസിലെത്തുകയും ചെയ്തു. അവസാന രണ്ട് പന്തുകൾ അതിര്‍ത്തി കടത്തി ധോണി ചെന്നൈ ആരാധകര്‍ക്ക് പ്രതീക്ഷ നൽകി. തൊട്ടടുത്ത ഓവറിലും ധോണിയുടെ ബാറ്റിൽ നിന്ന് സിക്സറും ഫോറും പറന്നതോടെ ചെന്നൈ വിജയപ്രതീക്ഷയിലായി.

അവസാന ഓവറിൽ 28 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ധോണി ആദ്യ പന്തിൽ തന്നെ പുറത്തായി. രണ്ടാം പന്തിൽ വിജയ് ശങ്കര്‍ സിംഗിൾ നേടിയതോടെ ചെന്നൈ പരാജയം ഉറപ്പിച്ചു. പിന്നീട് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ചെന്നൈയുടെ ഇന്നിംഗ്സ് 201 റൺസിൽ അവസാനിച്ചു. ജയത്തോടെ പോയിന്റ് പട്ടികയിൽ പഞ്ചാബ് കിംഗ്സ് നാലാം സ്ഥാനത്തെത്തി. ചെന്നൈ 9-ാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 

READ MORE: ഐപിഎല്ലിൽ വീണ്ടുമൊരു ത്രില്ലര്‍; ലക്ഷ്യത്തിനരികെ കാലിടറി കൊൽക്കത്ത, ലക്നൗവിന് 4 റൺസ് ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം