അവസാനം കത്തിക്കയറി ഡൽഹി; രാജസ്ഥാന് മുന്നിൽ വമ്പൻ വിജയലക്ഷ്യം, ജയിക്കാൻ വേണ്ടത് 189 റൺസ്

Published : Apr 16, 2025, 09:17 PM IST
അവസാനം കത്തിക്കയറി ഡൽഹി; രാജസ്ഥാന് മുന്നിൽ വമ്പൻ വിജയലക്ഷ്യം, ജയിക്കാൻ വേണ്ടത് 189 റൺസ്

Synopsis

37 പന്തിൽ 49 റൺസ് നേടിയ അഭിഷേക് പോറെലിന്റെ വിക്കറ്റ് ഹസരംഗ സ്വന്തമാക്കി. 

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി 5 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. മൂന്നാമനായി ക്രീസിലെത്തി 49 റൺസ് നേടിയ അഭിഷേക് പോറെലാണ് ഡൽഹിയുടെ ടോപ് സ്കോറര്‍.

ഓപ്പണര്‍മാരായ ജെയ്ക് ഫ്രേസര്‍ മക്ഗ്രുക്കും അഭിഷേക് പോറെലും മികച്ച തുടക്കമാണ് ഡൽഹിയ്ക്ക് നൽകിയത്. ജോഫ്ര ആര്‍ച്ചറിന്‍റെ ആദ്യ ഓവറിൽ 10 റൺസും തുഷാര്‍ ദേശ്പാണ്ഡെയുടെ രണ്ടാം ഓവറിൽ 23 റൺസും സഹിതം ആദ്യ രണ്ട് ഓവറിൽ 33 റൺസാണ് ഇരുവരും അടിച്ചെടുത്തത്. എന്നാൽ, മൂന്നാം ഓവറിൽ മക്ഗുര്‍ക്കിനെ മടക്കിയയച്ച് ജോഫ്ര ആര്‍ച്ചര്‍ ആദ്യ പ്രഹരമേൽപ്പിച്ചു. തൊട്ടടുത്ത ഓവറിൽ കരുൺ നായര്‍ റൺസ് നേടും മുമ്പെ റണ്ണൗട്ടാകുകയും ചെയ്തതോടെ ഡൽഹി പതറി. പിന്നാലെ ക്രീസിലൊന്നിച്ച കെ.എൽ രാഹുൽ - അഭിഷേക് പോറെൽ സഖ്യം കരുതലോടെ ബാറ്റ് വീശി ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയി. പവര്‍ പ്ലേ അവസാനിക്കുമ്പോൾ ഡൽഹി 2 വിക്കറ്റ് നഷ്ടത്തിൽ 46 റൺസ് എന്ന നിലയിലായിരുന്നു. 

രാഹുൽ - അഭിഷേക് സഖ്യം 50 റൺസ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഡൽഹി മത്സരത്തിലേയ്ക്ക് തിരിച്ചുവരുമെന്ന പ്രതീതിയുണ്ടായി. എന്നാൽ, 13-ാം ഓവറിൽ ആര്‍ച്ചര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. പുൾ ഷോട്ടിന് ശ്രമിച്ച രാഹുലിന് പിഴച്ചു. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഷിമ്രോൺ ഹെറ്റ്മെയറിന്‍റെ തകര്‍പ്പൻ ക്യാച്ചാണ് രാഹുലിനെ (38) മടക്കിയയച്ചത്. തൊട്ടടുത്ത ഓവറിൽ അഭിഷേകിനെ ഹസരംഗയും പുറത്താക്കി. അര്‍ധ സെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ അഭിഷേക് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 37 പന്തിൽ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 49 റൺസ് നേടി അഭിഷേക് മടങ്ങുമ്പോൾ ടീം സ്കോര്‍ 4ന് 105. 

16-ാം ഓവറിൽ ഹസരംഗയുടെ ആദ്യ മൂന്ന് പന്തുകളിൽ രണ്ട് ബൗണ്ടറികളും ഒരു സിക്സറും പറത്തി നായകൻ അക്സര്‍ പട്ടേൽ ഡൽഹിയുടെ സ്കോര്‍ ഉയര്‍ത്തി. അവസാന പന്തിൽ ട്രിസ്റ്റൺ സ്റ്റബ്സിനെ പുറത്താക്കാൻ ലഭിച്ച മികച്ച അവസരം റിയാൻ പരാഗ് കൈവിടുകയും ചെയ്തു. തൊട്ടടുത്ത ഓവറിൽ മഹേഷ് തീക്ഷണയ്ക്ക് എതിരെയും അക്സര്‍ ആക്രമണം തുടര്‍ന്നു. ഒരു സിക്സറും രണ്ട് ബൗണ്ടറികളും നേടാൻ സാധിച്ചെങ്കിലും അവസാന പന്തിൽ സിക്സറിന് ശ്രമിച്ച അക്സറിന‍്റെ ഷോട്ട് ധ്രുവ് ജുറെൽ കൈപ്പിടിയിലാക്കി. 14 പന്തുകൾ നേരിട്ട അക്സര്‍ 34 റൺസ് നേടിയ ശേഷമാണ് പുറത്തായത്.  

19-ാം ഓവറിൽ അശുതോഷ് ശ‍ര്‍മ്മയും ട്രിസ്റ്റൺ സ്റ്റബ്സും ചേര്‍ന്ന് ആര്‍ച്ചറിനെതിരെ 16 റൺസാണ് അടിച്ചെടുത്തത്. ഇതോടെ ടീം സ്കോര്‍ 169ൽ എത്തി. സന്ദീപ് ശര്‍മ്മ എറിഞ്ഞ അവസാന ഓവറിൽ 4 വൈഡുകളും ഒരു നോബോളും സഹിതം 19 റൺസ് നേടി. അവസാന പന്തിൽ മഹീഷ് തീക്ഷണ ട്രിസ്റ്റൺ സ്റ്റബ്സിന്‍റെ ക്യാച്ച് പാഴാക്കുകയും ചെയ്തു. 18 പന്തിൽ 34 റൺസുമായി സ്റ്റബ്സും 11 പന്തിൽ 15 റൺസുമായി അശുതോഷ് ശ‍ര്‍മ്മയും പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ആര്‍ച്ചര്‍ 2 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ തീക്ഷണയും ഹസരംഗയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

READ MORE: അങ്ങനെയങ്ങ് പോയാലോ? ഐപിഎല്ലിൽ ബാറ്റ് പരിശോധനയുമായി അമ്പയർമാർ, എന്താണ് കാരണം?

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍