മലപ്പുറം ഡാ, ഫുട്ബോളും വഴങ്ങും; ക്രോസ്‌ബാര്‍ ചലഞ്ചില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഞെട്ടിച്ച് വിഗ്നേഷ് പുത്തൂര്‍

Published : Apr 13, 2025, 12:20 PM ISTUpdated : Apr 13, 2025, 01:32 PM IST
മലപ്പുറം ഡാ, ഫുട്ബോളും വഴങ്ങും; ക്രോസ്‌ബാര്‍ ചലഞ്ചില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഞെട്ടിച്ച് വിഗ്നേഷ് പുത്തൂര്‍

Synopsis

'മോനെ വിഗി... ചെക്കന്‍ ഒരേ പൊളി' എന്ന തലക്കെട്ടോടെ മുംബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ ഇതിനകം മൂന്നര കോടിയോളം ആളുകള്‍ കണ്ടുകഴിഞ്ഞു

മുംബൈ: ഐപിഎല്‍ പതിനെട്ടാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ കണ്ടെത്തലാണ് മലപ്പുറത്ത് നിന്നുള്ള 24 വയസുകാരനായ ചൈനാമാന്‍ സ്‌പിന്നര്‍ വിഗ്നേഷ് പുത്തൂര്‍. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ മൂന്ന് വിക്കറ്റുമായി ശ്രദ്ധേയനായ വിഗ്നേഷ് ഫുട്ബോളിലും മോശക്കാരനല്ല. മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ ക്രോസ്‌ബാര്‍ ചലഞ്ചില്‍ പങ്കെടുക്കുന്ന വിഗ്നേഷ് പുത്തൂരിന്‍റെ വീഡിയോ വൈറലായിക്കഴിഞ്ഞു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ക്രോസ്‌ബാര്‍ ചലഞ്ചില്‍ അത്ഭുതപ്പെടുത്തുകയായിരുന്നു ഈ മലപ്പുറംകാരന്‍. 

'മോനെ വിഗി... ചെക്കന്‍ ഒരേ പൊളി' എന്ന തലക്കെട്ടോടെ മുംബൈ ഇന്ത്യന്‍സ് ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ ഇതിനകം 34 മില്യണിലധികം പേര്‍ കണ്ടു. വീഡിയോയ്ക്ക് 25 ലക്ഷത്തിലേറെ ലൈക്കുകള്‍ കിട്ടി. വീഡിയോയ്ക്ക് താഴെ ഏറെ കമന്‍റുകള്‍ മലയാളത്തില്‍ കാണാം. 'ചെക്കൻ മലപ്പുറം ആണ്, അത് ഉണ്ടാവും' എന്നായിരുന്നു വിഗ്നേഷിന്‍റെ ക്രോസ്‌ബാര്‍ ചലഞ്ച് വീഡിയോയ്ക്ക് ഒരാളുടെ കമന്‍റ്. 'കേരള സാര്‍', 'അറിയാല്ലോ ചെക്കന്‍ മലയാളി ആണ്'...എന്നിങ്ങനെ നീളുന്നു ആരാധക പ്രതികരണങ്ങള്‍. നിരവധി ആരാധകര്‍ മുംബൈ ടീമിലെ പാണ്ഡ്യ- വിഗ്നേഷ് ബോണ്ടിനെ പ്രശംസിക്കുകയും ചെയ്തു. 

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ് 24-കാരനായ വിഗ്നേഷ് പുത്തൂര്‍. ലോകത്തെ അപൂര്‍വം ചൈനാമാന്‍ സ്പിന്നര്‍മാരിലൊരാളായ വിഗ്നേഷിനെ ഐപിഎല്‍ മെഗാ താരലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ഇതുവരെ കേരള സീനിയര്‍ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത വിഗ്നേഷ് പുത്തൂര്‍ കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് മുംബൈ സ്‌കൗട്ടുകളുടെ കണ്ണില്‍ പതിഞ്ഞത്. 

ഐപിഎല്‍ പതിനെട്ടാം സീസണിന് മുമ്പ് വിഗ്നേഷ് പുത്തൂരിന് വിദേശ പരിശീലനത്തിന് മുംബൈ ഫ്രാഞ്ചൈസി അവസരം നല്‍കിയിരുന്നു. സൗത്ത് ആഫ്രിക്ക ട്വന്‍റി 20 ലീഗില്‍ മുംബൈ ഫ്രാഞ്ചൈസിക്ക് തന്നെ കീഴിലുള്ള എംഐ കേപ്‌ടൗണിന്‍റെ നെറ്റ് ബൗളറായി ലോകോത്തര താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞത് വിഗ്നേഷിന് ഐപിഎല്ലില്‍ ഗുണമായി. ഐപിഎല്ലില്‍ തന്‍റെ കന്നി സീസണില്‍ വിഗ്നേഷ് പുത്തൂര്‍ ഇതിനകം നാല് മത്സരങ്ങളില്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി. അരങ്ങേറ്റ മത്സരത്തില്‍ സിഎസ്‌കെയുടെ റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ പുറത്താക്കിയാണ് വിഗ്നേഷ് പുത്തൂര്‍ വരവറിയിച്ചത്. 

Read more: മിന്നിച്ച അരങ്ങേറ്റം; വിഗ്നേഷ് പുത്തൂരിന് മുംബൈ ഇന്ത്യന്‍സിന്‍റെ സ്പെഷ്യല്‍ ഗിഫ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇന്ത്യക്ക് വന്‍ തിരിച്ചടി! ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് വീണു, കിവീസിന് നേട്ടം
'ഇങ്ങനെ അവഗണിക്കാന്‍ മാത്രം സഞ്ജു എന്ത് തെറ്റാണ് ചെയ്തത്', ഗംഭീറിനോട് ചോദ്യവുമായി മുന്‍ സഹതാരം