ഇംപാക്‌ടുണ്ടായത് എതിര്‍ ടീമിന്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് തിലക് വര്‍മ്മയോ? റിട്ടയ്‌ഡ് ഔട്ടില്‍ വിവാദം

Published : Apr 05, 2025, 03:27 PM ISTUpdated : Apr 05, 2025, 03:30 PM IST
ഇംപാക്‌ടുണ്ടായത് എതിര്‍ ടീമിന്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചത് തിലക് വര്‍മ്മയോ? റിട്ടയ്‌ഡ് ഔട്ടില്‍ വിവാദം

Synopsis

തിലക് വര്‍മ്മയുടെ നേട്ടം രണ്ട് ഫോറുകളില്‍ ഒതുങ്ങിയതോടെ താരത്തെ മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനെ താരത്തെ തിരിച്ചുവിളിച്ചു

ലക്നൗ: മണ്ടത്തരങ്ങളുടെ ഘോഷയാത്രയോ, യാഥര്‍ശ്ചികമായി സംഭവിച്ചുപോയ ദുരന്തങ്ങളോ? ഐപിഎല്‍ പതിനെട്ടാം സീസണില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സിനോട് മുംബൈ ഇന്ത്യന്‍സ് തോറ്റതിന് പല കാരണങ്ങളും എയറിലുണ്ട്. പഴികള്‍ അധികവും ഉയരുന്നത് ഒട്ടും ഇംപാക്ട് സൃഷ്ടിക്കാതെ പോയ ഇംപാക്ട് പ്ലെയര്‍ തിലക് വര്‍മ്മയ്ക്കെതിരെയാണ്. എന്താണ് സത്യത്തില്‍ മുംബൈയുടെ തോല്‍വിയിലേക്ക് നയിച്ച കാരണങ്ങള്‍. 

മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ ലക്‌നൗ സൂപ്പര്‍ ജയന്‍റ്സ് മുന്നോട്ടുവെച്ചത് 204 റണ്‍സ് വിജയലക്ഷ്യമാണ്. ലഖ്നൗ പോലൊരു മൈതാനത്ത് അത്ര സുഖകരമല്ലാത്ത ടാര്‍ഗറ്റ്. 17 റണ്‍സിനിടെ വില്‍ ജാക്സും റയാന്‍ റിക്കിള്‍ട്ടണും മടങ്ങി ഓപ്പണര്‍മാര്‍ പരാജമായ മുംബൈ നമന്‍ ധിര്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ കരുത്തിലാണ് മത്സരത്തിലേക്ക് തിരിച്ചുവന്നത്. മുംബൈ കുപ്പായത്തില്‍ നൂറാം മത്സരത്തിനിറങ്ങിയ സൂര്യ 43 പന്തില്‍ 67 എടുത്തു. ധിര്‍ 24 ബോളുകളില്‍ 46 റണ്‍സും. എന്നാല്‍ ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ തിലക് വര്‍മ്മ സമ്മര്‍ദത്തിലായി. ഡെത്ത് ഓവറുകളില്‍ തിലകിന്‍റെ ബാറ്റില്‍ നിന്ന് സിംഗിളുകളാണ് അധികവും പിറന്നത്, അതിനോടൊപ്പം ഡോട്ട് ബോളുകളും. അവസാന ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഫിനിഷ് ശ്രമങ്ങളും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സ് 12 റണ്ണിന്‍റെ തോല്‍വി വഴങ്ങുകയായിരുന്നു. 

എവിടെയാണ് മുംബൈ ഇന്ത്യന്‍സിന് പിഴച്ചത്. ഈ ഐപിഎല്ലില്‍ ഒട്ടും ഫോമിലല്ലാത്ത ബാറ്ററാണ് തിലക് വര്‍മ്മ. ആ താരത്തെയാണ് മുംബൈ ഇംപാക്ട് സബ് ആയി ഇറക്കിയത്. 9-ാം ഓവറിലെ രണ്ടാം പന്തിലാണ് തിലക് വര്‍മ്മ ക്രീസിലേക്ക് വരുന്നത്. ആ സമയം മുംബൈയുടെ സ്കോര്‍ 86-3. ലക്നൗ സ്പിന്നര്‍മാരായ ദിഗ്‌വേഷ് സിംഗ് രാത്തിക്കെതിരെയും രവി ബിഷ്ണോയിക്കെതിരെയും, പേസര്‍മാരായ ആവേഷ് ഖാനെതിരെയും ഷര്‍ദുല്‍ താക്കൂറിനെതിരെയും തിലക് നന്നായി വിയര്‍ത്തു. തിലകിന്‍റെ നേട്ടം രണ്ട് ഫോറുകളില്‍ ഒതുങ്ങിയതോടെ താരത്തെ മുംബൈ പരിശീലകന്‍ മഹേള ജയവര്‍ധനെ തിരിച്ചുവിളിച്ചു. ഐപിഎല്‍ ചരിത്രത്തിലെ നാലാമത്തെ മാത്രം റിട്ടയ്ഡ് ഔട്ട്. ചേസിംഗില്‍ തിലകിന്‍റെ പേരിനൊപ്പം 23 പന്തില്‍ 25 റണ്‍സ് മാത്രം.

അങ്ങനെ തിലക് വര്‍മ്മ റിട്ടയ്‌ഡ് ഔട്ടായപ്പോള്‍ പകരമെത്തിയത് പേരിന് മാത്രം ഓള്‍റൗണ്ടറായ മിച്ചല്‍ സാന്‍റ്‌നര്‍. ആവേഷ് ഖാന്‍ എറിഞ്ഞ അവസാന ഓവറിലെ 22 റണ്‍സ് വിജയലക്ഷ്യം സാന്‍റ്‌നര്‍ക്കും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും എത്തിപ്പിടിക്കാനാവുന്നതായിരുന്നില്ലെന്നത് വിസ്മരിക്കാനാവാത്ത യാഥാര്‍ഥ്യം. പിന്നെന്തിന് തിലകിനേക്കാള്‍ മോശം ബാറ്ററായ സാന്‍റ്‌നറെ പരീക്ഷിക്കാന്‍ മുംബൈ ടീം തയ്യാറായി? ഇതിലും നല്ലത് യുവതാരം രാജ് ബാവയെ പരീക്ഷിക്കുന്നതായിരുന്നില്ലേ എന്ന് പലരും ചോദിക്കുന്നു.

ഇന്നിംഗ്സിലുടനീളം യാതൊരു ടച്ചുമില്ലാതെ തിലക് വര്‍മ്മ കിതച്ചു എന്നത് ശരിതന്നെ. എന്നാല്‍ തിലകിന് പകരം എന്തിന് മിച്ചല്‍ സാന്‍റ്‌നറെ ഇറക്കിയെന്ന പല മുന്‍ താരങ്ങളുടെയും ചോദ്യം അതിനൊപ്പം തന്നെ പ്രസക്തമാണ്. തിലകിനെ റിട്ടയ്ഡ് ഔട്ടാക്കി സാന്‍റ്‌നറെ ക്രീസിലേക്ക് കൊണ്ടുവന്നതിന്‍റെ യുക്തി ഹര്‍ഭജന്‍ സിംഗും ഹനുമാന്‍ വിഹാരിയും അടക്കമുള്ളവര്‍ക്ക് പിടികിട്ടിയില്ല. 
 
മത്സരത്തില്‍ ബൗളിംഗിലും മുംബൈ ഇന്ത്യന്‍സിന് പിഴച്ചു എന്ന് കാണാം. മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 36 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടും ആദ്യം ബാറ്റ് ചെയ്ത ലക്നൗ 20 ഓവറില്‍ 8 വിക്കറ്റിന് 203 റണ്‍സിലെത്തി. ലക്നൗ സ്റ്റേഡിയത്തെ സംബന്ധിച്ച് പടുകൂറ്റന്‍ സ്കോര്‍. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കായി നാല് വിക്കറ്റ് വീഴ്ത്തിയ മീഡിയം പേസര്‍ അശ്വിനി കുമാര്‍ ഇത്തവണ തല്ലുവാങ്ങി. മിച്ചല്‍ സാന്‍റ്‌നറും ദയനീയ പരാജയമായി. സാന്‍റ്‌നര്‍ യാതൊരു ഇംപാക്ടും സൃഷ്ടിച്ചില്ല. അതായത് ബൗളിംഗിലും ബാറ്റിംഗിലും മുംബൈക്ക് പിഴച്ചുവെന്ന് സാരം. മുംബൈ ഇന്ത്യന്‍സിന്‍റെ പ്ലാനുകളെല്ലാം എവിടെയൊക്കയോ പാളിയെന്ന് വ്യക്തം. 

Read more: ഇതൊരല്‍പം ഓവറല്ലേ? വീണ്ടും നോട്ട്‌ബുക്ക്-സ്റ്റൈല്‍ സെലിബ്രേഷനുമായി ദിഗ്‌വേഷ് സിംഗ് രാത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം
പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?