
മുംബൈ: ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ. താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത്, അച്ചടക്കം കർശനമാക്കുന്നതിന്‍റെ ഭാഗമായി ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യാനും ഫ്രാഞ്ചൈസികൾക്ക് പിഴ ചുമത്താനും ബിസിസിഐ തീരുമാനിച്ചു.
താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഹോട്ടൽ മുറികളിൽ ബിസിസിഐയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഏതു സമയത്തും മിന്നൽ പരിശോധന നടത്തുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ടീം മാനേജരുടെ മുൻകൂർ അനുമതിയില്ലാതെ ആരെയും മുറികളിൽ പ്രവേശിപ്പിക്കാൻ പാടില്ല. അത് അടുത്ത ബന്ധുക്കളാണെങ്കിൽ പോലും നിയമം ബാധകമാണ്. ഇതിന് പുറമെ ടീം അംഗങ്ങള്‍ ഹോട്ടലിന് പുറത്തേക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്കോ വിനോദങ്ങൾക്കോ പോകണമെങ്കിൽ സെക്യൂരിറ്റി ലെയ്‌സൺ ഓഫീസറുടെയോ ടീം ഇന്‍റഗ്രിറ്റി ഓഫീസറുടെയോ അനുമതി നിർബന്ധമാണ്.
മത്സരസമയത്ത് ഡഗ് ഔട്ടിലുള്ള താരങ്ങളുമായോ മാനേജർമാരുമായോ ഉടമകൾ സംസാരിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഹണിട്രാപ്പ് പോലുള്ള ചതിക്കുഴികളിൽ വീഴുന്നത് ഒഴിവാക്കാനും ലൈംഗിക അതിക്രമ ആരോപണങ്ങൾ തടയാനുമാണ് ഈ നീക്കമെന്ന് സൈകിയ അറിയിച്ചു. നിർദേശങ്ങൾ പാലിക്കാത്തവർക്ക് ഭീമമായ പിഴയോ, മത്സരങ്ങളിൽ നിന്ന് സസ്പെൻഷനോ, ടീമിനെ അയോഗ്യരാക്കുകയോ ചെയ്യുമെന്നും ബിസിസിഐ വ്യക്തമാക്കി.
പല സൂപ്പര്‍ താരങ്ങളെയും ലക്ഷ്യം വച്ചുള്ള ഹണിട്രാപ്പ് ഭീഷണി നിലനിൽക്കുന്നുണ്ടെന്നും ഐപിഎല്ലിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാ ഫ്രാഞ്ചൈസികളും ഈ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ബിസിസിഐ സെക്രട്ടറി വ്യക്തമാക്കി. എല്ലാ സന്ദർശകരുടെയും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ ടീം മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സൈക്കിയ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!