ഐപിഎല്‍ താര ലേലം: അന്തിമ പട്ടികയായി, ലേലത്തിന് ആകെ 332 കളിക്കാര്‍

By Web TeamFirst Published Dec 12, 2019, 5:51 PM IST
Highlights

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക.

മുംബൈ: ഈ മാസം 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയായി. 971 താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇവരില്‍ നിന്ന് 332 പേരെയാണ് അന്തിമ ലേലത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ലേലത്തില്‍ ഉള്‍പ്പെടുത്തിയ താരങ്ങളുടെ പട്ടിക ഫ്രാഞ്ചൈസികള്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ആകെ 73 കളിക്കാരെയാണ് ലേലത്തിലൂടെ എട്ട് ടീമുകള്‍ കണ്ടെത്തുക. കോലിയുമായി കോര്‍ത്തതിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വെസ്റ്റ് ഇന്‍ഡീസ് പേസര്‍ കെസ്രിക് വില്യംസ്, ബംഗ്ലാദേശ് താരം മുഷ്ഫീഖുര്‍ റഹീം, ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപ, ടി10 ലീഗില്‍ 25 പന്തില്‍ സെഞ്ചുറി അടിച്ച സറേ താരം വില്‍ ജാക്സ് എന്നിവരും ലേലത്തിനുള്ള അന്തിമ പട്ടികയിലുണ്ട്.

കൊല്‍ക്കത്ത താരമായിരുന്ന റോബിന്‍ ഉത്തപ്പയ്ക്കാണ് ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഒന്നരകോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില. 1.5 കോടി രൂപ അടിസ്ഥാന വിലയുള്ള താരങ്ങളില്‍ ഷോണ്‍ മാര്‍ഷ്, കെയ്ന്‍ റിച്ചാര്‍ഡ്സണ്‍, ഓയിന്‍ മോര്‍ഗന്‍, ജേസണ്‍ റോയ്, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ക്രിസ് മോറിസ്, കെയ്ല്‍ ആബട്ട് എന്നിവരാണുള്ളത്.

ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ സീസണില്‍ കളിക്കാതിരുന്ന മാക്സ്‌വെല്ലും ആരോണ്‍ ഫിഞ്ചും ഇത്തവണ ലേലത്തിനുണ്ട്. ടീമുകളെല്ലാം നോട്ടമിടുന്ന ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ടോം ബാന്റണും ഇത്തവണ ലേലത്തിനുണ്ട്. ഒരു കോടി രൂപയാണ് ബാന്റണിന്റെ അടിസ്ഥാന ലേലത്തുക.

click me!