IPL Auction 2022: ഐപിഎല്‍ ലേലത്തിലെ വിലകൂടിയ താരമാവുക ഇന്ത്യയുടെ യുവതാരം, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

Published : Feb 09, 2022, 06:09 PM IST
IPL Auction 2022: ഐപിഎല്‍ ലേലത്തിലെ വിലകൂടിയ താരമാവുക ഇന്ത്യയുടെ യുവതാരം, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

Synopsis

ഒരാള്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തന്‍റെ സഹതാരമായിരുന്ന ശിഖര്‍ ധവാനാണ്(Shikhar Dhawan). ഓരോ സീസണിലും ഉറപ്പായും 450-500 റണ്‍സടിക്കുന്ന ധവാനെ സ്വന്തമാക്കാന്‍ ഇത്തവണ പൊരിഞ്ഞ ലേലം വിളിയുണ്ടാകുമെന്നാണ് അശ്വിന്‍റെ പ്രവചനം.

ചെന്നൈ: ഈ മാസം 12, 13 തീയതികളിലായി ബെംഗലൂരുവില്‍ നടക്കുന്ന ഐപിഎല്‍ മെഗാ താരലേലത്തിനുള്ള(IPL Auction 2022) കാത്തിരിപ്പിലാണ് ആരാധകര്‍. ആരൊക്കെ ഏതൊക്കെ ടീമുകളിലെത്തുമെന്ന ആകാംക്ഷക്ക് പുറമെ ആരാകും കോടികള്‍ സ്വന്തമാക്കുക എന്നതും ആരാധകരുടെ ആകാംക്ഷയേറ്റുന്ന കാര്യമാണ്. ഇത്തവണ താരലലേത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന രണ്ട് കളിക്കാരെക്കുറിച്ച തുറന്നു പറയുകയാണ് ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍(R Ashwin).

ഒരാള്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ തന്‍റെ സഹതാരമായിരുന്ന ശിഖര്‍ ധവാനാണ്(Shikhar Dhawan). ഓരോ സീസണിലും ഉറപ്പായും 450-500 റണ്‍സടിക്കുന്ന ധവാനെ സ്വന്തമാക്കാന്‍ ഇത്തവണ പൊരിഞ്ഞ ലേലം വിളിയുണ്ടാകുമെന്നാണ് അശ്വിന്‍റെ പ്രവചനം. ടി20 ക്രിക്കറ്റ് യുവതാരങ്ങളുടെ കളിയാണെന്നാണ് കരുതുന്നതെങ്കിലും പരിചയസമ്പന്നരായ താരങ്ങളാണ് അവിടെ നേട്ടം കൊയ്യുന്നത്. ധവാനെ ആര് സ്വന്തമാക്കും എന്ന് ചോദിക്കുന്നവരോട് ഒന്നെ പറയാനുള്ളു. രാജസ്ഥാന്‍ റോയല്‍സ് ഒഴികെ എല്ലാം ടീമും ധവാനുവേണ്ടി ശക്തമായി രംഗത്തുണ്ടാവുമെന്ന് അശ്വിന്‍ പറഞ്ഞു.

ധവാന്‍ കഴിഞ്ഞാല്‍ ഇത്തവണ ലേലത്തില്‍ റെക്കോര്‍ഡ് തുകക്ക് ടീമുകള്‍ സ്വന്തമാക്കാന്‍ മത്സരിക്കുക യുവതാരം ഇഷാന്‍ കിഷനു(Ishan Kishan) വേണ്ടിയാകുമെന്നും അശ്വിന്‍ പറഞ്ഞു. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനും ഓപ്പണ്‍ ചെയ്യാനും ഫിനിഷ് ചെയ്യാനും മധ്യനിരയില്‍ ബാറ്റ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനുമെല്ലാം കഴിയുന്ന കിഷന്‍ ഫൈവ് ഇന്‍ വണ്‍ കളിക്കാരനാണെന്ന് അശ്വിന്‍ പറഞ്ഞു. ഒരുപക്ഷെ കിഷനെ മുംബൈ തന്നെ തിരിച്ചുപിടിക്കാനും മതി.

ഇതുവരെ 61 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 1452 റണ്‍സടിച്ചിട്ടുള്ള കിഷന് ലേലത്തില്‍ 15-17 കോടി രൂപവരെ മുടക്കാന്‍ ടീമുകള്‍ തയാറായേക്കുമെന്നും അശ്വിന്‍ പറഞ്ഞു. നല്‍കുന്ന  ഓരോ കോടിക്കും വിലയുള്ള കളിക്കാരനാവും എന്തായാലും കിഷന്‍. എല്ലാറ്റിനുമപരി വിക്കറ്റ് കീപ്പറെന്ന നിലയില്‍ എതിര്‍ ബാറ്ററെ വിക്കറ്റിന് പിന്നില്‍ നിന്ന് വാക്കുകളിലൂടെ പ്രകോപിപ്പിക്കാനും അറിയാം ഇഷാന്‍ കിഷന്. ഇക്കാര്യത്തില്‍ കിഷന്‍ റിഷഭ് പന്തിനെക്കാള്‍ കേമനാണെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച കിഷനെ മുബൈ നിലനിര്‍ത്തിയിരുന്നില്ല. രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ്, കെയ്റോണ്‍ പൊള്ളാര്‍ഡ് എന്നിവരെ മാത്രമാണ് മുംബൈ ഇത്തവണ നിലനിര്‍ത്തിയത്. ലേലത്തില്‍ കിഷനെ തിരിച്ചുപിടിക്കാന്‍ മുംബൈ ശ്രമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ജിതേഷ് ശര്‍മ പുറത്തേക്ക്, സഞ്ജു വീണ്ടും പ്ലേയിംഗ് ഇലവനിൽ?, ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍