IPL Auction 2022: താരലേലത്തിന് കൗമാരപ്പട, ബേബി ഡിവില്ലിയേഴ്സും, യാഷ് ദുള്ളും, അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും

Published : Feb 01, 2022, 05:39 PM IST
IPL Auction 2022:  താരലേലത്തിന് കൗമാരപ്പട, ബേബി ഡിവില്ലിയേഴ്സും, യാഷ് ദുള്ളും, അര്‍ജുന്‍ ടെന്‍ഡുല്‍ക്കറും

Synopsis

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഡെവാള്‍ഡ് ബ്രെവിസിന് ബേബി ഡിവില്ലിയേഴ്സ് എന്ന വിളിപ്പേര് നല്‍കിയത്. ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലും എല്ലാം ഡിവില്ലിയേഴ്സിന്‍റെ തനി പകര്‍പ്പാണ് ബ്രെവിസ്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ആണ് ബ്രെവിസ് ഇടം നേടിയത്.

മുംബൈ: ഇത്തവണത്തെ ഐപിഎല്‍ താരലലേത്തിന്(IPL Auction 2022) കൗമാരനിരയും. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ബേബി ഡിവില്ലിയേഴ്സ് എന്ന് അറിയപ്പെടുന്ന എ ബി ഡെവാള്‍ഡ് ബ്രെവിസ്(AB Dewald Brevis), അണ്ടര്‍ 19 ലോകകപ്പിലെ ഇന്ത്യന്‍ നായകനായ യാഷ് ദുള്‍(Yash Dhull), ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍(Arjun Tendulkar) എന്നിവരും ആകെ 590 കളിക്കാരുള്ള പട്ടികയിലുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് ഡെവാള്‍ഡ് ബ്രെവിസിന് ബേബി ഡിവില്ലിയേഴ്സ് എന്ന വിളിപ്പേര് നല്‍കിയത്. ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലും എല്ലാം ഡിവില്ലിയേഴ്സിന്‍റെ തനി പകര്‍പ്പാണ് ബ്രെവിസ്. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയില്‍ ആണ് ബ്രെവിസ് ഇടം നേടിയത്.

അണ്ടര്‍-19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കായി കളിച്ച ബ്രെവിസ് തകര്‍പ്പന്‍ ഫോമിലായിരുന്നു. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ 368 റണ്‍സാണ് 18കാരനായ ബ്രെവിസ് അടിച്ചുകൂട്ടിയത്. ഇത്തവണ ഡിവില്ലിയേഴ്സ് ഐപിഎല്ലിനില്ലാത്തതിനാല്‍ ആ കുറവ് നികത്താന്‍ ബേബി എ ബി എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യയെ സെമിയിലെത്തിച്ച ക്യാപ്റ്റന്‍ യാഷ് ദുള്ളാണ് ലേല പട്ടികയിലുള്ള മറ്റൊരു കൗമാര താരം. 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലാണ് യാഷ് ദുള്ളും ഇടം നേടിയത്. ലോകകപ്പിനിടെ കൊവിഡ് പിടിപെട്ടതിനാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമെ ദുള്ളിന് ഇതുവരെ കളിക്കാനായുള്ളു.

ലോകകപ്പ് ടീമിലുള്ള വലം കൈയന്‍ പേസര്‍ രാജ്‌വര്‍ധന്‍ ഹങ്കരേക്കറും ലേലപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലാണ് ഹങ്കരേക്കര്‍ ഇടം പിടിച്ചത്. ഓള്‍ റൗണ്ടറെന്ന നിലയിലും പരിഗിക്കാവുന്ന ഹങ്കരേക്കര്‍ മികച്ച ഇന്‍സ്വിംഗ് ബൗളറാണ്.

കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് 20 ലക്ഷം രൂപ അടിസ്ഥാന വിലക്ക് സ്വന്തമാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും ഇത്തവണ ലേലത്തിനുണ്ട്. 20 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് അര്‍ജ്ജുന്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിലെടുത്തെങ്കിലും ഒറു മത്സരത്തിലും അര്‍ജ്ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ