Rohit and Kohli : 'കോലിയും ധോണിയും ഫിറ്റായിരുന്നു'; രോഹിത് നേരിടാന്‍ പോകുന്ന വെല്ലുവിളിയെ കുറിച്ച് മുന്‍ താരം

Published : Feb 01, 2022, 05:21 PM IST
Rohit and Kohli : 'കോലിയും ധോണിയും ഫിറ്റായിരുന്നു'; രോഹിത് നേരിടാന്‍ പോകുന്ന വെല്ലുവിളിയെ കുറിച്ച് മുന്‍ താരം

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെ രോഹിത് ഔദ്യോഗിക ക്യാപ്റ്റനായി അരങ്ങേറും. എന്നാല്‍ രോഹിത്തിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത്.

അഹമ്മദാബാദ്: കഴിഞ്ഞ നവംബറിലാണ് രോഹിത് ശര്‍മയെ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ക്യാപ്റ്റനായി അരങ്ങേറാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനം പരിക്കിനെ തുടര്‍ന്ന് നഷ്ടമായി. ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ പൂര്‍ണ പരാജയമാവുകയും ചെയ്തു. പരമ്പര ഇന്ത്യ 0-3ന് പരാജയപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെ രോഹിത് ഔദ്യോഗിക ക്യാപ്റ്റനായി അരങ്ങേറും. എന്നാല്‍ രോഹിത്തിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളിയാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ പറയുന്നത്. 

രോഹിത്തിന്റെ ഫിറ്റ്‌നെസാണ് അഗാര്‍ക്കര്‍ ചൂണ്ടികാണിക്കുന്നത്. അഗാര്‍ക്കറുടെ വിശദീകരണമിങ്ങനെ... ''അടുത്തിടെയാണ് രോഹിത് ഫിറ്റ്‌നെസ് വീണ്ടെടുത്തത്. എന്നാല്‍ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുകയെന്നത് രോഹിത്തിന് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇക്കാര്യത്തില്‍ എം എസ് ധോണിയും വിരാട് കോലിയും ജാഗ്രത പുലര്‍ത്തിയിരുന്നു. രോഹിത്തും ആ പാത പിന്തുടരേണ്ടതുണ്ട്. അവര്‍ക്ക് പരിക്ക് കാരണം അധികം മത്സരങ്ങള്‍ നഷ്ടമായിട്ടില്ല. രോഹിത്തിന്റെ പ്രധാന വെല്ലുവിളിയും ഇതായിരിക്കും. അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത് നമ്മള്‍ പലപ്പോഴായി കണ്ടിട്ടുണ്ട്. എന്നാല്‍ കോലിക്ക് മുമ്പുള്ള രണ്ട് ക്യാപ്റ്റന്മാരും ഇക്കാര്യത്തിന് ശ്രദ്ധ നല്‍കിയിരുന്നു.'' അഗാര്‍ക്കര്‍ വ്യക്താക്കി.

വരുന്ന രണ്ട് ലോകകപ്പുകളെയും കുറിച്ച് അഗാര്‍ക്കര്‍ സംസാരിച്ചു. ''രോഹിത് ഫിറ്റാണെങ്കില്‍ അടുത്ത രണ്ട് ലോകകപ്പിനും മികച്ച ടീമിനെയൊരുക്കാന്‍ അദ്ദേഹത്തിന് അനായാസം സാധിക്കും. അവരവരെ ഏല്‍പ്പിച്ച ജോലി ശരിയായി പൂര്‍ത്തിയാക്കിയാല്‍ മാത്രം മതി. രോഹിത്തിന് അവരെ നേര്‍വഴിക്ക് നയിക്കാന്‍ സാധിക്കും. അത്രത്തോളം നേതൃഗുണം രോഹിത്തിനുണ്ട്. അക്കാര്യം മുമ്പ് രോഹിത് മുമ്പും തെളിയിച്ചതാണ്.'' അഗാര്‍ക്കര്‍ വ്യക്തമാക്കി.

രോഹിത്തിന്റേയും കോലിയുടേയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്യാനും അഗര്‍ക്കാര്‍ മറന്നില്ല. ''കോലിയേക്കാള്‍ ശാന്തനാണ് രോഹിത്. എന്നാല്‍ രോഹിത്തിന്റെ നേതൃഗുണം നേരത്തെ നമ്മള്‍ കണ്ടതാണ്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമല്ല, അദ്ദേഹം പരിചയസമ്പന്നനാണ്. മറ്റൊരു തലത്തിലെത്താന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്.'' അഗാര്‍ക്കാര്‍ പറഞ്ഞുനിര്‍ത്തി.

രോഹിത് ഏകദിന ക്യാപ്റ്റനായുള്ള ആദ്യ പരമ്പര വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. ഈമാസം ആറിന് അഹമ്മദാബാദിലാണ് പരമ്പര ആരംഭിക്കുന്നത്. കോലി രോഹിത്തിന് കീഴില്‍ കളിക്കുന്ന ആദ്യ മത്സരം കൂടിയായിരിക്കുമിത്.

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര