
ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ (IPL Auction 2022) ഏറ്റവും ശ്രദ്ധേയമായ ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് (Royal Challengers Bangalore). വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ലുക്കിലായിരിക്കും ഫ്രാഞ്ചൈസി പുതിയ സീസണില്‍ മൈതാനത്തിറങ്ങുക. മൂന്ന് താരങ്ങളെ നിലനിര്‍ത്തിയതൊഴിച്ചാല്‍ പിച്ചില്‍ പുത്തന്‍ ആര്‍സിബിയെ (RCB) സീസണില്‍ കാണാം. നാളെയും മറ്റന്നാളുമായി താരലേലം നടക്കാനിരിക്കേ ആര്‍സിബി ഒരു താരത്തെ ഉറപ്പായും പാളയത്തിലെത്തിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരം ഹര്‍ഭജന്‍ സിംഗ് (Harbhajan Singh).
മെഗാതാരലേലത്തില്‍ മികച്ച വില ലഭിക്കാന്‍ സാധ്യതയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ പേരാണ് ഹര്‍ഭജന്‍ പറയുന്നത്. 'ഞാന്‍ ഇഷ്‌ടപ്പെടുന്ന താരങ്ങളിലൊരാളാണ് ഇഷാന്‍ കിഷന്‍. 30 പന്തില്‍ 70-80 റണ്‍സ് നേടാനും ടീമിനെ ജയിപ്പിക്കാനും കിഷനാകും. ഭാവിയില്‍ അവനൊരു വമ്പന്‍ താരമാകും. കിഷനെ പോലൊരു താരത്തിന് ഏത് ടീമും നായകപദവി നല്‍കും. പരിചയം കൂടുന്നതിനനുസരിച്ച് കിഷന്‍ ഏറെ വളരും.ഝാർഖണ്ഡിനെ ഇതിനകം നയിച്ച താരമാണ്. ഇഷാനെ ലേലത്തില്‍ ആര്‍സിബി ഉറപ്പായും നോട്ടമിടും. എന്നാല്‍ ഏറെ ടീമുകള്‍ താരത്തിനായി രംഗത്തെത്തുമെന്നതിനാല്‍ കാര്യങ്ങള്‍ ആര്‍സിബിക്ക് എളുപ്പമായിരിക്കില്ല' എന്നും ഭാജി തന്‍റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞ സീസണോടെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച വിരാട് കോലിയെയും(15 കോടി), ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും(11 കോടി), പേസ് ബൗളര്‍ മുഹമ്മദ് സിറാജിനേയും(7 കോടി) ആണ് നിലനിര്‍ത്തിയത്. ആകെ 590 താരങ്ങളാണ് ഇക്കുറി താരലേലത്തില്‍ പങ്കെടുക്കുന്നത്. ഇവരില്‍ 228 പേര്‍ ക്യാപ്‌ഡ് കളിക്കാരും 355 ആളുകള്‍ അണ്‍ക്യാപ്‌ഡ് താരങ്ങളുമാണ്. ഐസിസിയുടെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്ന് ഏഴ് താരങ്ങളും താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ പേരുകാരായുണ്ട്. 57 കോടി രൂപയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ലേലത്തില്‍ പരമാവധി ചിലവഴിക്കാനാവുക.
IPL 2022: ഐപിഎല്‍ രാജ്യത്തേക്ക് തിരിച്ചെത്തുന്നു; മത്സരങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍- EXCLUSIVE
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!