
ബംഗളൂരു: ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന് (Vishnu Vinod) നിരാശ. താരത്തെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ താരലേലത്തില്‍ പണം വാരുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു വിഷ്ണു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനൊപ്പമായിരുന്നു വിഷ്ണു.
മറ്റൊരു മലയാളി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീനും അണ്‍സോള്‍ഡായി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് (RCB) ബാംഗ്ലൂരിനൊപ്പമായിരുന്നു കാസര്‍ഗോഡുക്കാരന്‍. അതേസമയം മലയാളി പേസര്‍ ബേസില്‍ തമ്പിയെ (Basil Thampi) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 30 ലക്ഷമാണ് മുംബൈ മുടക്കിയത്. താരത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. 20 ലക്ഷമായിരുന്നു ബേസിലിന്റെ അടിസ്ഥാന വില.
മറ്റൊരു കേരള പേസര്‍ കെ എം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. 20 ലക്ഷത്തിനാണ് മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫ് ചെന്നൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിച്ച കാര്‍ത്തിക് ത്യാഗി സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി.
നാല് കോടിയാണ് താരത്തിന് ലേലത്തില്‍ ലഭിച്ചത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരും താരത്തിനായി രംഗത്തുണ്ടായിരുന്നു. ആവേശ് ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിക്കും. 10 കോടിക്കാണ് താരം ലഖ്‌നൗവിലെത്തുന്നത്.
ഹൈദരാബാദ് അവസാനം വരെ ആവേശിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ലഖ്‌നൗവിന്റെ മുന്നില്‍ മുട്ടുകടക്കി. മുംബൈ ഇന്ത്യന്‍സും ആവേശിന് വേണ്ടി രംഗത്തുണ്ടായിരുന്നു.