
ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) വന്‍തുക സ്വന്തമാക്കി ശ്രീലങ്കന്‍ സ്പിന്‍ ഓള്‍ റൗണ്ടര്‍ വാനിന്ദു ഹസരങ്ക(Wanindu Hasaranga). ആവേശകരമായ ലേലം വിളിക്കൊടുവില്‍ പഞ്ചാബ് കിംഗ്സിനെ മറികടന്ന് 10.75 കോടി രൂപക്ക് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് ഹസരങ്കയെ ടീമിലെത്തിച്ചത്.
ഇന്ത്യന്‍ താരങ്ങളായ ക്രുനാല്‍ പാണ്ഡ്യയും(Krunal Pandya) വാഷിംഗ്ടണ്‍ സുന്ദറുമാണ്(Washington Sundar) ഓള്‍ റൗണ്ടര്‍മാരുടെ ലേലത്തില്‍ നേട്ടമുണ്ടാക്കിയ രണ്ടുപേര്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ക്രുനാലിനായി സഹോദരന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. സണ്‍റൈഴേ്സ് ഹൈദരാബാദും ക്രുനാലിനായി ആവേശത്തോടെ രംഗത്തെത്തി. എന്നാല്‍ 8.25 കോടിക്ക് കെ എല്‍ രാഹുല്‍ നായകനായ ലക്നോ സൂപ്പര്‍ ജയന്‍റ്സ് ക്രുനാലിനെ ടീമിലെത്തിച്ചു. മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ക്രുനാലില്‍ താല്‍പര്യം കാട്ടിയില്ല എന്നതും ശ്രദ്ധേയമായി.
ഇന്ത്യന്‍ താരമായ വാഷിംഗ്ടണ്‍ സുന്ദറാണ് ഓള്‍ റൗണ്ടര്‍മാരില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്‍റെ പവര്‍ പ്ലേ ബൗളറായിരുന്ന സുന്ദറിന് 1.50 കോടി രൂപയായിരുന്നു അടിസ്ഥാന വില. ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സും സുന്ദറിനെ സ്വന്തമാക്കാന്‍ മത്സരിച്ചെങ്കിലും ഒടുവില്‍ 8.75 കോടിക്ക് സണ്‍റൈസേഴ്സ് ഹൈരദാബാദ് സുന്ദറിനെ ടീമിലെത്തിച്ചു.
ടി20 ലോകകപ്പില്‍ ഓസ്ട്രേലിയയെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പ്രകടനം നടത്തുകയും ഫൈനലില്‍ കളിയിലെ താരമാവുകയും ചെയ്ത മിച്ചല്‍ മാര്‍ഷിനുവേണ്ടിയും പഞ്ചാബും ഡല്‍ഹിയും മത്സരിച്ച് ലേലം വിളിച്ചെങ്കിലും 6.5 കോടി രൂപക്ക് ഡല്‍ഹി മാര്‍ഷിനെ ടീമിലെത്തിച്ചു.
മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡുവാണ് ലേലത്തില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു താരം. ചെന്നൈ താരമായിരുന്ന റായുഡുവിനായി ഡല്‍ഹിയും രംഗത്തുവെന്നങ്കിലും ഒടുവില്‍ 6.75 കോടിക്ക് റായുഡുവിനെ ചെന്നൈ തിരിച്ചുപിടിച്ചു.