
ബെംഗളൂരു: വിരാട് കോലി (Virat Kohli) യുഗത്തിന് ശേഷം ഐപിഎല്‍ (IPL) ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) ആരാവും നയിക്കുക. മെഗാതാരലേലം (IPL Auction 2022) പൂര്‍ത്തിയായതോടെ ചര്‍ച്ച മുറുകുകയാണ് ഇക്കാര്യത്തില്‍. താരലേലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് കോലിയുടെ പിന്‍ഗാമിയെ തിരയലും ആര്‍സിബിയുടെ (RCB) ലക്ഷ്യമായിരുന്നു. കഴിഞ്ഞ സീസണോടെ ബാംഗ്ലൂര്‍ നായകസ്ഥാനം ഒഴിയുകയായിരുന്നു കിംഗ് കോലി.
താരലേലത്തിന്‍റെ ആദ്യദിനം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഫാഫ് ഡുപ്ലസിസ്, ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവരിലൊരാള്‍ ആര്‍സിബി നായകനാവും എന്നാണ് വിലയിരുത്തലുകള്‍. ഫാഫിനെ ചെന്നൈയില്‍ നിന്ന് ചൂണ്ടിയതുതന്നെ ക്യാപ്റ്റനാക്കാനാണ് എന്ന് വിശ്വസിക്കുന്ന ആരാധകരുണ്ട്. എന്നാല്‍ ആര്‍സിബിയില്‍ ക്യാപ്റ്റന്‍ കോലിക്ക് പിന്‍ഗാമിയായി മറ്റൊരു താരത്തെയാണ് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ കാണുന്നത്.
'നായകസ്ഥാനം ഏല്‍പിച്ചാല്‍ ഐപിഎല്ലില്‍ ഇതുവരെ കാണാത്ത മറ്റൊരു ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആരാധകര്‍ക്ക് കാണാം. മെഗാതാരലേലം മനസില്‍ക്കണ്ടാകാം കഴിഞ്ഞ സീസണില്‍ ഗംഭീര ബാറ്റിംഗാണ് മാക്‌സി പുറത്തെടുത്തത്. അദേഹത്തെ ആര്‍സിബി നിലനിര്‍ത്തിയത് നല്ലതാണ് എന്നുതോന്നുന്നു. ടീം 70-80 റണ്‍സ് ആവശ്യപ്പെടുമ്പോള്‍ പെട്ടന്ന് 30-40 റണ്‍സ് സ്‌കോര്‍ ചെയ്ത് ദൗത്യം പൂര്‍ത്തിയാക്കാതെ പുറത്താകുന്ന താരങ്ങളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലുമൊരു ചുമതല നല്‍കിയാല്‍ അവര്‍ മികച്ച ഷോട്ട് സെലക്ഷന്‍ കാണിക്കും. അതിനാല്‍ മാക്‌സ്‌വെല്ലിനെ നായകനാക്കിയാല്‍ അദേഹം കൂടുതല്‍ നന്നായി കളിക്കും' എന്നും സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.
മൈക്ക് ഹെസന്‍ പറഞ്ഞത്...
'നാമിതുവരെ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. ഗ്ലെന്‍ മാക്‌സ്‌വെല്‍, ഫാഫ് ഡുപ്ലസിസ്, വിരാട് കോലി എന്നീ മൂന്ന് മികച്ച നായകന്‍മാര്‍ ടീമിലുണ്ട്. ഈ മൂന്ന് പേരുമുള്ളത് വലിയ സന്തോഷമാണ്. ബൗളിംഗ് പരിഗണിച്ചാല്‍ ജോഷ് ഹേസല്‍വുഡുമുണ്ട്. അതിനാല്‍ നിലവിലെ ടീമില്‍ സന്തുഷ്‌ടരാണ്. ലേലത്തിന് ശേഷമേ ക്യാപ്റ്റന്‍റെ കാര്യം ചര്‍ച്ച ചെയ്യൂ'വെന്നും ആര്‍സിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്‌ടര്‍ മൈക്ക് ഹെസന്‍ വ്യക്തമാക്കിയിരുന്നു.
മെഗാതാരലേലത്തിന് മുമ്പ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരമാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. 11 കോടി രൂപ മാക്‌സിക്കായി ബെംഗളൂരു ഫ്രാഞ്ചൈസി മുടക്കി. വിരാട് കോലി(15 കോടി), മുഹമ്മദ് സിറാജ്(7 കോടി) എന്നിങ്ങനെയാണ് നിലനിര്‍ത്തിയ മറ്റ് താരങ്ങളുടെ പ്രതിഫലം. ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ്, ഫാഫ് ഡുപ്ലസിസ്, ദിനേശ് കാര്‍ത്തിക്, അനുജ് റാവത്ത്, ഷഹ്‌ബാസ് അഹമ്മദ്, ഡേവിഡ് വില്ലി, മഹിപാല്‍ ലോംറര്‍, ഷെര്‍ഫെയ്ൻ റൂതര്‍ഫോഡ്, ഫിന്‍ അലന്‍, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ്, സിദ്ധാര്‍ഥ് കൗള്‍, കരണ്‍ ശര്‍മ്മ, സുയാഷ് പ്രഭൂദേശായ്, ചമാ മിലിന്ദ്, അനീശ്വര്‍ ഗൗതം, ലവ്‌നിത് സിസോദിയ, ആകാഷ് ദീപ് എന്നിവരെ ലേലത്തില്‍ സ്വന്തമാക്കി.