IND vs WI : വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യം; തുറന്നടിച്ച് രോഹിത് ശര്‍മ്മ, മാധ്യമങ്ങള്‍ക്ക് ശാസന

Published : Feb 15, 2022, 04:02 PM ISTUpdated : Feb 15, 2022, 04:07 PM IST
IND vs WI : വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള ചോദ്യം; തുറന്നടിച്ച് രോഹിത് ശര്‍മ്മ, മാധ്യമങ്ങള്‍ക്ക് ശാസന

Synopsis

നിങ്ങളാണ് വിമര്‍ശനത്തിന് തുടക്കമിട്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് രോഹിത് ശര്‍മ്മ

കൊല്‍ക്കത്ത: ബാറ്റിംഗ് ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ (Team India) മുന്‍ നായകന്‍ വിരാട് കോലിക്ക് (Virat Kohli) വീണ്ടും പിന്തുണയുമായി നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ (Rohit Sharma). നിങ്ങളാണ് വിമര്‍ശനത്തിന് തുടക്കമിട്ടത് എന്ന് മാധ്യമപ്രവര്‍ത്തകരോട് പറ‌ഞ്ഞാണ് രോഹിത് പ്രതികരണം ആരംഭിച്ചത്. കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് കോലിക്ക് ഹിറ്റ്‌മാന്‍റെ (Hitman) ശക്തമായ പിന്തുണ. 

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

'മാധ്യമങ്ങള്‍ അല്‍പം ശാന്തത കാണിച്ചാല്‍ എല്ലാ പ്രശ്‌‌നങ്ങളും പരിഹരിക്കപ്പെടും. വിരാട് കോലി നല്ല നിലയിലാണ്. ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ ടീമിന്‍റെ ഭാഗമാണ് അദേഹം. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറെസമയം ചിലവഴിച്ച താരത്തിന് സമ്മര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാം. നിങ്ങളില്‍ നിന്നാണ് എല്ലാ വിര്‍ശനങ്ങളും ആരംഭിച്ചത്. നിങ്ങള്‍ കുറച്ചൊന്ന് മൗനം പാലിച്ചാല്‍ എല്ലാം ശരിയാകും' എന്നും കോലിയുടെ ഫോമിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രോഹിത് ശര്‍മ്മ പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലി സെഞ്ചുറി വരള്‍ച്ച നേരിടുകയാണ്. രണ്ട് വര്‍ഷത്തിലേറെയായി റണ്‍മെഷിന്‍റെ ബാറ്റില്‍ നിന്ന് മൂന്നക്കം പിറന്നിട്ട്. ഏകദിനത്തില്‍ സെഞ്ചുറി കണ്ടിട്ട് മൂന്ന് വര്‍ഷമായി. 44 സെഞ്ചുറികള്‍ ഏകദിനത്തില്‍ നേടിയ താരമാണ് കോലി എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കിടെയും അര്‍ധ സെഞ്ചുറികള്‍ കോലിയുടെ ബാറ്റില്‍ നിന്ന് പിറക്കുന്നുണ്ട്. 

ഇത് രണ്ടാം പിന്തുണ

പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ പൂര്‍ണസമയ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ശര്‍മ്മ കോലിയെ പിന്തുണയ്‌ക്കുന്നത് ഇതാദ്യമല്ല. നേരത്തെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിൽ തിളങ്ങാതിരുന്ന കോലിയെ ശക്തമായി പിന്തുണച്ച് രോഹിത് ശര്‍മ്മ രംഗത്തുവന്നിരുന്നു. 'കോലിയുടെ ഫോമിനെ കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ഒരു ആശങ്കയുമില്ല. കോലി ദക്ഷിണാഫ്രിക്കയിൽ നന്നായി കളിച്ചിരുന്നു. കോലിയുടെ ബാറ്റിംഗില്‍ ഒരു പ്രശ്നവുമില്ലെ'ന്നും രോഹിത് ശര്‍മ്മ അന്ന് കൂട്ടിച്ചേര്‍ത്തു. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26 റൺസ് മാത്രമാണ് കോലി നേടിയത്. 2015 ജൂണിന് ശേഷം ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പരയിൽ ഒരു അര്‍ധസെ‍ഞ്ചുറി പോലും നേടാത്തത്. മാത്രമല്ല, 71-ാം അന്താരാഷ്‌ട്ര സെഞ്ചുറിക്കായി നീണ്ട കാത്തിരിപ്പിലാണ് വിരാട് കോലി. 2019 നവംബറിലാണ് കോലി അവസാനമായി ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ മൂന്നക്കം തികച്ചത്. കോലി നിരാശപ്പെടുത്തിയെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ടീം ഇന്ത്യ 3-0ന് തൂത്തുവാരിയിരുന്നു. 

ടി20 പരമ്പര നാളെമുതല്‍

ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയ്ക്ക് നാളെ കൊല്‍ക്കത്തയില്‍ തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മൂന്ന് മത്സരങ്ങളും നടക്കുക. കെ എല്‍ രാഹുലിന്‍റെ അഭാവത്തില്‍ ഇഷാന്‍ കിഷനോ റുതുരാജ് ഗെയ്‌ക്‌വാദോ രോഹിത്തിന്‍റെ ഓപ്പണിംഗ് പങ്കാളിയായേക്കും. വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരും ടീമിലുണ്ട്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാത്തതിനാല്‍ മുഹമ്മദ് സിറാജ് ആകും ബൗളിംഗ് നിരയെ നയിക്കുക. 

Ireland vs Nepal: സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്‍റെ ഉദാഹരണം; നേപ്പാള്‍- അയര്‍ലന്‍ഡ് മത്സരത്തിലെ വൈറല്‍ വീഡിയോ

PREV
Read more Articles on
click me!

Recommended Stories

സഞ്ജുവോ ജിതേഷോ, ഹര്‍ഷിതോ അര്‍ഷ്‌ദീപോ, പ്ലേയിംഗ് ഇലവന്‍റെ കാര്യത്തില്‍ ഗംഭീറിന് ആശയക്കുഴപ്പം
ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി