Latest Videos

കൊല്‍ക്കത്ത കിരീടം നേടിയാല്‍ ഗംഭീറിനെ കാത്തിരിക്കുന്നത് വലിയ ചുമതല; ഹൈരാദാബാദിന്‍റെ വീരനായകനാകാൻ കമിൻസും

By Web TeamFirst Published May 26, 2024, 10:15 AM IST
Highlights

2012ലും 2014ലും നായകനായി കൊൽക്കത്തയെ ഐപിഎൽ ചാംപ്യന്മാരാക്കിയ ഗംഭീർ , ഇന്നും വിജയിച്ചാൽ ഇന്ത്യൻ ടീം മുഖ്യ പരിശീലക സ്ഥാനവും ഏറെക്കുറെ ഉറപ്പിക്കും.

ചെന്നൈ: 24 കളിക്കാർ ഇന്ന് കിരീടത്തിനായി കളത്തിലിറങ്ങുന്നുണ്ടെങ്കിലും ഒരു പരിശീലകന്‍റെയും ഒരു നായകന്‍റെയും തന്ത്രങ്ങളാണ് ഏറ്റുമുട്ടുന്നത്. കൊൽക്കത്ത ജയിച്ചാൽ ഗംഭീറിനും ഹൈദരാബാദ് കിരീടം നേടിയാൽ കമിൻസിനും ആകും ക്രെഡിറ്റ് കിട്ടുക. കൊൽക്കത്തയുടെ മനസിറിഞ്ഞ ഷാരൂഖ് ഖാൻ, ലഖ്നൗവിൽ നിന്ന് ഗൗതം ഗംഭീറിനെ റാഞ്ചിയത് കൃത്യമായ  കണക്കുകൂട്ടലോടെ.

കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൊല്‍ക്കത്ത തീരുമാനങ്ങളെടുക്കാനുള്ള പൂർണ സ്വാതന്ത്യം ഗംഭീറിന് നൽകി. കാലം കഴിഞ്ഞെന്ന് പരിഹസിക്കപ്പെട്ട സുനിൽ നരെയ്നും ആന്ദ്രേ റസലും കൊൽക്കത്തയുടെ കുതിപ്പിന് ഊർജ്ജമാകുമ്പോൾ അത് ഗംഭീറിന്‍റെ വിജയമാണ്. രണ്ട് വ്യത്യസ്ത ഫ്രാഞ്ചൈസികളെ ഐപിഎൽ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യറെന്ന നായകൻ ഗംഭീർ എന്ന ഉപദേഷ്ടാവിന് പിന്നിൽ അപ്രസക്തൻ.

ഐപിഎല്ലിൽ ഇന്ന് കിരീടപ്പോരാട്ടം; കൊൽക്കത്തയുടെ എതിരാളികൾ ഹൈദരാബാദ്; ചെന്നൈയിൽ കാത്തിരിക്കുന്നത് സ്പിൻ കെണിയോ ?

2012ലും 2014ലും നായകനായി കൊൽക്കത്തയെ ഐപിഎൽ ചാംപ്യന്മാരാക്കിയ ഗംഭീർ, ഇന്നും വിജയിച്ചാൽ ഇന്ത്യൻ ടീം മുഖ്യ പരിശീലക സ്ഥാനവും ഏറെക്കുറെ ഉറപ്പിക്കും. അഹമ്മദാബാദിൽ ഇന്ത്യയെ നിശബ്ദരാക്കുമെന്ന വാക്ക് പാലിച്ചതിന് ശേഷം പാറ്റ് കമിൻസ് തിരിഞ്ഞുനോക്കിയിട്ടില്ല. ഏകദിന, ടെസ്റ്റ് ഫോർമാറ്റുകളിൽ ഓസ്ട്രേലിയയെ ലോക ചാംപ്യന്മാരാക്കിയ കമിൻസ് ടി20ക്ക് കൊള്ളാത്തവൻ എന്ന ചീത്തപ്പേര് മാറ്റിക്കഴിഞ്ഞു.

ഐപിഎല്‍ ഫൈനലിന് മുമ്പ് ആരാധകര്‍ക്ക് നിരാശവാര്‍ത്ത, കൊല്‍ക്കത്തയുടെ പരിശീലനം മുടക്കി ചെന്നൈയില്‍ മഴ

രണ്ട് മാസത്തിനിടെ രാജസ്ഥാനെതിരായ ക്വാളിഫയറിൽ ഷഹബാസ് അഹമ്മദിനെ ഇംപാക്ട് പ്ലെയർ ആക്കിയതടക്കം നിർണായക തീരുമാനങ്ങൾ എടുത്തത് പരിശീലകൻ ഡാനിയേൽ വെട്ടോറിയെങ്കിലും സൺറൈസേഴ്സ് കമിൻസിന്‍റെ ടീമായി മാറിക്കഴിഞ്ഞു. ആദം ഗിൽക്രിസ്റ്റിനും ഡേവിഡ് വാർണറിനും ശേഷം ഹൈദരാബാദിലേക്ക് ഐപിഎൽ കിരീടം എത്തിക്കുന്ന നായകനാകാൻ കമിൻസിനായാൽ ലോകകപ്പിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കൂടി ഊർജ്ജമാകും ആ നേട്ടം. 2014ൽ ഗംഭീറിന്‍റെ ക്യാപ്റ്റൻസിയിൽ കിരീടം നേടിയ കൊൽക്കത്ത ടീമിൽ കമ്മിൻസും ഉണ്ടായിരുന്നു എന്നത് മറ്റൊരു കൗതുകം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!