
ലഖ്നൗ: ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. 11 മത്സരങ്ങളില്‍ 542 റണ്‍സുമായാണ് വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിന് ഇറങ്ങിയപ്പോള്‍ ഓറഞ്ച് ക്യാപ് തിരിച്ചു പിടിക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് അവസരം ഉണ്ടായിരുന്നെങ്കിലും 21 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായതോടെ അവസരം നഷ്ടമായി. 541 റണ്‍സുമായി വിരാട് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ് ഇപ്പോള്‍.
കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തെത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ഇന്നലെ ലഖ്നൗവിനെതിരെ 39 പന്തില്‍ 81 റണ്‍സടിച്ച നരെയ്ന്‍ 11 മത്സരങ്ങളില്‍ 461 റണ്‍സുമായാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഐപിഎല്‍ കരിയറിലാദ്യമായാണ് നരെയ്ന്‍ ഒരു സീസണില്‍ 400 റണ്‍സടിക്കുന്നത്. കൊല്‍ക്കത്തക്കെതിരെ 21 പന്തില്‍ 25 റണ്‍സെടുത്ത ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ 431 റണ്‍സുമായി നാലാം സ്ഥാനത്തുണ്ടെങ്കിലും 429 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ട് രാഹുലിന് തൊട്ടു പിന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
സായ് സുദര്‍ശൻ(424), റിയാന്‍ പരാഗ്(409), റിഷഭ് പന്ത്(398), ട്രാവിസ് ഹെഡ്(396) എന്നിവരാണ് ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദിനെതിരെ ഡക്കായി പുറത്തായ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ 385 റണ്‍സുമായി പത്താം സ്ഥാനത്താണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ചെന്നൈ താരം ശിവം ദുബെ ഗോള്‍ഡന്‍ ഡക്കായതാണ് സഞ്ജുവിനെ ആദ്യ പത്തില്‍ നിലനിര്‍ത്തിയത്. 350 റണ്‍സുള്ള ദുബെ നിലവില്‍ 13-ാമതാണ്.
ഇന്ന് നടക്കുന്ന മുംബൈ-ഹൈദരാബാദ് മത്സരത്തില്‍ തിളങ്ങിയാല്‍ മുംബൈ താരം തിലക് വര്‍മക്ക് ആദ്യ പത്തില്‍ എത്താന്‍ അവസരമുണ്ട്. 11 കളികളില്‍ 347 റണ്‍സാണ് തിലക് വര്‍മക്കുള്ളത്. 39 റണ്‍സ് കൂടി ഇന്ന് നേടിയാല്‍ തിലക് സഞ്ജുവിനെ മറികടന്ന് ആദ്യ പത്തിലെത്തും. 10 കളികളില്‍ 337 റണ്‍സുള്ള ഹെന്‍റിച്ച് ക്ലാസനാണ് ഇന്ന് ആദ്യ പത്തിലെത്താന്‍ സാധ്യതയുള്ള മറ്റൊരു താരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!