
മുംബൈ: ഐപിഎൽ 2024 താരലേലത്തിന് മുന്‍പ് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഇന്നറിയാം. സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സ് ന്യൂസിലന്‍ഡ് സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടിനെ ഒഴിവാക്കിയേക്കും എന്ന അഭ്യൂഹമാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. മുപ്പത്തിനാല് വയസായി എങ്കിലും ബോള്‍ട്ടിന് പകരംവെക്കാന്‍ പോന്ന താരത്തെ കണ്ടെത്തുക രാജസ്ഥാന് താരലേലത്തില്‍ കനത്ത വെല്ലുവിളിയാവും.
മുമ്പ് മുംബൈ ഇന്ത്യന്‍സിലും കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിലും വിശ്വസ്‌ത പേസറായിരുന്നു ന്യൂസിലന്‍ഡില്‍ നിന്നുള്ള ട്രെന്‍ഡ് ബോള്‍ട്ട്. ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാനുള്ള ബോള്‍ട്ടിന്‍റെ കഴിവില്‍ ആര്‍ക്കും സംശയമില്ല. അളന്നുമുറിച്ച പന്തുകളും വേരിയേഷനുകളും ബോള്‍ട്ടിനെ അപകടകാരിയാക്കുന്നു. സണ്‍റൈസേഴ്‌സ് ഹൈജദരാബാദിനായി കളിച്ചുകൊണ്ട് 2015ലാണ് ബോള്‍ട്ട് ഐപിഎല്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കായി കളിച്ച ശേഷം 2022ലാണ് ട്രെന്‍ഡ് ബോള്‍ട്ട് രാജസ്ഥാന്‍ റോയല്‍സിലെത്തിയത്. ഐപിഎല്‍ കരിയറിലാകെ 88 കളികളില്‍ 105 വിക്കറ്റ് ബോള്‍ട്ടിന്‍റെ പേരിലുണ്ട്. രാജസ്ഥാനില്‍ എത്തിയ ശേഷം രണ്ട് സീസണുകളിലായി 29 വിക്കറ്റ് സ്വന്തമാക്കി.
കഴിഞ്ഞ രണ്ട് സീസണിലും രാജസ്ഥാന്‍ റോയല്‍സിന്‍റെ പേസ് ആക്രമണം നയിച്ചിരുന്നത് ട്രെന്‍ഡ് ബോള്‍ട്ടായിരുന്നു. എന്നാല്‍ ഐപിഎല്‍ 2024 സീസണിന് മുമ്പ് ബോള്‍ട്ടിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കുമോ എന്ന ഭയത്തിലാണ് ആരാധകര്‍. ബോള്‍ട്ടിനെ രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുള്ളതായി ഇന്‍സൈഡ്‌സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ജോ റൂട്ട് കളിക്കില്ലെന്ന് ഇതിനകം ഉറപ്പായിട്ടുണ്ട്. മറ്റൊരു ഇംഗ്ലീഷ് താരമായ ബെന്‍ സ്റ്റോക്‌സും വരുന്ന ഐപിഎല്‍ സീസണില്‍ കളിക്കില്ല. നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഇന്ന് പുറത്തുവരുന്നതോടെ ബോള്‍ട്ടിന്‍റെ ഐപിഎല്‍ ഭാവിയെ കുറിച്ച് വ്യക്തത വരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!