IRE vs IND : ഡികെ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍; ആരാവണം നാളെ വിക്കറ്റ് കീപ്പറെന്ന് മുന്‍താരം

By Jomit JoseFirst Published Jun 25, 2022, 4:14 PM IST
Highlights

ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ(IRE vs IND T20Is) ആദ്യ മത്സരം നാളെ നടക്കും. പല സീനിയർ താരങ്ങളും ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലായതിനാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) നേതൃത്വത്തില്‍ യുവനിരയാണ് ടീം ഇന്ത്യക്കായി(Team India) അയർലന്‍ഡില്‍ അണിനിരക്കുക. ദിനേശ് കാർത്തിക്(Dinesh Karthik), ഇഷാന്‍ കിഷന്‍(Ishan Kishan), സഞ്ജു സാംസണ്‍(Sanju Samson) എന്നീ മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റർമാർ ടീമിലുണ്ട്. ഇവരില്‍ ആരെ വിക്കറ്റ് കീപ്പറാക്കണം എന്ന് നിർദേശിച്ചിരിക്കുകയാണ് മുന്‍താരം രോഹന്‍ ഗാവസ്കർ(Rohan Gavaskar). 

'ഇവരെ മൂന്ന് പേരെയും കളിപ്പിക്കാം. പക്ഷേ വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്കിന്‍റെ പേരാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. സഞ്ജുവിനെയും ഇഷാനേയും സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി കളിപ്പിക്കാം' എന്നും രോഹന്‍ ഗാവസ്കർ സ്പോർട്സ് 18നോട് അഭിപ്രായപ്പെട്ടു. ഇന്ത്യക്കായി 11 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് രോഹന്‍ ഗാവസ്കർ. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍ അവസരം നല്‍കാനായിരുന്നില്ല. അയര്‍ലന്‍ഡിലെത്തുമ്പോള്‍ ഈ കുറവ് പരിഹരിക്കുകയാകും ആദ്യ ലക്ഷ്യം. ഐപിഎല്ലില്‍ ഗുജറാത്തിനെ കിരീടത്തിലെത്തിച്ച ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനായുള്ള അരങ്ങേറ്റം പരമ്പരയുടെ ശ്രദ്ധാകേന്ദ്രമാകും. ഹാര്‍ദിക്കിന് പുറമെ ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, വിക്കറ്റ് കീപ്പര്‍ ബാറ്ററും ഫിനിഷറുമായ ദിനേശ് കാര്‍ത്തിക് എന്നിവര്‍ അന്തിമ ഇലവനിലെത്തുമെന്ന് ഉറപ്പ്.  

ടി20 ഫോര്‍മാറ്റില്‍ അപകടകാരിയായ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ ഇറങ്ങാനാണ് സാധ്യത. സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കളിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി എന്നിവരുടെ വെല്ലുവിളി മറികടക്കേണ്ടി വരും. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്കൊപ്പം യുസ്‌വേന്ദ്ര ചഹലും സ്ഥാനം നിലനിര്‍ത്തിയേക്കും. അതിവേഗക്കാരന്‍ ഉമ്രാന്‍ മാലിക്കിനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തെറിഞ്ഞ് ഐപിഎല്ലില്‍ താരമായ അര്‍ഷ്ദീപ് സിംഗിനും അരങ്ങേറ്റം അനുവദിക്കുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം ട്വന്റി 20 ചൊവ്വാഴ്ച നടക്കും.

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.  

IRE vs IND : യുവനിരയല്ല, ഏത് ഇന്ത്യന്‍ ടീമും കരുത്തർ, കാരണമുണ്ട്; പ്രശംസിച്ച് അയർലന്‍ഡ് നായകന്‍

click me!