Asianet News MalayalamAsianet News Malayalam

IRE vs IND : യുവനിരയല്ല, ഏത് ഇന്ത്യന്‍ ടീമും കരുത്തർ, കാരണമുണ്ട്; പ്രശംസിച്ച് അയർലന്‍ഡ് നായകന്‍

ഏത് ഇന്ത്യന്‍ ടീമും അതിശക്തരെന്ന് ടി20 പരമ്പരയ്ക്ക് മുമ്പ് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി വ്യക്തമാക്കി

IRE v IND T20Is Any Indian team you play will be a good side says Ireland captain Andrew Balbirnie
Author
Dublin, First Published Jun 24, 2022, 11:03 PM IST

ഡബ്ലിന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് നടക്കേണ്ടതിനാല്‍ യുവനിരയെയാണ് ടീം ഇന്ത്യ അയർലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക്(IRE vs IND T20Is) അയച്ചിരിക്കുന്നത്. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്‍മണ്‍(VVS Laxman) ആണ് യുവസംഘത്തെ പരിശീലിപ്പിക്കുന്നത്. യുവസംഘമെങ്കിലും പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ(Team India) കരുത്ത് സമ്മതിച്ചിരിക്കുകയാണ് അയർലന്‍ഡ് നായകന്‍ ആന്‍ഡ്രൂ ബാല്‍ബേർണി(Andrew Balbirnie). 

ഇന്ത്യന്‍ ടീമിന് പ്രശംസ 

ഏത് ഇന്ത്യന്‍ ടീമും അതിശക്തരെന്ന് ടി20 പരമ്പരയ്ക്ക് മുമ്പ് അയർലന്‍ഡ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബേർണി വ്യക്തമാക്കി. 'ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് എതിരാളിയായി കിട്ടുന്ന ഏത് ഇന്ത്യന്‍ ടീമും കരുത്തരായിരിക്കും. രണ്ട് ടീമുകളെ അണിനിരത്താന്‍ കഴിയുന്നത് ഇന്ത്യന്‍ ടീമിന്‍റെ കരുത്ത് കാട്ടുന്നു. ഒരേസമയം ടെസ്റ്റ് ടീമിനെയും ടി20 ടീമിനേയും ഇറക്കാന്‍ ഞങ്ങള്‍ക്കാവില്ല. അതിനുള്ള അംഗസംഖ്യ ഞങ്ങള്‍ക്കില്ല' എന്നും ആന്‍ഡ്രൂ ബാല്‍ബേർണി പരമ്പരയ്ക്ക് മുന്നോടിയായുള്ള വാർത്താസമ്മേളനത്തില്‍ പറഞ്ഞു. 

'കുറേ വർഷങ്ങളായി ഐപിഎല്‍ വിജയമാണ് എന്നതിനാല്‍ ഏറെ യുവതാരങ്ങള്‍ അവരുടെ പേരുകള്‍ ഇന്ത്യയുടെ ആദ്യ ഇലവനിലേക്ക് മുന്നോട്ടുവെക്കുകയാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് ഏറെ യുവതാരങ്ങള്‍ സ്ഥാനത്തിനായി മത്സരിക്കുന്നു. അതിനാല്‍ മികച്ച ഇന്ത്യന്‍ ടീമിനേയാണ് നേരിടേണ്ടത്. എങ്കിലും മികച്ച ഫലമുണ്ടാക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കും. എല്ലാ താരങ്ങളുടെയും മത്സരങ്ങള്‍ കാണാനാകും എന്നതാണ് ഐപിഎല്ലിന്‍റെ ഗുണം. ഐപിഎല്‍ സീസണില്‍ എല്ലാ ദിവസവും ത്സരങ്ങളുണ്ട്. ഈ ബൗളർമാരുടെയും ബാറ്റർമാരുടേയും ധാരാളം ദൃശ്യങ്ങള്‍ മുന്നിലുണ്ട്. അതിനാല്‍ ഒരുപാട് ഗൃഹപാഠം ചെയ്യാനാകും. ഞായറാഴ്ച മത്സരത്തിന് ഇറങ്ങും മുമ്പ് ഹോം വർക്കുകള്‍ ചെയ്യാനാകും എന്നാണ് പ്രതീക്ഷ. ദൃശ്യങ്ങളെല്ലാം കണ്ട് തന്ത്രങ്ങള്‍ നടപ്പാക്കാനാകും'- ആന്‍ഡ്രൂ ബാല്‍ബേർണി കൂട്ടിച്ചേർത്തു.  

പ്രതീക്ഷയോടെ സഞ്ജു സാംസണ്‍

ഞായറാഴ്ചയും ചൊവ്വാഴ്ചയുമായാണ് ഇന്ത്യ-അയര്‍ലന്‍ഡ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ ഇതിനകം അയർലന്‍ഡില്‍ എത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും ഇന്ത്യന്‍ ടീമിലെത്തിയത് സവിശേഷതയാണ്. ഈ വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നു എന്നതിനാല്‍ സഞ്ജു ഉള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്ക് നിർണായകമാണ് പരമ്പര. 

അയർലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.  

IRE vs IND : സഞ്ജു സാംസണ്‍, ഇതാണ് അവസരം; അയർലന്‍ഡില്‍ ടി20 മത്സരങ്ങള്‍ കാണാന്‍ ഗാംഗുലിയും

Follow Us:
Download App:
  • android
  • ios