
അബുദാബി: ടെസ്റ്റ് പദവി ലഭിച്ചശേഷമുള്ള അയര്‍ലന്‍ഡിന്‍റെ നീണ്ട കാത്തിരിപ്പിന് അവസാനം. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷം കളിച്ച എട്ടാം ടെസ്റ്റില്‍ തന്നെ ആദ്യ ജയവുമായി അയര്‍ലന്‍ഡ് ചരിത്രനേട്ടം കുറിച്ചു. അബുദാബിയില്‍ നടന്ന പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്താണ് അയര്‍ലന്‍ഡ് ആദ്യ ടെസ്റ്റ് ജയം ആഘോഷിച്ചത്. ആദ്യ ടെസ്റ്റ് ജയത്തിനായി ഏറ്റവും കുറവ് മത്സരങ്ങള്‍ കളിക്കുന്ന ആറാമത്തെ ടീമാണ് അയര്‍ലന്‍ഡ്. ഇന്ത്യ 25 മത്സരങ്ങള്‍ കളിച്ചശേഷമാണ് ആദ്യ ടെസ്റ്റ് ജയിച്ചത്. ഓസ്ട്രേലിയ(1), ഇംഗ്ലണ്ട്(2), പാകിസ്ഥാന്‍(2), അഫ്ഗാനിസ്ഥാന്‍(2), വെസ്റ്റ് ഇന്‍ഡീസ്(6) എന്നിവരാണ് ആദ്യ ജയത്തിനായി അയര്‍ലന്‍ഡിനെക്കാള്‍ ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച ടീമുകള്‍. ബംഗ്ലാദേശും(35), ന്യൂസിലന്‍ഡും(45) ആണ് ഇന്ത്യക്ക് പിന്നിലുള്ള ടീമുകള്‍.
രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 111 റണ്‍സ് അയര്‍ലന്‍ഡ് മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു. അര്‍ധസെഞ്ചുറിയുമായിയ പുറത്താകാതെ നിന്ന ക്യാപ്റ്റൻ ആന്‍ഡ്ര്യു ബാല്‍ബിറൈന്‍ ആണ് അയര്‍ലന്‍ഡിന്‍റെ വിജയശില്‍പി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 155, 218, അയര്‍ലന്‍ഡ് 263, 111-4. മാര്‍ക്ക് അഡയറാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്സില്‍ അഞ്ചും രണ്ടാം ഇന്നിംഗ്സില്‍ മൂന്നും അടക്കം എട്ട് വിക്കറ്റാണ് അഡയര്‍ മത്സരത്തില്‍ എറിഞ്ഞിട്ടത്.
ആ നാവ് പൊന്നാവട്ടെ, ഈ വര്‍ഷത്തെ ഐപിഎല്‍ ജേതാക്കളെ പ്രവചിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്
2018ല്‍ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് പാകിസ്ഥാനെതിരെ ആണ് ആദ്യം കളിച്ചത്. ആ മത്സരം തോറ്റ് തുടങ്ങിയ അയര്‍ലന്‍ഡ് അഫ്ഗാനെതിരെയും മുമ്പ് ടെസ്റ്റില്‍ തോറ്റിരുന്നു. മൂന്നാം ദിനം 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അയര്‍ലന്‍ഡ് 13-3ലേക്ക് കൂപ്പുകുത്തിയശേഷമാണ് ജയിച്ചു കയറിയത്. ഓപ്പണര്‍ പീറ്റര്‍ മൂറിനെയും കര്‍ട്ടിസ് കാംഫെറിനെയും പൂജ്യത്തിന് നഷ്ടമായ അവര്‍ക്ക് ഹാരി ടെക്റെയും(2) വൈകാതെ നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ പോള്‍ സ്റ്റെര്‍ലിങുമൊത്ത് കൂട്ടുകെട്ടുണ്ടാക്കാന്‍ ബാല്‍ബറൈന്‍ ശ്രമിച്ചെങ്കിലും സ്കോര്‍ 39ല്‍ നില്‍ക്കെ സ്റ്റിര്‍ലിങും(14) വീണതോടെ അയര്‍ലന്‍ഡ് പരാജയ മുനമ്പിലായി. വിക്കറ്റ് കീപ്പര്‍ ലോര്‍ക്കാന്‍ ടക്കർ(27) ബാല്‍ബറൈന് മികച്ച പിന്തുണ നല്‍കിയതോടെ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ അയര്‍ലന്‍ഡ് ഐതിഹാസിക വിജയം പിടിച്ചെടുത്തു.
നേരത്തെ 134-3 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സ് 218 റണ്‍സില്‍ അവസാനിച്ചിരുന്നു. 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദിയും 46 റണ്‍സെടുത്ത റഹ്മാനുള്ള ഗുര്‍ബാസും 32 റണ്‍സെടുത്ത നൂര്‍ അലി സര്‍ദ്രാനും മാത്രമെ അഫ്ഗാനായി പൊരുതിയുള്ളു. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയറും മാറി മക്കാര്‍ത്തിയും ക്രെയ്ഗ് യങും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ഏക ടെസ്റ്റാണിത്. ഈ മാസം ഏഴ് മുതല്‍ മൂന്ന് മത്സരങ്ങള്‍ വീതമടങ്ങിയ ഏകദിന, ടി20 പരമ്പരകളിലും ഇരു ടീമും ഏറ്റുമുട്ടും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക