ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് (+1.39) പാകിസ്ഥാനെക്കാൾ (-0.46) വളരെ മുന്നിലാണ്.

കൊളംബോ: ന്യൂസിലൻഡിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ട് വിജയിച്ചതോടെ ടി20 ലോകകപ്പിലെ പാകിസ്ഥാന്‍റെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചു. ഗ്രൂപ്പ് രണ്ടിൽ നിന്ന് ഗ്രൂപ്പ് ചാമ്പ്യൻമാരായി ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താൻ പാകിസ്ഥാനും ന്യൂസിലൻഡും തമ്മിലാണ് പ്രധാന മത്സരം. എന്നാൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മത്സരത്തിൽ കേവലം ഒരു ജയം മാത്രം പാകിസ്ഥാനെ സെമിയിലെത്തിക്കില്ല.

ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് (+1.39) പാകിസ്ഥാനെക്കാൾ (-0.46) വളരെ മുന്നിലാണ്. ഈ റൺറേറ്റ് മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ പാകിസ്ഥാന് ശ്രീലങ്കയ്ക്കെതിരെ അസാധ്യമായ പ്രകടനം പുറത്തെടുക്കേണ്ടി വരും. ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്താല്‍ പാകിസ്ഥാൻ കുറഞ്ഞത് 64 റൺസിനെങ്കിലും ശ്രീലങ്കയെ തോല്‍പിച്ചാല്‍ മാത്രമെ ന്യൂസിലൻഡിന്‍റെ നെറ്റ് റൺറേറ്റ് മറികടക്കാൻ പാകിസ്ഥാന് സാധിക്കൂ.

രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ ശ്രീലങ്ക ഉയർത്തുന്ന ലക്ഷ്യം വെറും 13.1 ഓവറിനുള്ളിൽ പാകിസ്ഥാൻ മറികടക്കണം. എന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ കിവീസിനെ മറികടക്കാനാവു. ചുരുക്കത്തിൽ, ഇംഗ്ലണ്ടിന്‍റെ കാരുണ്യത്തില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും ശ്രീലങ്കയ്ക്കെതിരെ വെറുമൊരു ജയം കൊണ്ട് പാകിസ്ഥാന് സെമിയിലെത്താനാവില്ല. ശ്രീലങ്കക്കെതിരെ പാകിസ്ഥാന്‍ പരാജയപ്പെടുകയോ ചെറിയ മാർജിനിൽ ജയിക്കുകയോ ചെയ്താലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ന്യൂസിലൻഡ് സെമിയിലേക്ക് മുന്നേറും. നേരത്തെ സെമി കാണാതെ പുറത്തായ ലങ്കക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടമാണ് പാകിസ്ഥാനെതിരെ.

ശനിയാഴ്ച നടക്കുന്ന പാകിസ്ഥാൻ-ശ്രീലങ്ക മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് സെമിയിൽ ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായിരിക്കും. നിലവിലെ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയായിരിക്കും പാകിസ്ഥാന്‍റെയോ ന്യൂസിലൻഡിന്‍റെയോ സെമി എതിരാളികൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക