
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ (Team India) മുഹമ്മദ് സിറാജ് (Mohammed Siraj) എന്ന പേസറെ സ്റ്റാറാക്കി മാറ്റിയത് നായകനായിരിക്കേ വിരാട് കോലിയാണ് (Virat Kohli). കോലിയുടെ പിന്തുണ കരിയറില്‍ നിര്‍ണായകമായി എന്ന് സിറാജ് തന്നെ സമ്മതിച്ച കാര്യമാണ്. സിറാജിനെ പോലെ മറ്റൊരു യുവ പേസര്‍ക്ക് പിന്തുണ നല്‍കാന്‍ ടീം ഇന്ത്യയും നായകന്‍ രോഹിത് ശര്‍മ്മയും തയ്യാറാവണം എന്ന് വാദിക്കുകയാണ് മുന്‍താരം ഇര്‍ഫാന്‍ പത്താന്‍ (Irfan Pathan). ഈ താരവും ഐപിഎല്ലില്‍ മികവ് തെളിയിച്ചിട്ടുള്ളയാളാണ്.
ടി20യില്‍ അടുത്തിടെ വിന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിക്കുകയും ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്‌തിട്ടുള്ള ആവേഷ് ഖാന്‍റെ പേരാണ് ഇര്‍ഫാന്‍ പത്താന്‍ പറയുന്നത്.
ആവേഷ് ഇനി ഐപിഎല്ലില്‍
'താരങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നത് പ്രധാനമാണ്. കാരണം രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ നല്ല ദിനങ്ങളേക്കാള്‍ മോശം ദിനങ്ങളാവും കൂടുതല്‍. മോശം ദിനങ്ങളുണ്ടാകുമ്പോള്‍ നായകനും ടീം മാനേജ്‌മെന്‍റും താരത്തെ പിന്തുണയ്‌ക്കേണ്ടത് പ്രധാനം. മുഹമ്മദ് സിറാജിനെ വിരാട് കോലി ഏറെ പിന്തുണച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നന്നായി പന്തെറിയുന്ന സിറാജിന്‍റെ ആത്മവിശ്വാസത്തിന് പിന്നില്‍ കോലിയാണെന്ന് ഞാന്‍ തറപ്പിച്ച് പറയും. അതേ, താരങ്ങള്‍ക്ക് പിന്തുണ വേണം. മുഹമ്മദ് സിറാജിനെ പോലെ പ്രതിഭാശാലിയായ ആവേഷ് ഖാന് ഇത്തരത്തില്‍ പിന്തുണ ലഭിക്കേണ്ടതുണ്ട്'- ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.
ഐപിപിഎല്‍ പതിനഞ്ചാം സീസണിലാണ് ആവേഷ് ഖാന്‍ ഇനി കളിക്കേണ്ടത്. ലീഗിലെ പുതിയ ടീമായ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ് 10.75 കോടി രൂപ മുടക്കിയാണ് ആവേഷിനെ സ്വന്തമാക്കിയത്. വിന്‍ഡീസിനെതിരെ അരങ്ങേറും മുമ്പായതിനാല്‍ മെഗാതാരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച അണ്‍ക്യാപ്‌ഡ് പ്ലെയറായി മാറിയിരുന്നു ആവേഷ്. 20 ലക്ഷം രൂപ മാത്രമായിരുന്നു ആവേഷിന്‍റെ അടിസ്ഥാന വില. 25കാരനായ ആവേഷ് ഐപിഎല്ലില്‍ 25 മത്സരങ്ങളില്‍ 29 വിക്കറ്റ് നേടിയിട്ടുണ്ട്. ടീം ഇന്ത്യക്കായി രണ്ട് ടി20കളില്‍ അത്രതന്നെ വിക്കറ്റാണ് സമ്പാദ്യം.
സിറാജ്, കോലിയുടെ സംഭാവന
മുഹമ്മദ് സിറാജിനെ ഇന്ത്യന്‍ ക്രിക്കറ്റിലെ പേസ് ശക്തികളിലൊന്നാക്കി മാറ്റിയത് ക്യാപ്റ്റനായിരിക്കേ വിരാട് കോലിയായിരുന്നു. ഐപിഎല്ലില്‍ തന്‍റെ കീഴില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ കളിച്ച സിറാജിന്‍റെ പ്രതിഭ കോലിക്ക് വ്യക്തമായി അറിയാമായിരുന്നു. തുടക്കത്തില്‍ ടി20 ക്രിക്കറ്റില്‍ മാത്രമാണ് സിറാജ് കളിച്ചത്. എന്നാല്‍ മികച്ച പ്രകടനമൊന്നും താരത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പക്ഷേ, ടെസ്റ്റില്‍ സിറാജ് ഒരു മുതല്‍കൂട്ട് തന്നെയായിരുന്നു. 2020ല്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറിയ ശേഷം സിറാജിന് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ഇരുപത്തിയേഴുകാരനായ മുഹമ്മദ് സിറാജ് 12 ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും അഞ്ച് രാജ്യാന്തര ടി20കളിലും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 36ഉം ഏകദിനത്തിലും ടി20യിലും അഞ്ച് വീതവും വിക്കറ്റാണ് പേരിലുള്ളത്. ഐപിഎല്ലില്‍ 50 മത്സരങ്ങളില്‍ അമ്പത് വിക്കറ്റും സ്വന്തം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!