ബിസിസിഐ അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി.
മുംബൈ : ബിസിസിഐ അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. എട്ട് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 43.2 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 27-ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ബാറ്റിങ് നിരയുടെ സമ്പൂര്‍ണ്ണ പരാജയമാണ് കേരളത്തിന് തിരിച്ചടിയായത്. മികച്ച ഇന്നിങ്‌സുകളോ കൂട്ടുകെട്ടുകളോ പടുത്തുയര്‍ത്താന്‍ കേരള ബാറ്റര്‍മാര്‍ക്കായില്ല. കേരളം - 43.2 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ട്. ആന്ധ്ര - 27 ഓവറില്‍ രണ്ട് വിക്കറ്റിന് 109
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ആറ് റണ്‍സെടുത്ത ലെക്ഷിത ജയന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ഏഴ് റണ്‍സെടുത്ത ശ്രേയ പി സിജുവിനും അധികം പിടിച്ചു നില്ക്കാനായില്ല. എന്നാല്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ നഷ്ടപ്പെട്ട മൂന്ന് വിക്കറ്റുകളാണ് കേരളത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയായിരുന്ന ആര്യനന്ദ 20ഉം ശ്രദ്ധ സുമേഷ് ആറും അഷിമ ആന്റണി പൂജ്യത്തിനും പുറത്തായി.
തുടര്‍ന്നെത്തിയവരില്‍ 11 റണ്‍സെടുത്ത മനസ്വിയ്ക്കും 19 റണ്‍സെടുത്ത നിയ നസ്‌നീനും മാത്രമാണ് രണ്ടക്കം കടക്കാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ ബി എസ് ദീപ്തിയാണ് ആന്ധ്ര ബൗളിങ് നിരയില്‍ തിളങ്ങിയത്. തമന്ന, റിഷിക കൃഷ്ണന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 27ആം ഓവറില്‍ ലക്ഷ്യത്തിലെത്തി. ആന്ധ്രയ്ക്ക് വേണ്ടി സേതു സായ് 33ഉം കൗശല്യ ഭായ് 21ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു.

