
ട്രംപ് കാര്‍ഡ് ട്രാവിസ് ഹെഡിന്റെ വിക്കറ്റ് നഷ്ടമായിരിക്കുന്നു. എങ്കിലും അഭിഷേക് ശര്‍മയുടെ സിക്സില്‍ ആസ്വദിച്ചിരിക്കുകയായണ് ഹൈദരാബാദിലെ കാണികള്‍. നിര്‍ണായക മത്സരമാണ്, ഒരുനിമിഷം പോലും കൈവിട്ടുകളയാൻ സണ്‍റൈസേഴ്സിനാകില്ല. അപ്പോഴാണ് കാണികളേയും കളത്തിലുള്ളവരേയും കണ്‍ഫ്യൂഷനിലാക്കിയ ആ നിമിഷമുണ്ടാകുന്നത്.
ദീപക് ചഹറിന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത്. സ്ട്രൈക്ക് എൻഡില്‍ ഇഷാൻ കിഷൻ. ലെഗ് സൈഡിലേക്ക് സ്വിങ് ചെയ്ത് എത്തിയ ലെങ്ത് ബോള്‍ ഫൈൻ ലെഗിലേക്ക് തട്ടിയിടാനുള്ള ശ്രമം ഇഷാൻ നടത്തി. എന്നാല്‍, പന്ത് കൃത്യമായി കണക്ട് ചെയ്യാൻ ഇഷാന് കഴിഞ്ഞില്ല. വിക്കറ്റ് കീപ്പര്‍ റിയാൻ റിക്കല്‍ട്ടണ്‍ പന്ത് കളക്റ്റ് ചെയ്തു. ഇവിടെ വരെ എല്ലാം സാധാരണമായിരുന്നു.
പിന്നാലെ അമ്പയര്‍ വിനോദ് ശേഷൻ വൈഡ് വിളിക്കുന്നതിനായി തന്റെ വലത് കൈ പാതി ഉയര്‍ത്തി. അപ്പോഴാണ് ഇഷാൻ കിഷൻ ഡഗൗട്ട് ലക്ഷ്യമാക്കി നടന്നുതുടങ്ങിയത്. റിക്കല്‍ട്ടണോ ചഹറോ അപ്പീല്‍ നടത്തിയിരുന്നില്ല. ഹാര്‍ദിക്ക് പാണ്ഡ്യയുടെ ഭാഗത്തുനിന്നൊരു പാതി അപ്പീലുണ്ടായെന്ന് മാത്രം. എന്നാല്‍, അമ്പയര്‍ ശേഷനെ വീണ്ടും കണ്‍ഫ്യൂഷനാക്കി ഇഷാൻ. ശേഷൻ വൈഡ് വിളിക്കാനാരംഭിച്ചതോടെ വീണ്ടും ക്രീസിലേക്ക് മടങ്ങിയെത്താൻ ഇഷാൻ ഒരു ശ്രമം നടത്തി.
പക്ഷേ, ശേഷൻ വിക്കറ്റ് സിഗ്നല്‍ നല്‍കിയതോടെ ഇഷാൻ ഡഗൗട്ടിലേക്ക് തന്നെ മടങ്ങി. ഫെയര്‍പ്ലെയ്ക്ക് ഇഷാന് ഹാര്‍ദിക്കിന്റെ വക അഭിനന്ദനം. രണ്ട് പന്തുകള്‍ക്ക് ശേഷം ഹൈദരാബാദിലെ കൂറ്റൻ സ്ക്രീനില്‍ റീപ്ലെ വന്നു. പന്തും ബാറ്റും തമ്മില്‍ കോണ്‍ടാക്റ്റില്ലെന്ന് അള്‍ട്ര എഡ്ജ് ശരിവെച്ചു. കമന്ററി ബോക്സില്‍ നിന്ന് വന്ന വാചകം ഇതായിരുന്നു. ഇഷാൻ കിഷൻ, വാട്ട് ഹാവ് യു ഡണ്‍. ക്രിക്കറ്റ് ലോകം ഒന്നടങ്കം ആ ചോദ്യം ചോദിക്കുകയാണ്. ഇഷാന്റെ മുഖത്തും ആ ഞെട്ടലുണ്ടായിരുന്നു.
രണ്ടാമത് ക്രീസിലേക്ക് മടങ്ങാനുള്ള ശ്രമം ഇഷാൻ നടത്തിയിരുന്നുവെന്ന് ഓര്‍ക്കണം. സ്വഭാവികമായും ഹാഫ് മൈൻഡിലായിരിക്കണം താരം അപ്പോള്‍. മറുവശത്തുണ്ടായിരുന്ന അഭിഷേകിന്റെ ഉപദേശം തേടാൻ തയാറായില്ല. എന്തുകൊണ്ട് ഒരു റിവ്യൂവിന് ഇഷാൻ ശ്രമിച്ചില്ല. പ്രത്യേകിച്ചും മുംബൈ താരങ്ങള്‍ അപ്പീലുപോലും നടത്താൻ തയറാകാത്ത സാഹചര്യം മുന്നിലുണ്ടായിട്ടും.
ഇതിന് സമാനമായി ലെഗ് സൈഡിലേക്ക് ഷോട്ടിന് ശ്രമിച്ച് ഇഷാൻ സീസണില്‍ നേരത്തയും പുറത്തായിട്ടുണ്ട്. ഫോമില്ലായ്മ ഒരു താരത്തിന്റെ ആത്മവിശ്വാസത്തെ എത്തരത്തില്‍ ബാധിക്കുമെന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു മൈതാനത്തുണ്ടായത്. ബ്രെയിൻഫേഡ് മൊമന്റ്. ക്രീസിലെ ഇഷാന്റെ നിരുത്തരവാദിത്തത്തിന് ഹൈദരാബാദ് കൊടുക്കേണ്ടി വന്നത് ഒരു മത്സരം തന്നെയാണ്.
ഇഷാന് പിന്നാലെ തന്നെ അഭിഷേകും നിതീഷ് റെഡ്ഡിയും വൈകാതെ അനികേത് വര്‍മയും മുംബൈയുടെ കൃത്യതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ വീണു. 35-5 എന്ന സ്കോറിലേക്ക് കൂറ്റനടിക്ക് പേരുകേട്ട ബാറ്റിംഗ് നിര കൂപ്പുകുത്തി. ബ്രെയിൻലെസ് ബാറ്റിംഗ് എന്നാണ് സണ്‍റൈസേഴ്സ് മുൻനിരയുടെ പ്രകടനത്തെ പലരും വിശേഷിപ്പിച്ചത്.
ഹെഡിന്റേയും അഭിഷേകിന്റേയും ആക്രമണ ബാറ്റിംഗിന് തുടര്‍ച്ചയുണ്ടാക്കാൻ ഹൈദരാബ് നിയോഗം നല്‍കിയത് ഇഷാനായിരുന്നു. ഗംഭീരമായിരുന്നു ഓറഞ്ച് ജഴ്സിയിലെ ലോഞ്ച്. രാജസ്ഥാൻ റോയല്‍സ് ബൗളിംഗ് നിരയെ നിലംപരിശാക്കിയായിരുന്നു തുടക്കം. 47 പന്തില്‍ 106 റണ്‍സ്. അന്ന് ഇഷാന്റെ സ്ട്രോക്ക്പ്ലെ കണ്ട് മതിമറന്ന ആരാധകര്‍ മുംബൈയെ കുറ്റപ്പെടുത്തി. എന്തിന് ഇഷാനെ വിട്ടുകളഞ്ഞുവെന്ന ചോദ്യം അവര്‍ക്ക് നേരെ എത്തി.
പക്ഷേ, പിന്നീട് ഇഷാന്റെ ബാറ്റില്‍ നിന്ന് കാര്യമായ സംഭാവന ഹൈദരാബാദ് സ്കോര്‍കാര്‍ഡിനുണ്ടായിട്ടില്ല. സെഞ്ച്വറിക്ക് പിന്നാലെ കളിച്ച ഏഴ് ഇന്നിങ്സുകളില്‍ നിന്ന് ആകെ നേടിയത് 33 റണ്‍സാണ്. ഗുജറാത്തിനെതിരെ നേടിയ 17 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഒറ്റക്ക സ്കോറുകളാണെന്നത് ഇഷാന്റെ ഗ്രാഫ് താഴേക്കാണ് സഞ്ചരിക്കുന്നതെന്ന് തെളിയിക്കുന്നു.
ഇഷാന്റെ പ്രകടനത്തിന്റെ വലിയൊരു വേര്‍ഷനായി പരിണമിച്ചിരിക്കുകയാണ് ഹൈദരാബാദും. എട്ട് കളികളില്‍ നിന്ന് ആറ് തോല്‍വിയും രണ്ട് ജയവും മാത്രം. പട്ടികയില്‍ ഒൻപതാം സ്ഥാനത്ത്. ഇനി അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മാത്രമാണ് ഹൈദരാബാദിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാൻ സാധിക്കുക.