
റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് കളിച്ച് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാമെന്ന മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ നിര്‍ദേശം ഇതുവരെ സ്വീകരിക്കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഇഷാന്‍ കിഷന്‍ രഞ്ജി കളിക്കാന്‍ സജ്ജമെന്ന് ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ ഇതുവരെ അറിയിച്ചിട്ടില്ല. ഇതോടെ ഇന്ത്യന്‍ ടീമില്‍ ഇഷാന്‍റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ട്വന്‍റി 20 പരമ്പരയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ മാനസിക തളർച്ച ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങിയത്. ഇതിന് ശേഷം അഫ്‌ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ പേരുണ്ടായിരുന്നില്ല. 'ഇഷാൻ സെലക്ഷന് ലഭ്യമായിരുന്നില്ല. വിശ്രമം കഴിഞ്ഞാൽ ഇഷാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ടീമിലേക്ക് തിരികെയെത്തും' എന്നും ഇന്ത്യ-അഫ്‌ഗാന്‍ ടി20 പരമ്പരയ്ക്ക് മുമ്പായി ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രഞ്ജി ട്രോഫി സീസണിലെ രണ്ടാം മത്സരത്തില്‍ കളിക്കാന്‍ ഇഷാന്‍ ഇതുവരെ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
'ഇല്ല, ഇഷാന്‍ കിഷന്‍ ഇതുവരെ ഞങ്ങളെ സമീപിക്കുകയോ കളിക്കാന്‍ സജ്ജമാണ് എന്ന് അറിയിക്കുകയോ ചെയ്‌തിട്ടില്ല. കളിക്കാന്‍ എപ്പോഴാണോ തയ്യാറാവുക, അപ്പോള്‍ ഇഷാന് നേരിട്ട് പ്ലേയിംഗ് ഇലവനിലെത്താം' എന്നും ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ദേബാശിഷ് ചക്രബര്‍ത്തി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇരുപത്തിയഞ്ചുകാരനായ ഇഷാൻ കിഷന്‍ രണ്ട് ടെസ്റ്റിൽ 78 റൺസും 27 ഏകദിനത്തിൽ 933 റൺസും 32 ട്വന്‍റി 20യിൽ 796 റൺസും ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഇഷാന്‍റെ പകരക്കാരനായി സഞ്ജു സാംസണ് കൂടുതല്‍ അവസരം സെലക്ടര്‍മാര്‍ നല്‍കിയേക്കും. ദക്ഷിണാഫ്രിക്കയില്‍ നേടിയ ഏകദിന സെഞ്ചുറി സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താന്‍ മുതല്‍ക്കൂട്ടാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ടി20 ടീമിലേക്ക് മടങ്ങിയെത്തിയതോടെ മുന്‍നിരയില്‍ ഇഷാന് ഇനി അവസരമില്ല. ട്വന്‍റി 20 വിക്കറ്റ് കീപ്പറായി സ്ഥാനമുറപ്പിക്കാന്‍ സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മ്മ കൂടിയുണ്ട് എന്നതും കിഷന് വെല്ലുവിളിയാണ്. മറ്റ് ഫോര്‍മാറ്റുകളിലും ഇഷാന്‍റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. കെ എല്‍ രാഹുലാണ് നിലവിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറെങ്കില്‍ പരിക്ക് മാറി റിഷഭ് പന്ത് തിരികെയെത്താനുമുണ്ട്.
Read more: ദ്രാവിഡ് പറഞ്ഞത് പെരുംനുണയോ; ഇഷാന്‍ കിഷനെതിരെ അച്ചടക്ക നടപടി തന്നെ? അതൃപ്തി പുകഞ്ഞ് ബിസിസിഐ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം