ഇഷാന്‍ കിഷനെ എവിടെ കളിപ്പിക്കും, തലവേദന ഒഴിയാതെ രോഹിത് ശര്‍മ

By Web TeamFirst Published Jan 17, 2023, 12:52 PM IST
Highlights

ബംഗ്ലാദേശിനെതിരെ ഓപ്പണറായാണ് ഇഷാന്‍ ഡബിള്‍ സെഞ്ചുറി തികച്ചത്. എന്നാല്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളിലും ഇഷാന്‍ കിഷന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്.

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് നാളെ തുടക്കമാകുമ്പോള്‍ സുഖമുള്ളൊരു തലവേദനയിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ അതിവേഗ ഡബിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട ഇഷാന്‍ കിഷനെ പ്ലേയിംഗ് ഇലവനില്‍ എവിടെ കളിപ്പിക്കുമെന്നതാണ് രോഹിത്തിന്‍റെ തലവേദന.

ബംഗ്ലാദേശിനെതിരെ ഓപ്പണറായാണ് ഇഷാന്‍ ഡബിള്‍ സെഞ്ചുറി തികച്ചത്. എന്നാല്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങളിലും ഇഷാന്‍ കിഷന് പകരം ശുഭ്മാന്‍ ഗില്ലിനെയാണ് ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയും അവസാന മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയും നേടിയ ഗില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നതിനാല്‍ ന്യൂസിലന്ഡിനെതിരായ പരമ്പരക്കുള്ള ടീമിലില്ല. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ കഴിയുമെങ്കിലും എവിടെ കളിപ്പിക്കുമെന്നതാണ് വലിയ ചോദ്യം.

അടുത്ത മത്സരത്തില്‍ ടീമിലുണ്ടാവുമെന്ന് ആര്‍ക്കും ഉറപ്പില്ല; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഉത്തപ്പ

ഇഷാനെ ഓപ്പണറാക്കണമെങ്കില്‍ ഗില്ലിനെ പുറത്തിരുത്തുകയോ വണ്‍ ഡൗണായി ഇറക്കുകയോ ചെയ്യേണ്ടിവരും.  മൂന്നാം നമ്പറില്‍ കഴിഞ്ഞ നാലു മത്സരത്തില്‍ മൂന്ന് സെഞ്ചുറി നേടിയ വിരാട് കോലിയെ നാലാം നമ്പറിലിറക്കിയുള്ള പരീക്ഷണത്തിനും സാധ്യത കുറവാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടാന്‍ കഴിയാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് പകരം കിഷനെ കളിപ്പിക്കുക എന്ന സാധ്യതയാണ് രോഹിത്തിന് മുന്നിലുള്ള മറ്റൊരു വഴി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് ശ്രേയസ്.

അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആറാമനായി ഹാര്‍ദ്ദിക്കും എത്തിയേക്കും. ഈ അവസരത്തില്‍ രോഹിത്തിനൊപ്പം കിഷനെ ഒപ്പണറാക്കുകയോ സൂര്യകുമാറിനെയോ ശ്രേയസിനെയോ തഴഞ്ഞ് കിഷനെ മധ്യനിരയില്‍ കളിപ്പിക്കുകയോ ചെയ്യുക എന്നത് മാത്രമാണ് രോഹിത്തിന് മുന്നിലുള്ള വഴി.

click me!